തിരുവനന്തപുരം: കൊവിഡ് 19നുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തെ അഭിസംബേധന ചെയ്ത് നടത്തിയ പ്രസംഗത്തെ പരിഹസിച്ച് മന്ത്രി എംഎം മണി. മോദിയുടെ അഭിസംബോധന "മല എലിയെ പ്രസവിച്ചതുപോലെ" ആയിപ്പോയി എന്നാണ് മണി ഫേസ്ബുക്കിൽ കുറിച്ചത്. 

കൊവിഡിനെ നേരിടാനുള്ള കഠിന പ്രയത്നത്തിലാണ് സംസ്ഥാന സർക്കാരുകളെന്നും അതിന് മാതൃകയാണ്  പിണറായി വിജയൻ നയിക്കുന്ന കേരള സർക്കാരിന്റെ പ്രവർത്തനമെന്നും മണി കുറിച്ചു. സർക്കാരുകളെ സഹായിക്കാൻ ഒരു പ്രഖ്യാപനവും പ്രധാനമന്ത്രിയിൽ നിന്നും ഉണ്ടായില്ലെന്നത് നിരാശാജനകമാണെന്നും മന്ത്രി വ്യക്തമാക്കി.

എംഎം മണിയുടെ ഫേസ്ബുക്ക് പോസ്റ്റ്

#മല_എലിയെ
#പ്രസവിച്ചതുപോലെ
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കോവിഡ് 19 ബാധിച്ച് നിരവധി ആളുകൾ വീടുകളിൽ നിരീക്ഷണത്തിലും ആശുപത്രിയിൽ ചികിത്സയിലുമാണ്. നാലു പേർക്ക് ജീവഹാനിയും സംഭവിച്ചു. സംസ്ഥാന സർക്കാരുകൾ ഇതിനെ നേരിടാൻ കഠിന പ്രയത്നം നടത്തിക്കൊണ്ടിരിക്കുകയാണ്. അതിന് മാതൃകയാണ് ശ്രീ. പിണറായി വിജയൻ നയിക്കുന്ന കേരള സർക്കാരിന്റെ പ്രവർത്തനം.

ഈ പശ്ചാത്തലത്തിൽ ആദരണീയനായ പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നുവെന്ന് അറിഞ്ഞപ്പോൾ വലിയ പ്രതീക്ഷയിലായിരുന്നു സംസ്ഥാന സർക്കാരുകളും ജനങ്ങളും. എന്നാൽ പ്രധാനമന്ത്രിയുടെ അഭിസംബോധന "മല എലിയെ പ്രസവിച്ചതുപോലെ" ആയിപ്പോയി. കോവിഡ് 19 നേരിടാൻ വേണ്ടി പ്രയത്നിക്കുന്ന സംസ്ഥാന സർക്കാരുകളെ സഹായിക്കാൻ ഒരു പ്രഖ്യാപനവും പ്രധാനമന്ത്രിയിൽ നിന്നും ഉണ്ടായില്ലെന്നത് നിരാശാജനകമാണ്.