Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് ഇന്ന് 449 പേര്‍ക്ക് കൊവിഡ്; സമ്പർക്ക രോഗികളുടെ എണ്ണം കുതിച്ചുയരുന്നു

കോഴിക്കോട് നന്മണ്ട സ്വദേശി സിജിലേഷ് അടക്കം മൂന്ന് പേരാണ് സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച് മരിച്ചത് 

covid 19 keralam update pinarayi vijayan press meet
Author
Trivandrum, First Published Jul 13, 2020, 6:04 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 449 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി സംസ്ഥാനത്ത് നാനൂറിലധികം കേസുകൾ പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. സമ്പർക്കരോഗികളുടെ എണ്ണവും കുതിച്ചുയരുകയാണ്. 

വിദേശത്ത് നിന്ന് എത്തിയ 140 പേർക്ക് രോഗം സ്ഥിരീകരിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ 64 പേർക്ക് രോഗം സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 144 പേർക്കാണ് രോഗം വന്നത്. ഇതിൽ 18 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. രോഗമുക്തി നേടിയത് 162 പേരാണ്. ആരോഗ്യപ്രവർത്തകർ 5, ബിഎസ്ഇ 10, ബിഎസ്എഫ് 1, ഇന്തോ ടിബറ്റൻ ബോർഡർ ഫോഴ്സ് 77, ഫയർഫോഴ്സ് 4, കെഎസ്ഇ 3.

സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണങ്ങൾ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊല്ലം ജില്ലയിലെ 74 വയസ്സുള്ള ത്യാഗരാജൻ, കണ്ണൂ‍ർ ജില്ലയിലെ 64 വയസ്സുള്ള അയിഷ എന്നിവരാണ് മരിച്ചത്.

ഫലം പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്. ആലപ്പുഴ 119, തിരുവനന്തപുരം 63, മലപ്പുറം 47, പത്തനം തിട്ട 47, കണ്ണൂർ 44, കൊല്ലം 33, പാലക്കാട് 19, കോഴിക്കോട് 16, എറണാകുളം 15, വയനാട് 14, കോട്ടയം 10, തൃശ്ശൂർ കാസർകോട് 9, ഇടുക്കി 4.

കഴിഞ്ഞ 24 മണിക്കൂറിൽ 12230 സാമ്പിളുകൾ പരിശോധിച്ചു. 1, 80, 594 പേരാണ് നിരീക്ഷണത്തിലുള്ളത്. 4376 പേർ ആശുപത്രികളിലുണ്ട്. ഇന്ന് 713 പേരെയാണ് ആശുപത്രിയിലാക്കിയത്. ഏറ്റവും കൂടുതൽ പേരെ ആശുപത്രിയിലാക്കിയത് ഇന്നാണ്.ഇതുവരെ 2,44,388 സാമ്പിളുകൾ അയച്ചു. ഇതിൽ 5407 സാമ്പിളുകളുടെ ഫലം വരാനുണ്ട്. കൂടാതെ, സെന്‍റിനൽ സർവൈലൻസ് വഴി 78,002 സാമ്പിളുകൾ ശേഖരിച്ചു. ഇതിൽ 74,676 സാമ്പിളുകൾ നെഗറ്റീവായി. ഹോട്ട്സ്പോട്ടുകളുടെ എണ്ണം 223 ആയി.

തിരുവനന്തപുരം നഗരത്തിലെ മാണിക്യവിളാകം, പൂന്തുറ, പുത്തൻപള്ളി വാർഡുകളും ചവറ, പന്മന, പട്ടണക്കാട്, ചേർത്തല സൗത്ത്, മാരാരിക്കുളം നോർത്ത്, ഓടംതുരുത്ത്, കുത്തിയതോട്, തുറവൂർ, ആറാട്ട് പുഴ, ചെല്ലാനം, പെരുമ്പടപ്പ്, വെളിയങ്കോട് പഞ്ചായത്തുകളും പൊന്നാനി, താനൂർ മുൻസിപ്പാലിറ്റികളിലും ട്രിപ്പിൾ ലോക്ക്ഡൗൺ വരും. തീരപ്രദേശങ്ങളിലെ രോഗവ്യാപനം തടയാൻ പ്രത്യേക ആക്ഷൻ പ്ലാനുണ്ടാകും. രണ്ട് ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകളടക്കം 51 ക്ലസ്റ്ററുകൾ സംസ്ഥാനത്തുണ്ട്. ഇവിടങ്ങളിൽ സമ്പർക്കവും രോഗബാധയും കണ്ടെത്താനുള്ള ശ്രമം നടക്കുന്നു.

