തിരുവനന്തപുരം: കൊവിഡ് ജാഗ്രതാ നടപടികൾ കൂടുതൽ കര്‍ശനമാക്കി. കേരളത്തിൽ കൊവിഡ് സ്ഥിരീകരിച്ച ഏഴ് ജില്ലകളിൽ ലോക് ഡൗൺ നിര്‍ദ്ദേശിച്ച് കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തി..തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട, കാസർകോട്, മലപ്പുറം, കണ്ണൂർ, കോട്ടയം ജില്ലകളിലാണ് നിയന്ത്രണം ആവശ്യപ്പെടുന്നത് . അങ്ങനെ വന്നാൽ സംസ്ഥാനത്തെ ഏഴ് ജില്ലകൾ സമ്പൂര്‍ണ്ണമായി നിശ്ചലമാകുന്ന അവസ്ഥയുണ്ടാകും. അവശ്യ സര്‍വ്വീസുകൾ മാത്രമായി ചുരുക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നത്. അവശ്യ സാധനങ്ങളുടെ പട്ടിക ഏതൊക്കെയെന്ന് സംസ്ഥാനത്തിന് തീരുമാനിക്കാം. 

ക്യാമ്പിനറ്റ് സെക്രട്ടറിയും പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്ത് നിന്ന് ചീഫ് സെക്രച്ചറിയും ഡിജിപിയും വീഡിയോ കോൺഫറൻസ് വഴി യോഗത്തിൽ പങ്കെടുത്തിരുന്നു.  

രാജ്യത്തെ എഴുപത്തഞ്ച് ജില്ലകളിലാണ് കേന്ദ്രസര്‍ക്കാര്‍ ലോക് ഡൗൺ നിര്‍ദ്ദേശിച്ചത്. ഇതിലാണ് കേരളത്തിലെ ഏഴ് ജില്ലകളും ഉൾപ്പെടുന്നത്. വൈറസ് ബാധിതരുടെ എണ്ണം നാൾക്കുനാൾ കൂടിവരുന്ന സാഹചര്യത്തിൽ കേരളത്തിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ആവര്‍ത്തിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. 

അവശ്യ സര്‍വ്വീസുകളിൽ എന്തെല്ലാം ഉൾപ്പെടുത്തും എന്ന കാര്യത്തിൽ വിശദമായ പട്ടിക തന്നെ പുറത്തിറക്കും. അവശ്യ സന്ദര്‍ഭങ്ങളിൽ സമയോചിതമായി ഇടപെടാനുള്ള അധികാരം ജില്ലാ കളക്ടര്‍മാര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ നൽകിയിച്ചുണ്ട്.

ജനങ്ങൾ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ പറയുന്നു. അവശ്യ സാധനങ്ങൾക്ക് ക്ഷാമം നേരിടില്ലെന്ന് റവന്യു മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആരോഗ്യ സ്ഥാപനങ്ങൾ, അവശ്യ സാധനങ്ങൾ കിട്ടുന്ന കടകൾ, ബാങ്കുകൾ എടിഎമ്മുകൾ , പെട്രോൾ പമ്പുകൾ തുടങ്ങി എല്ലാ അവശ്യ സര്‍വ്വീസുകളും ജനങ്ങൾക്ക് ലഭ്യമാക്കാൻ നടപടി എടുക്കുമെന്നാണ് അറിയിച്ചിട്ടുള്ലത്. 

ജനജീവിതം പൂര്‍ണ്ണമായും സ്തംഭിപ്പിക്കാനല്ല, മറിച്ച് കര്‍ശന നടപടികളിലൂടെ കൊവിഡ് പ്രതിരോധത്തിനാണ് സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നതെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ പറഞ്ഞു. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക