പത്തനംതിട്ട: കൊവിഡ് 19 രോഗലക്ഷണങ്ങളോടെ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ പുറത്തുപോയാൽ അത് ദേശവിരുദ്ധ സമീപനമായി കണക്കാക്കുമെന്ന് മന്ത്രി കെ രാജു പറഞ്ഞു. ഇത്തരക്കാർക്കെതിരെ പൊലീസിനെ ഉപയോഗിച്ച് നടപടി എടുക്കും. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഐസോലേറ്റഡ് വാർഡിനായി വലിയ കെട്ടിടങ്ങൾ കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു.

പത്തനംതിട്ടയിലെ എല്ലാ പഞ്ചായത്തുകളിലും കൊവിഡ് ബോധവൽക്കരണത്തിനായി മൈക്ക് അനൗൺസ്‌മെന്റ് നടത്തും. ജില്ലയിലേക്ക് വിദേശത്തു നിന്ന് 30,703 പേർ എത്തിയിട്ടുണ്ട്. ഇവരിൽ 15പേർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ഇന്ന് ലഭിച്ച എട്ട് പരിശോധനാഫലങ്ങളും നെഗറ്റീവാണ്.

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ 6510 യാത്രക്കാരെ ഇതുവരെ സ്‌ക്രീൻ ചെയ്തു. ഇവരിൽ 1029 ഇതരസംസ്ഥാനക്കാർ ഉൾപ്പെടുന്നു. ഇതിൽ രണ്ട് പേർക്ക് പനിയുണ്ട്. കൊവിഡ് ഐസൊലേഷൻ വാർഡുകൾക്കായി സ്വകാര്യ ആശുപത്രികളിലും സൗകര്യം ഒരുക്കും. ശബരിമലയിൽ ഉത്സവകാലത്ത് ജനത്തിരക്ക് കുറയ്ക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്നും മന്ത്രി കെ രാജു പറഞ്ഞു.