സമൂഹത്തിലെ വിവിധ മേഖലകളിലെ നേതാക്കളെ ഉൾപ്പെടുത്തി ജനങ്ങളുടെ സഹകരണം തേടി മികച്ച ക്വാറന്‍റൈൻ നടപ്പാക്കാനാണ് ശ്രമം. ജനകീയപ്രതിരോധം രോഗം ചെറുക്കാൻ വേണം. ചിലർ ഇത് ഗൗരവത്തിലെടുക്കുന്നില്ല. തദ്ദേശസ്ഥാപനങ്ങൾ നന്നായി പ്രവർത്തിക്കുന്നു. ചില മേഖലകളിൽ മടുപ്പ് വരുന്നുണ്ട്. വോളണ്ടിയർമാരെ അടക്കം പ്രോത്സാഹിപ്പിക്കണം. കൂടുതൽ വോളണ്ടിയർമാരെ ആവശ്യമുണ്ട്. രോഗികളുടെ വർദ്ധന ഇനിയും കൂടിയാൽ വല്ലാതെ പ്രയാസപ്പെടും.

റിവേഴ്സ് ക്വാറന്‍റീൻ വേണ്ടവർക്ക് ഐസിയു, വെന്‍റിലേറ്റർ അടക്കം സൗകര്യങ്ങൾ ഇല്ലാതെ പോകും. ആരോഗ്യവകുപ്പ് അതിനുള്ള സജ്ജീകരണങ്ങൾ ഒരുക്കുകയാണ്. ചികിത്സയുടെ കാര്യത്തിൽ ആരോഗ്യവകുപ്പിന് എല്ലാ വകുപ്പുകളുടെയും പിന്തുണ ഉറപ്പാക്കും. രോഗമുക്തരായവരിൽ സന്നദ്ധതയുള്ളവരെ ആരോഗ്യസന്ദേശപ്രചാരകരാക്കും. ഫസ്റ്റ്‍ലൈൻ ട്രീറ്റ്‍മെന്‍റ് സെന്‍ററുകൾ പെട്ടെന്ന് തന്നെ തയ്യാറാക്കി റിക്രൂട്ട്മെന്‍റ് പെട്ടെന്ന് നടത്തും.

തീരമേഖലയിലെ വിഷയങ്ങളാണ് കുറേനേരം ഇന്നലെ സംസാരിച്ചു. പൂന്തുറയിൽ ഇന്നലെ അവിടെ കണ്ട രംഗം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തല്ലോ. ആരോഗ്യപ്രവർത്തകരെ പുഷ്പവൃഷ്ടി നടത്തി സ്വീകരിച്ചു. തെറ്റിദ്ധാരണ തിരുത്തിയ ആ കാഴ്ച പൂന്തുറയിലെ ജനങ്ങളുടെ ഉയർന്ന ബോധത്തെയാണ് കാണിക്കുന്നത്. അവരെ അഭിവാദ്യം ചെയ്യുന്നു. സംസ്ഥാനത്ത് കൊവിഡ് ഉയർത്തുന്ന ഭീഷണി ശക്തമാവുകയാണ്. നമ്മളിത് വരെ പിന്തുടർന്ന പ്രവർത്തനങ്ങൾക്ക് തുടർച്ചയുണ്ടാകണം. 

കേരളം ഇത് വരെ സ്വീകരിച്ച മാതൃക ഫലപ്രദമാണ്. ഇത്തരം പകർച്ചവ്യാധികൾക്കെതിരെയുള്ള പ്രവ‍ർത്തനങ്ങളുടെ ഫലപ്രാപ്തി വിലയിരുത്തുന്നത് നാല് സങ്കേതങ്ങൾ ഉപയോഗിച്ചാണ്. ഒന്ന് മരണനിരക്ക്, രണ്ട് രോഗവ്യാപനം, മൂന്ന് ടെസ്റ്റിംഗ്, നാല് രോഗമുക്തി. കേരളത്തിലെ മരണനിരക്ക് പരിശോധിച്ചാൽ നമ്മുടെ പ്രവ‍ർത്തനങ്ങൾ മെച്ചപ്പെട്ടതാണെന്ന് മനസ്സിലാകും. നൂറ് കേസുകളിൽ എത്ര മരണമുണ്ടായി എന്ന കണക്ക് ലോകശരാശരി 4. 38 ശതമാനമാണ്. ഇന്ത്യയിലെ ശരാശരി 2.67 ശതമാനമാണ്. കർണാടകയിലേത് 1.77 ശതമാനമാണ്. തമിഴ്നാട്ടിൽ 1.42 ശതമാനം. മഹാരാഷ്ട്രയിൽ 4.16 ശതമാനം. കേരളത്തിന്‍റെ മരണനിരക്ക് .39 ശതമാനമാണ്.

