തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പന്ത്രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 11 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് വൈറസ് ബാധ. 13 പേരുടെ റിസൾട്ട് നെഗറ്റീവായി. ഇത് വരെ 357 പേര്‍ക്ക് രോഗം സ്ഥീരികരിക്കുകയും 258 പേര്‍ ഇപ്പോൾ ചികിത്സയിൽ കഴിയുകയും ചെയ്യുന്നുണ്ട്. 

1,36,195 പേർ സംസ്ഥാനത്ത് നിരീക്ഷണത്തിലുണ്ട്. വീടുകളിൽ 135472 പേരും ആശുപത്രികളിൽ 723 പേരും നിരീക്ഷണത്തിലുണ്ട്. 153 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 11469 സാമ്പിളുകളിൽ രോഗബാധയില്ലെന്ന് ഇന്ന് ഉറപ്പാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സംസ്ഥാനത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ച് 100 ദിവസം പിന്നിട്ടു. കൊവിഡ് 19 ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായ എട്ട് വിദേശികളുടെ ജീവൻ രക്ഷിച്ച് നാട്ടിലേക്ക് തിരിച്ചെത്തിക്കാനായെന്നും മുഖ്യമന്ത്രി പറഞ്ഞു. 83 ഉം 76 ഉം വയസ്സുള്ളവരൊക്കെ ഇക്കൂട്ടത്തിലുണ്ടായിരുന്നു. തിരുവനന്തപുരം എറണാകുളം മെഡിക്കൽ കോളേജുകളിലൊക്കെ ആയാണ് ചികിത്സ നൽകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഇറ്റിലിയൽ ഒബോട്ടോ ടൊണോസോ, യുകെയിൽ നിന്ന് ലാൻസ്, എലിസബത്ത്, ബ്രയാൻ, ആനി വിൽസൺ, ജാൻ ജാക്സൺ തുടങ്ങിയവരാണ് രോഗമുക്തി നേടിയത്. മാർച്ച് 13 ന് വർക്കലയിലാണ് വിദേശിക്ക് ആദ്യമായി രോഗം സ്ഥിരീകരിച്ചത്. അദ്ദേഹത്തെ തിരുവനന്തപുരത്ത് ചികിത്സിച്ചു. മൂന്നാറിൽ നിരീക്ഷണത്തിൽ കഴിയവേ നാട്ടിലേക്ക് പോകാൻ ശ്രമിച്ചപ്പോഴാണ് ബ്രയാൻ നെയിലിനെയും സുഹൃത്തുക്കളെയും നിരീക്ഷണത്തിലാക്കിയത്. ബ്രയാന്റെ നില ഗുരുതരമായിരുന്നു. ഇവരെല്ലാം നാട്ടിലെത്തിയ ശേഷം നമ്മളെ അഭിനന്ദിക്കുകയാണ്.

സംസ്ഥാനത്ത് ചികിത്സയിലുള്ളവരിൽ 69 വയസിന് മുകളിലുള്ളവർ 7.5 ശതമാനവും 20 ന് താഴെയുള്ളവർ 6.9 ശതമാനവുമാണ്. പരിശോധനാ സംവിധാനങ്ങൾ വർധിപ്പിക്കും. നാല് ദിവസം കൊണ്ട് പുതിയ നാല് ലാബ് സജ്ജീകരിക്കും. പതിനാല് ജില്ലക്ക് പതിനാല് ലാബ് എന്നാണ് ലക്ഷ്യമാക്കുന്നത്.

തുടര്‍ന്ന് വായിക്കാം: കൊവിഡ് 19; വൈറസിന്‍റെ രണ്ടാം വരവും നിയന്ത്രണത്തിൽ, ആശ്വാസ തീരത്ത് കേരളം...

കാസർകോട് അതിർത്തിയിലൂടെ രോഗികൾക്ക് പോകാൻ കഴിയാത്ത സാഹചര്യമുണ്ട്. ഇന്നും ഒരാൾ ചികിത്സ കിട്ടാതെ മരിച്ചു. അത്തരം അനുഭവം ആവർത്തിക്കാതിരിക്കാൻ രോഗികളെ സംസ്ഥാനത്തെ മികച്ച ആശുപത്രിയിലെത്തിക്കും. ആവശ്യമെങ്കിൽ ആകാശമാർഗം സ്വീകരിക്കും.

