ഗ്രീന്‍ സോണുകളില്‍ ബസുകൾ ഓടാമെന്ന് സര്‍ക്കാര്‍ പറഞ്ഞാലും സര്‍വ്വീസ് നടത്തില്ലെന്നാണ് സ്വകാര്യ ബസ്സുടമകള്‍ പറയുന്നത്. 

തിരുവനന്തപുരം: കൊവിഡ് 19 ജാഗ്രതയുടെ പശ്ചാത്തലത്തിൽ ആഴ്ചകളായി മുടങ്ങിക്കിടക്കുന്ന സംസ്ഥാനത്തെ പൊതു ഗതാഗത സംവിധാനം അടുത്തൊന്നും സാധാരണ നിലയിലേക്കെത്താൻ സാധ്യതയില്ലെന്ന് വിലയുത്തൽ ലോക് ഡൗണിന് പ്രാദേശിക ഇളവുകൾ പ്രഖ്യാപിച്ചാലും അവിടങ്ങളിൽ പൊതു ഗതാഗത സംവിധാനങ്ങൾ ഉണ്ടാകുമോ എന്ന കാര്യത്തിൽ ഇപ്പോഴും ഉറപ്പില്ല. കടുത്ത പ്രതിസന്ധിയാണ് മുന്നിലുള്ളതെന്നും പരിഹരിക്കാൻ കേന്ദ്ര ഇടപെടൽ അടിയന്തരമായി വേണമെന്നുമാണ് കെഎസ്ആര്‍ടിസി നിലപാട്. ആവശ്യപ്പെടുന്നത് ആയിരം കോടി രൂപയാണ്. 

ലോക്ഡൗണില്‍ കുരുങ്ങി ഒന്നരമാസത്തിലേറെയായി കെഎസ്ആര്‍ടിസി ബസ്സുകള്‍ നിരത്തിലിറങ്ങുന്നില്ല.ലോക്ക് ഡൗണിന് ഇളവ് അനുവദിച്ചാലും സാമൂഹിക അകലം പാലിക്കാനുള്ള നിബന്ധനകൾ ഉറപ്പാക്കി വേണം സര്‍വ്വീസ് നടത്താൻ. അങ്ങനെ എങ്കിൽ ഒരു സീറ്റില്‍ ഒരാള്‍ എന്ന നിലിയില്‍ സര്‍വ്വീസ് നടത്തിയാല്‍ കിലോമീറ്ററിന് വലിയ നഷ്ടം വരുമെന്നാണ് കെഎസ്ആര്‍സിയുടെ വിലയിരുത്തല്‍. ഈ നഷ്ടം നികത്താനും പുതിയ ബസ്സുകൾ നിരത്തിലിറക്കാനും ഉള്ള തുകയെന്ന നിലയിലാണ് കെഎസ്ആര്‍ടിസി 1000 കോടിരൂപ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. 

മാത്രമല്ല ഡീസലിനുള്ള എക്സൈസ് ഡ്യൂട്ടി കുറക്കണം. ശമ്പള വിതരണത്തിനായി 80 കോടി രൂപ സംസ്ഥാന സര്‍ക്കാരിനോടും കെഎസ്ആര്‍ടിസി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഗ്രീന്‍ സോണുകളില്‍ സര്‍വ്വീസ് അനുവദിച്ചാലും സര്‍വ്വീസ് നടത്തില്ലെന്ന് സ്വകാര്യ ബസ്സുടമകള്‍ അറിയിച്ചു.

സംസ്ഥാനത്ത് 12000ത്തോളം സ്വകാര്യ ബസ്സുകളാണുള്ളത്. എണ്ണായിരത്തോളം ബസ്സുടമകൾ സര്‍വ്വീസ് നിര്‍ത്തിവക്കാനുള്ള അപേക്ഷ ഇതിനകം സമര്‍പിച്ചു കഴിഞ്ഞു. ചാര്‍ജ്ജ് വര്‍ദ്ധന വേണമെന്ന സ്വകാര്യ ബസ്സുടമകളുടെ ആവശ്യം ഗതാഗത വകുപ്പ് മുഖ്യമന്ത്രിയുടെ പരിഗണനക്ക് വിട്ടിരിക്കുകയാണ്.