കാഞ്ഞങ്ങാട്: കേരളത്തിലേക്ക് പച്ചക്കറിയുമായി വന്ന ലോറി കർണാടക അതിർത്തിയിൽ തടഞ്ഞ് ഒരു സംഘമാളുകൾ തൊഴിലാളികളെ മർദിച്ചു.  ഇന്നലെ രാത്രിയാണ് പച്ചക്കറിയുമായി വന്ന മൈസുരു റജിസ്ട്രേഷനുള്ള ലോറി തടഞ്ഞ് ഒരു സംഘമാളുകൾ ലോറിയിലുണ്ടായിരുന്നവരെ വലിച്ചിറക്കി മർദ്ദിച്ചത്. ഇതിനകത്തുള്ള പച്ചക്കറികൾ പലതും നിലത്തേക്ക് വലിച്ചെറിഞ്ഞ അക്രമിസംഘം, ബാക്കിയുള്ളവയെല്ലാം കൊള്ളയടിച്ച് കൊണ്ടുപോവുകയും ചെയ്തു. വാഹനത്തിനും കേടുപാടുകൾ വരുത്തി.

സംസ്ഥാന അതിർത്തിയായ മാണിമൂല കാരിക്കാറിൽ കർണാടക മണ്ണിട്ട് റോഡ് അടച്ചതിനാൽ കേരളത്തിൽ നിന്നെത്തിച്ച മറ്റൊരു ലോറിയിലേക്ക് പച്ചക്കറികൾ മാറ്റുന്നതിനിടെയായിരുന്നു സംഘടിച്ചെത്തിയവരുടെ ആക്രമണം. മാണിമൂല സ്വദേശികളായ രാജേഷ്, സുജിത്, സതീഷ് എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മൂവരും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. 

അതേ സമയം കർണാടകം മണ്ണിട്ട് അടച്ച അതിർത്തികൾ തുറക്കുന്നതിൽ ഇതുവരേയും തീരുമാനമായില്ല. അവശ്യസർവീസുകൾക്കായി കർണാടകം അതി‍ർത്തികൾ തുറക്കണമെന്നും കേന്ദ്രവിജ്ഞാപനം പാലിക്കണമെന്നുമാവശ്യപ്പെട്ട് കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ സുപ്രീംകോടതിയെ സമീപിച്ചു. 

ഇതിനിടെ, കാസർകോടിന് ആശ്വാസമായി പെരിയയിലുള്ള കേന്ദ്ര സർവ്വകലാശാലയിലും കൊവിഡ് പരിശോധന തുടങ്ങി. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് കഴിഞ്ഞ ദിവസം ഇതിന് അനുമതി നൽകിയിരുന്നു. മറ്റു അനുബന്ധ സൗകര്യങ്ങൾ കൂടെ പൂർത്തിയാക്കി പരിശോധനാകേന്ദ്രം ഉടൻ തുടങ്ങാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

കർണാടക ആംബുലൻസിന് പോലും അതിർത്തി തുറന്നു കൊടുക്കാത്തതിനെത്തുടർന്ന് ഇതുവരെ പൊലിഞ്ഞത് രണ്ട് ജീവനുകളാണ്. അതേസമയം, കർണാടകയിൽ നിന്നുള്ള പച്ചക്കറിവരവും കേരളത്തെ സംബന്ധിച്ചിടത്തോളം പ്രധാനമാണ് എന്നതിനാൽ ആ ചരക്ക് നീക്കം പാലക്കാട് വഴിയാക്കാനും ആലോചിക്കുന്നുണ്ട്.

തമിഴ്നാട് വഴി സുഗമമായി ചരക്കുനീക്കം

നിലവിൽ തമിഴ്നാട് വഴിയുള്ള ചരക്ക് നീക്കം സുഗമമായിത്തന്നെ മുന്നോട്ടുപോകുകയാണ്. ലോക്ക് ഡൗൺ പ്രഖ്യാപിച്ച് ആദ്യദിനം ചെറിയ ആശയക്കുഴപ്പമുണ്ടായെങ്കിലും കൂടുതൽ പച്ചക്കറി വണ്ടികൾ ഇന്ന് ചെക്ക്പോസ്റ്റുകൾ വഴിയെത്തി. കർണാടകവുമായി അതിർത്തി പങ്കിടുന്ന ജില്ലകളിലേക്കുള്ള ചരക്കുനീക്കം പാലക്കാട് വഴി അക്കുന്നതിൽ സപ്ലൈകോ ഉടൻ തീരുമാനമെടുക്കും.

ലോക്ക് ഡൗൺ ആദ്യദിനം തന്നെ എന്നെ കേരളത്തിലേക്കുള്ള പച്ചക്കറി വാഹനങ്ങൾ ഉൾപ്പെടെ തമിഴ്നാട് തടഞ്ഞിരുന്നു. കേരളത്തിലെ കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ പച്ചക്കറി എടുക്കാൻ തമിഴ്നാട്ടിലേക്കുള്ള വാഹനങ്ങൾക്കും വിലക്കേർപ്പെടുത്തിയിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം നടന്ന അന്തർ സംസ്ഥാന ചർച്ചയിലാണ് പ്രശ്നപരിഹാരമായത്. പാലക്കാട് പച്ചക്കറി മൊത്ത വിപണന കേന്ദ്രത്തിലേക്ക് ഇന്ന് ചെറുതും വലുതുമായി 30 പച്ചക്കറി വാഹനങ്ങൾ അതിർത്തി കടന്നെത്തി.

ഒട്ടൻ ചത്രം വിപണിയിൽ സംഭരണം ഇല്ലാത്തതിനാൽ അവിടെ നിന്നുള്ള പച്ചക്കറികൾ മാത്രമാണ് എത്താത്തത്. പാലക്കാട്ടും സമീപജില്ലകളിലും പച്ചക്കറി ക്ഷാമം ഉണ്ടാവില്ല എന്നാണ് വിലയിരുത്തൽ.

വാളയാർ, നടുപ്പുണി ഉൾപ്പെടെ 7 ചെക്ക് പോസ്റ്റുകളിലും ചരക്കുനീക്കം സുഗമമാക്കാൻ റവന്യൂ അധികൃതരുടെ സംഘം നിരീക്ഷണം നടത്തുന്നുണ്ട്. കേരളത്തിൽ നിന്നുള്ള ചരക്ക് വാഹനങ്ങൾ അണുവിമുക്തമാക്കിയ ശേഷം ആണ് അതിർത്തി കടത്തുന്നത്. പലവ്യഞ്ജനങ്ങളും മറ്റ് അവശ്യ വസ്തുക്കളും വരുംമണിക്കൂറുകളിൽ അതിർത്തി കടന്ന് വരും.