യുഎഇയിലെ 2.8 ദശലക്ഷം പ്രവാസികളിൽ പത്ത് ലക്ഷത്തിലേറെ പേർ മലയാളികളാണ്. കൊവിഡ് വ്യാപനം ഗുരുതരമാണിവിടെ. ഇത് പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി. നോർക്ക വിവിധ എംബസികൾക്ക് കത്തയച്ചിരുന്നു. യുഎഇയിലെ സ്കൂൾ ഫീസ് ഒഴിവാക്കണം, പാസ്പോർട്ട് പുതുക്കുന്ന വിഷയത്തിലും ഇടപെട്ടതായി അംബാസിഡർ പവൻ കപൂർ യുഎഇയിൽ നിന്ന് അറിയിച്ചു. കുവൈത്തിലെ ഇന്ത്യൻ അംബാസിഡർ മലയാളികളുടെ പ്രശ്നം പരിഹരിക്കാൻ ഇടപെടുമെന്ന് അറിയിച്ചിട്ടുണ്ട്.

പ്രധാനമന്ത്രിയോട് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി അറിയിച്ചു. വരുമാനം നിലച്ചു. പൊതുജനാരോഗ്യ പരിപാലനത്തിന് വേണ്ട ചിലവ് വർധിച്ചു. ഓപൺ മാർക്കറ്റിൽ നിന്ന് വായ്പയെടുത്താലേ മുന്നോട്ട് പോകാനാവൂ. സംസ്ഥാനങ്ങൾക്ക് പ്രത്യേക മഹാമാരി ബോണ്ടിന് അൻുവാദം നൽകുക. സംസ്ഥാനത്തിന്റെ വായ്പാ പരിധി അഞ്ച് ശതമാനമാക്കും. പുറത്തെ ഏജൻസികളിൽ നിന്ന് വാങ്ങുന്ന വായ്പയെ സംസ്ഥാനത്തിന്റെ വായ്പാ പരിധിയിൽ നിന്ന് ഒഴിവാക്കാനും ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് മാസ്ക് ഉപയോഗം വർധിച്ചു. ഏതൊക്കെ മാസ്ക് എവിടെയൊക്കെ ഉപയോഗിക്കണം എന്നതിൽ കൃത്യത വേണം. എൻ95 മാസ്ക് രോഗിക്കും രോഗിയെ പരിചരിക്കുന്നവർക്കുമാണ് വേണ്ടത്. പൊതുജനം സാധാരണ തുണി കൊണ്ടുള്ള മാസ്ക് ഉപയോഗിച്ചാൽ മതി. അത് കഴുകി ശുദ്ധീകരിച്ച് പുനരുപയോഗിക്കാം.

രക്തദാനത്തിന് തയ്യാറാകണമെന്ന് ഇന്നലെ ആവശ്യപ്പെട്ടപ്പോൾ ഇന്ന് 1023 പേർക്ക് രക്തം നൽകാനായി. 4596 ഫയർ ആന്റ് റസ്ക്യു സിവിൽ ഉദ്യോഗസ്ഥർ രക്തദാനത്തിന് സന്നദ്ധത അറിയിച്ചു. ലോക്ക് ഡൗൺ ആയതിനാൽ ആർസിസിയിൽ എത്താനാവാത്ത രോഗികൾ വിവിധ ജില്ലകളിലുണ്ട്. ആരോഗ്യവകുപ്പും ആർസിസിയും സംയുക്തമായി രോഗികളുടെ സ്ഥലത്ത് ചികിത്സ ലഭ്യമാക്കും. 

2457 ട്രക്കുകൾ ഇന്നലെ വന്നു. വിപണിയിൽ പൊതുവെ സാധനങ്ങൾ ലഭ്യമാണ്. സംസ്ഥാനത്തെ വളം വിത്ത് കീടനാശിനികൾ വിൽക്കുന്ന കടകൾ രാവിലെ ഏഴ് മുതൽ 11 വരെ പ്രവർത്തിക്കാൻ അനുവദിക്കും. സ്വകാര്യ സ്ഥാപനങ്ങൾ വൈദ്യുതി, വെള്ളക്കരം അടക്കേണ്ട തീയതി മാറ്റും. വിദ്യാർത്ഥികൾക്ക് പുസ്തകം ലഭ്യമാക്കേണ്ട ആവശ്യമുണ്ട്. ബുക് ഷോപ്പുകൾ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം തുറക്കാൻ അനുവദിക്കും.