ഒരു ദിവസത്തിൽ എത്ര മരണങ്ങൾ എന്നതും പരിശോധിക്കാം. ജൂലൈ 12-ലെ കണക്ക് പ്രകാരം കർണാടകയിൽ മരിച്ചത് 71 പേരാണ്. തമിഴ്നാട്ടിൽ 68 പേ‍ർ മരിച്ചു. മഹാരാഷ്ട്രയിൽ 173 പേർ മരിച്ചു. കേരളത്തിൽ ആ ദിവസം ഉണ്ടായത് 2 മരണങ്ങളാണ്. പത്ത് ലക്ഷത്തിൽ എത്ര പേർ മരിച്ചു എന്നത് നോക്കിയാൽ കേരളത്തിൽ അത് .9 ആണ്. ഇന്ത്യയിൽ 17.1 ആണ് ഡെത്ത് പെർ മില്യൺ. കർണാടകയിൽ 11.3, തമിഴ്നാട്ടിൽ 27.2, മഹാരാഷ്ട്രയിൽ 94.2.

വളരെ മികച്ച രീതിയിൽ കൊവിഡ് മരണം തടയാനായി. ഇത് എന്തെങ്കിലും മേൻമ തെളിയിക്കാനല്ല. കേരളത്തിലെ കൊവിഡ് പ്രതിരോധത്തെക്കുറിച്ച് തെറ്റായ പ്രചാരണങ്ങളുണ്ട്.ടെസ്റ്റുകൾ വേണ്ടത്രയില്ല എന്നതാണ് ഒരു പരാതി. പല തവണ ഇതിന് മറുപടി തന്നതാണ്. ടെസ്റ്റിന്‍റെ എണ്ണം കൂട്ടണം. ടെസ്റ്റ് പര്യാപ്തത പരിശോധിക്കുന്നത് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്, ടെസ്റ്റ് പെർ മില്യൺ v/s കേസ് പെർ മില്യൺ എന്നിവ വച്ചാണ്. നൂറ് ടെസ്റ്റുകൾ ചെയ്യുമ്പോൾ എത്ര പോസിറ്റീവ് എന്നതാണ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്. ആവശ്യത്തിന് ടെസ്റ്റ് നടത്തുമ്പോൾ ടെസ്റ്റ് പോസിറ്റിവിറ്റി കുറഞ്ഞിരിക്കും.

രോഗവ്യാപനം നടക്കുന്നുണ്ടോ എന്നറിയാൻ ആവശ്യമായ രീതിയിൽ ടെസ്റ്റ് നടത്താതിരിക്കുമ്പോഴാണ് പോസിറ്റിവിറ്റി റേറ്റ് കൂടുന്നത്. കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ലോകത്തെ തന്നെ മികച്ചതാണ്. നിലവിൽ 2.27 ശതമാനമാണിത്. അൽപനാൾ മുമ്പ് വരെ 2 ശതമാനത്തിലും താഴെയായിരുന്നു ഇത്. എന്നാൽ ഇന്ത്യയിലെ ശരാശരി ടെസ്റ്റ് പോസിറ്റീവ് റേറ്റ് 7.46 ശതമാനമാണ്.

കർണാടകയിൽ 4.53, തമിഴ്നാട്ടിൽ 8.57, മഹാരാഷ്ട്ര 19.25, തെലങ്കാനയിൽ 20.6 എന്നിങ്ങനെയാണിത്. ഒരു പോസിറ്റീവ് കേസിന് ആനുപാതികമായി എത്ര ടെസ്റ്റുകൾ ചെയ്യുന്നു എന്നതിന്‍റെ സൂചനയാണ് ടെസ്റ്റ് പെർ മില്യൺ v/s കേസ് പെർ മില്യൺ. 50-ന് മുകളിൽ ഇത് സൂക്ഷിക്കുന്നതാണ് അഭികാമ്യം. കേരളത്തിന്‍റെ ടെസ്റ്റ് പെർ മില്യൺ v/s കേസ് പെർ മില്യൺ ഇപ്പോൾ 44 ആണ്. അതായത് ഒരു പോസിറ്റീവ് കേസിന് ഇവിടെ മിനിമം 44 ടെസ്റ്റുകൾ ചെയ്യുന്നുണ്ട്. ഒരാഴ്ച മുമ്പ് വരെ നമുക്കത് 50-ന് മുകളിൽ നിർത്താൻ കഴിഞ്ഞിരുന്നു. പോസിറ്റീവ് കേസുകൾ കൂടിയതിനാൽ ടെസ്റ്റുകൾ കൂട്ടും.

ടെസ്റ്റിംഗിലും നമ്മൾ മുന്നിൽത്തന്നെയാണ്. ഏത് ശാസ്ത്രീയമാനദണ്ഡങ്ങളിലും നമ്മൾ മുന്നിലാണ്. കൊവിഡ് പ്രതിരോധത്തിൽ ലോകത്തിന്‍റെ അംഗീകാരം നമുക്ക് കിട്ടി. അത് നിലനിർത്താനാണ് ആരോഗ്യപ്രവർത്തകരും സർക്കാരും ശ്രമിക്കുന്നത്. ഇത് മനസ്സിലാകാതെ വിമർശിക്കുന്നവർ കാര്യങ്ങൾ പഠിക്കണം. ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കരുത്. വിദഗ്ധോപദേശം അത്തരക്കാർ സ്വീകരിക്കണം.

Follow Us:
Download App:
  • android
  • ios