കോട്ടയം: കൊറോണക്കാലമായിട്ടും സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലെ പി ജി വിദ്യാർത്ഥികൾക്കും, ഹൗസ് സർജൻമാർക്കും നൽകുന്ന സ്റ്റൈപ്പൻഡ് മുടങ്ങി. ഇതോടെ, തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളേജുകളിലെ രണ്ടായിരം പിജി ഡോക്ടർമാരും 750 ഹൗസ് സർജൻമാരും പ്രതിസന്ധിയിലായി. ധനവകുപ്പ് കൃത്യമായി പണം നൽകാതിരുന്നതിനാലാണ് സ്റ്റൈപ്പൻഡ് മുടങ്ങിയതെന്നാണ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നത്.

''ഈ മാസം 16-ാം തീയതിയായിട്ടും ഞങ്ങളുടെ സ്റ്റൈപ്പൻഡ് വന്നിട്ടില്ല. കൊറോണവൈറസ് പ്രതിരോധപ്രവർത്തനങ്ങളുടെ മുൻനിരയിൽ നിൽക്കുന്ന ഒരു വിഭാഗമാണ് ഹൗസ് സർജൻമാരും പിജി ഡോക്ടർമാരും. ഞങ്ങൾ ജീവൻ പണയം വച്ചാണ് നിൽക്കുന്നത്. പ്രതിരോധമുൻകരുതലുകളെല്ലാം ഞങ്ങൾ സ്വീകരിക്കുന്നുണ്ട്'', എന്ന് മെഡിക്കൽ പിജി അസോസിയേഷൻ ഭാരവാഹികൾ പറയുന്നു.

പത്താം തീയതിയാണ് മെഡിക്കൽ പി ജി വിദ്യാർത്ഥികൾക്കും ഹൗസ് സർജൻമാർക്കും സാധാരണ സ്റ്റൈപ്പൻഡ് കിട്ടാറ്. അതാണ് ഇപ്പോൾ മുടങ്ങിയിരിക്കുന്നത്. പതിനാറാം തീയതിയായി. ഇനിയും ഒരു രൂപ പോലും വന്നിട്ടില്ല. 25-ാം തീയതിക്ക് ശേഷമേ സ്റ്റൈപ്പൻഡ് കിട്ടൂ എന്നാണ് മെഡിക്കൽ വിദ്യാഭ്യാസവകുപ്പ് നൽകുന്ന മറുപടി. 

Read more at: കോട്ടയത്ത് നാല് വകുപ്പുകളില്‍ ഡോക്ടര്‍മാരുടെ എണ്ണത്തില്‍ കുറവ്; ശസ്ത്രക്രിയകള്‍ മുടങ്ങി

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൽ നിന്ന് പണം കിട്ടാതിരിക്കുന്നതല്ല, ധനവകുപ്പാണ് പണം പാസ്സാക്കാതെയിരിക്കുന്നതെന്നാണ് അന്വേഷണത്തിൽ വ്യക്തമാകുന്നതെന്ന് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. എന്നാൽ കേരളം ഒരു അടിയന്തരസാഹചര്യത്തിലൂടെ കടന്ന് പോകുന്നതിനാൽ ഒരു സമരത്തിലേക്ക് പോകുന്നില്ലെന്ന് ഇവർ വ്യക്തമാക്കുന്നു. അത്തരം സമരത്തെക്കുറിച്ചൊന്നും ആലോചിക്കുന്നത് പോലുമില്ല. 

''ഒരു ഡോക്ടർ തന്നെ കൊറോണ പോസിറ്റീവായി മാറിയിരിക്കുന്ന സാഹചര്യമാണ്. 24 മണിക്കൂറും ഞങ്ങൾ സമയം നോക്കാതെ ജോലി ചെയ്യുകയാണ്. പല മെഡിക്കൽ കോളേജുകളിലും ആളില്ലാത്ത പ്രശ്നങ്ങളുണ്ട്. അതിനാൽ ഞങ്ങൾ ജോലി ചെയ്യാൻ തയ്യാറാണ്. പക്ഷേ, ഒരു ആവശ്യം മാത്രമേയുള്ളൂ, മിനിമം സാലറി കിട്ടണം'', എന്ന് വിദ്യാർത്ഥികൾ. 

''കേരളം ഒറ്റക്കെട്ടായി മുന്നോട്ടുപോകുമ്പോൾ, ഞങ്ങളും കൂടെയുണ്ട്. കോട്ടയം മെഡിക്കൽ കോളേജിൽ ഫീവർ ക്ലിനിക്ക് തുറന്നു കഴി‌ഞ്ഞു. എല്ലാ മെഡിക്കൽ പിജി വിദ്യാർത്ഥികൾക്കും ഇവിടെ പോസ്റ്റിംഗുണ്ട്. ഞങ്ങളിവിടെ സമയം നോക്കാതെ ജോലി ചെയ്യുന്നുമുണ്ട്. പക്ഷേ, അധികൃതർ ഒരു കാര്യം മനസ്സിലാക്കണം, ഞങ്ങൾക്കും കുടുംബവും കുട്ടികളുമുണ്ട്. വീട്ടുവാടക കൊടുക്കണം. ഭക്ഷണത്തിന് പണം കൊടുക്കണം'', ഇങ്ങനെ അടിസ്ഥാനപരമായ കാര്യങ്ങൾ നടക്കണമെന്ന് മാത്രമാണ് ആവശ്യമെന്നും മെഡിക്കൽ പിജി വിദ്യാർത്ഥികളുടെ അസോസിയേഷൻ.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക