തിരുവനന്തപുരം: ഉത്സവകാലസീസൺ തീരാറായതോടെ ലോക്ക് ഡൗണിൽ കുടുങ്ങി പരിപാടികളെല്ലാം റദ്ദായ സ്റ്റേജ് കലാകാരൻമാർക്കും മറ്റ് ആർട്ടിസ്റ്റുകൾക്കും സഹായം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാംസ്കാരിക പ്രവർത്തക ക്ഷേമനിധി അംഗത്വത്തിന് അപേക്ഷ നൽകിയ ഇരുപതിനായിരം കലാകാരൻമാർക്ക് പ്രതിമാസം ആയിരം രൂപ നിരക്കിൽ രണ്ട് മാസത്തേക്ക് ധനസഹായം നൽകാനാണ് സർക്കാർ തീരുമാനം. ഇതിനാവശ്യമായ തുക സാംസ്കാരികപ്രവ‍ർത്തകക്ഷേമനിധിയിൽ നിന്ന് ചെലവഴിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതോടൊപ്പം, വിധവാ പെൻഷനുകളടക്കമുള്ളവയിൽ മസ്റ്ററിംഗ് നടത്തിയില്ല എന്നതുകൊണ്ട്, പെൻഷൻ നിഷേധിക്കുന്ന സ്ഥിതി പാടില്ലെന്ന് നേരത്തേ തന്നെ നിർദേശം നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു. 

''കലാകാരൻമാരുടെ ബുദ്ധിമുട്ട് പല തവണ നമ്മൾ പറഞ്ഞിരുന്നു. പരിപാടികൾ പലതും നടക്കുന്നില്ല. സീസൺ തീരുന്നു. അവർക്ക് സഹായം നൽകാൻ തീരുമാനമായിട്ടുണ്ട്. നിലവിൽ ക്ഷേമനിധിയിൽ അംഗങ്ങളായവർക്ക് പുറമേ കൂടുതൽ പേർക്ക് സഹായമെത്തിക്കുകയാണ്'', എന്ന് മുഖ്യമന്ത്രി. 

നിലവിൽ ഈ നിധിയിൽ നിന്ന് പ്രതിമാസം മൂവായിരം വീതം പെൻഷൻ കിട്ടുന്ന 3012 പേരുണ്ട്. അവർക്ക് പുറമേയാണിത്. വിവിധ സാംസ്കാരിക സ്ഥാപനങ്ങൾക്കായി നീക്കി വച്ച 2020 - 21 വർഷത്തെ തുകയിൽ നിന്നാണ് ഈ തുക എടുക്കുക. 

ഒപ്പം പൊതു - സ്വകാര്യമേഖലയിലെ 1,07,564 കശുവണ്ടി ത്തൊഴിലാളികൾ കശുവണ്ടിത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളാണ്. ഇവർക്ക് ആയിരം രൂപ വീതം ധനസഹായം നൽകും. 

ഇതുപോലെ ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ എല്ലാ പരമ്പരാഗതത്തൊഴിലാളികൾക്കും അതത് ക്ഷേമനിധികൾ വഴി സഹായം നൽകുന്നതാണ്. സംസ്ഥാനത്തെ 85,000 പരം തോട്ടം തൊഴിലാളികൾക്ക് ആയിരം രൂപ വീതം നൽകും. ആധാരമെഴുത്ത്, കൈപ്പട വെൻഡർമാർ എന്നിവരിൽ തൊഴിലാളികൾക്കും പെൻഷൻകാർക്കും 3000 വീതം നൽകിത്തുടങ്ങി. 

കേബിൾ ടിവി ഓപ്പറേറ്റർമാരുടെ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി, കേബിൾ വലിക്കാനായി വൈദ്യുതപോസ്റ്റുകളുടെ വാടകയിനത്തിൽ ഇവർ കെഎസ്ഇബിക്ക് നൽകുന്നതിൽ ഇളവ് നൽകുമെന്ന് വ്യക്തമാക്കി. അതായത് ജൂൺ 30 വരെ ഇതിന്‍റെ വാടക അവർക്ക് പലിശരഹിതമായി അടയ്ക്കാമെന്നതാണ് ഇളവ്.

ഇതൊടൊപ്പം സംസ്ഥാനത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും അൺ എയ്ഡഡ് സ്കൂളുകളും ടീച്ചർമാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നതായി പരാതിയുയരുന്നു. അത് പാടില്ല. അത്തരത്തിൽ ശമ്പളം നൽകാതിരിക്കരുതെന്ന് നേരത്തേ തന്നെ കർശനനിർദേശം നൽകിയതാണെന്നും, ഇത് പരിശോധിക്കാൻ വിദ്യാഭ്യാസവകുപ്പിനെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഒട്ടേറെ തൊഴിൽവിഭാഗങ്ങൾ അവരുടെ പ്രശ്നങ്ങൾ അറിയിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വിവിധ കാറ്ററിംഗ് ഗ്രൂപ്പുകളിലായി ജോലി ചെയ്യുന്ന വിളമ്പുകാരും, വിവാഹ ഫോട്ടോഗ്രാഫർമാർ, അതല്ലാത്ത ഫോട്ടോഗ്രാഫർമാർ, തെങ്ങ് കയറ്റത്തൊഴിലാളികൾ, ടെക്സ്റ്റൈൽ ഷോപ്പ് തൊഴിലാളികൾ എന്നിവരെല്ലാം ബുദ്ധിമുട്ടറിയിക്കുന്നു. ക്ഷേമനിധിയുള്ളവർക്ക് അത് വഴി സഹായം നൽകും. അതില്ലാത്തവർക്ക് പ്രത്യേകസഹായം നൽകും. അത് നേരത്തേ പറഞ്ഞതാണ് - മുഖ്യമന്ത്രി വ്യക്തമാക്കി. 

ലോക്ക് ഡൗൺ കാലത്ത് തൊഴിലാളികൾക്ക് വേണ്ട സൗകര്യങ്ങൾ എല്ലാ സ്ഥാപനങ്ങളും ഉറപ്പാക്കണം. ഇല്ലെങ്കിൽ കർശനനടപടിയുണ്ടാകും - മുഖ്യമന്ത്രി പറഞ്ഞു. 

ക‍ർഷകർക്ക് സഹായം

വേനൽമഴ പലയിടത്തും കിട്ടിയിട്ടുണ്ട്. അത് നല്ലതാണ്, പക്ഷേ മഴ തുടങ്ങിയപ്പോൾത്തന്നെ ചിലയിടത്ത് തന്നെ കാർഷിക വിളകൾക്ക് നാശമുണ്ടായതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അത് കൃഷിക്കാർക്ക് ബുദ്ധിമുട്ടായി. അവരുടെ പ്രശ്നം സർക്കാ‍ർ പരിഗണിക്കും. 

കൃഷി തുടങ്ങാനുള്ള സമയമായി. വളവും കാർഷിക സൗകര്യങ്ങളും നൽകും. കുട്ടനാടും തൃശ്ശൂരും നടക്കുന്ന കൊയ്ത്ത് മുടക്കില്ല. അപൂർവം ചില സ്ഥലത്ത് പ്രശ്നങ്ങളുണ്ട്. ഇവിടെയെല്ലാം തടസ്സമില്ലാതെ കൊയ്ത്ത് നടത്താൻ കളക്ടർമാർ ഇടപെടും.