പിണറായിയുടേത് വില കുറഞ്ഞ ആരോപണമാണെന്നും ഫോട്ടോ വിവാദം സിപിഎമ്മിന്റേത് യഥാർത്ഥ പ്രശ്നം മറയ്ക്കാനുള്ള ശ്രമമാണെന്നും വി ഡി സതീശൻ വിമര്‍ശിച്ചു.

കൊച്ചി: സോണിയ ഗാന്ധി - ഉണ്ണികൃഷ്ണന്‍ പോറ്റി ഫോട്ടോ വിവാദം നിസ്സാരവൽക്കരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പിണറായിയുടേത് വില കുറഞ്ഞ ആരോപണമാണെന്നും ഫോട്ടോ വിവാദം സിപിഎമ്മിന്റേത് യഥാർത്ഥ പ്രശ്നം മറയ്ക്കാനുള്ള ശ്രമമാണെന്നും സതീശൻ വിമര്‍ശിച്ചു. സോണിയ ഗാന്ധിയെ കാണാൻ ആളുകള്‍ക്ക് ഒരു ബുദ്ധിമുട്ടുമില്ല. അപ്പോയിൻമെൻ്റ് എടുത്താൽ ആര്‍ക്ക് വേണമെങ്കിലും സോണിയ ഗാന്ധി കാണാമെന്ന് വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍, മുഖ്യമന്ത്രി കാണാൻ അത്ര എളുപ്പമല്ലല്ലോ എന്നും സതീശന്‍ പരിഹസിച്ചു. മുഖ്യമന്ത്രിയും അതീവ സുരക്ഷയുള്ള ആളല്ലേ. മുഖ്യമന്ത്രിക്കൊപ്പം ചിത്രമെടുക്കാമെങ്കിൽ സോണിയ ഗാന്ധിക്കൊപ്പവും ചിത്രമെടുക്കാമെന്നാണ് സതീശന്‍റെ പരിഹാസം.

ശബരിമലയില്‍ നിന്ന സ്വർണം കവർന്ന രണ്ട് സിപിഎം നേതാക്കൾ ഇന്നും ജയിലിലാണ്. അത് മറച്ചുവെക്കാനുള്ള ശ്രമമാണ് ഫോട്ടോ വിവാദം. മുഖ്യമന്ത്രി നിലവാരം കുറഞ്ഞ വാർത്താസമ്മേളനം നടത്തിയെന്നും സതീശന്‍ വിമര്‍ശിച്ചു. മുഖ്യമന്ത്രി സ്വർണക്കൊള്ളയിലെ പ്രതികളെ സംരക്ഷിക്കുകയാണ്. മുഖ്യമന്ത്രിക്കൊപ്പമുള്ള പോറ്റിയുടെ ഫോട്ടോ പുറത്ത് വന്നു. എന്ന് കരുതി മുഖ്യമന്ത്രി സ്വർണക്കൊള്ളയിൽ പ്രതിയാണെന്ന് ഞങ്ങൾ പറഞ്ഞോ എന്നും സതീശന്‍ ചോദിച്ചു.