കൊല്ലം: പുനലൂരിൽ ആശുപത്രിയില്‍ നിന്നും ഡിസ്ചാർജ് ചെയ്ത അച്ഛനെ യുവാവിന് ഒരുകിലോമിറ്ററോളം ചുമലിലേറ്റി നടക്കേണ്ടി വന്നു. വാഹനത്തിൽ രേഖകൾ ഇല്ലെന്ന് ആരോപിച്ച് പൊലീസ് വാഹനം കടത്തി വിടാതിരുന്നതിനെ തുടർന്നാണ് മകൻ അച്ഛനെ ചുമന്ന് നടന്നത്. സംഭവത്തെ കുറിച്ചു ഉന്നത പോലീസ് ഉദ്യാഗസ്ഥർ അന്വേഷണം തുടങ്ങി

ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. നാല് ദിവസം മുൻപാണ് കുളത്തുപ്പുഴ സ്വദേശിയായ വൃദ്ധനെ ചികിത്സക്കായി പുനലൂർ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. ചികിത്സ പൂർത്തിയായി ഇന്ന് രാവിലെ ഡിസ്ചാർജ് ചെയ്തു. വൃദ്ധനെ വീട്ടില്‍ കൊണ്ടുപോകാൻ മകൻ ഓട്ടോറിക്ഷയുമായി എത്തിയെങ്കിലും വാഹനം ആശുപത്രിയിലേക്ക് കടത്തിവിട്ടിലെന്നാണ് പരാതി. തുടർന്ന് വൃദ്ധനായ അച്ഛനെയും ചുമലില്‍ ഏറ്റി കടുത്ത ചൂടില്‍ ഏണ്ണൂറ് മിറ്ററോളം നടന്ന്  വാഹനത്തില്‍ എത്തിക്കേണ്ടി വന്നു.

കുളത്തുപ്പുഴ പൊലിസിന്‍റെ അനുമതിവാങ്ങിയാണ് ഒട്ടോറിക്ഷയുമായി പുനലൂരില്‍ എത്തിയതെന്നും എന്നാല്‍ പുനലൂരില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് കടത്തിവിട്ടില്ലന്നാണ് പരാതി. അശുപത്രിയില്‍ നിന്നും ഡിസ്ചാർഡ് രോഗിയെ കൊണ്ട് പോകാൻ വാഹനം കടത്തിവിടണമെന്ന ആവശ്യവുമായി ആരും സമിപിച്ചില്ലെന്ന് പൂനലൂർ സർക്കിള്‍ ഇൻസ്പെക്ടർ പറഞ്ഞു, മാധ്യമങ്ങളിലൂടെയാണ് സംഭവം അറിഞ്ഞതെന്നാണ് വിശദീകരണം. രോഗികളെ ആശുപത്രിയിലെത്തിക്കാനും  മടക്കികൊണ്ട് പോകാനും എല്ലാ സഹായങ്ങളും ചെയ്യുന്നുണ്ടെന്നും സംഭവത്തെ കുറിച്ച് അന്വേഷണം തുടങ്ങിയതായും പൊലീസ് അറിയിച്ചു.