രോഗവ്യാപനം വർധിക്കാത്തത് കൊണ്ട് നമ്മൾ സുരക്ഷിതരായെന്ന് ചിലർക്ക് തോന്നലുണ്ട്. ഇത് ലോക്ക് ഡൗൺ നിബന്ധന ലംഘിക്കാൻ ഇടയാകരുത്. പ്രത്യേകിച്ച് ഈസ്റ്ററും വിഷുവും വരുന്നു. അഥിന്റെ ഭാഗമായി വ്യാപാര സ്ഥാപനത്തിൽ എത്തുന്നവർക്ക് ശാരീരിക അകലം കർശനമായി പാലിക്കണം. വ്യാപാരികളും സന്നദ്ധ പ്രവർത്തകരും പൊലീസും ജനങ്ങളും ജാഗ്രതയോടെ ഇടപെടണം. അശ്രദ്ധ കാണിച്ചാൽ എന്തും സംഭവിക്കാവുന്ന സ്ഥിതിയാണ് ഇപ്പോഴും.

അരലക്ഷത്തോളം കിലോ പഴകിയ മത്സ്യമാണ് ഒരാഴ്ചക്കിടെ പിടികൂടിയത്. പരിശോധന കർശനമാക്കിയതോടെ കടൽ മാർഗ്ഗം മീൻ കേരളത്തിലേക്ക് എത്തിക്കാൻ ശ്രമമുണ്ട്. ഇതും തടയും.തെരുവിൽ കഴിയുന്നവർക്കായി ആരംഭിച്ച അഭയ കേന്ദ്രങ്ങൾ കൊച്ചിയിലടക്കം നിറയുന്ന സ്ഥിതിയുണ്ടായി. ഇത് പരിഹരിക്കും. പത്തനംതിട്ടയിൽ തെരുവിൽ കഴിയുന്നവർക്ക് ഭക്ഷണം മുടങ്ങിയത് കളക്ടറുടെ ശ്രദ്ധയിൽ പെടുത്തി പരിഹരിച്ചു.

മീൻ വീടുകളിൽ വിൽക്കുന്ന സ്ത്രീകൾ ഹാർബറിൽ നേരിടുന്ന പ്രശ്നം ശ്രദ്ധയിൽപെട്ടു. ഇവർക്ക് പാസില്ലെന്ന് പറഞ്ഞ് ഒഴിവാക്കുന്നുവെന്നാണ് പരാതി. അത് ശരിയല്ല. അവർക്ക് തടസം ഇല്ലാതിരിക്കാൻ ഇടപെടലുണ്ടായിട്ടുണ്ട്. ആറളം കൃഷി ഫാമിലെ തൊഴിലാളികൾ ദുരിതത്തിലാണെന്നും ആദിവാസികളടക്കം 400 പേർക്ക് ശമ്പളം കുടിശികയാണെന്നും പരാതി ലഭിച്ചിരുന്നു. ഇതിന് ആവശ്യമായ നടപടികൾ സ്വീകരിക്കും.

ചില ബാങ്കുകൾ ജപ്തി നടപടികളുമായി മുന്നോട്ട് പോകുന്നത് ദൗർഭാഗ്യകരം. എല്ലാ ജപ്തിയും ഒഴിവാക്കാൻ ബാങ്കുകളോട് ആവശ്യപ്പെടും.തമിഴ്നാട്ടിൽ നിന്നും തിരിച്ചും ആരെങ്കിലും മരിച്ചാൽ മൃതദേഹം അതിർത്തി കടത്തേണ്ടി വരുന്നുണ്ട്. അതിർത്തിയിൽ ആംബുലൻസ് മാറുന്നുണ്ട്. ഇത് ചെക്പോസ്റ്റിൽ നിന്ന് ആളൊഴിഞ്ഞ സ്ഥലത്തേക്ക് മാറ്റാൻ നടപടി സ്വീകരിക്കും.

തിരുവനന്തപുരത്തേക്ക് തമിഴ്നാട്ടിലേക്ക് രോഗികളെത്തുന്നുണ്ട്. ആർക്കും ചികിത്സ നിഷേധിക്കില്ല. റബർ ടാപ്പിങ് മഴക്കാലത്ത് നടത്തുന്നതിന് റെയിൽ ഗാർഡിങ് ഇപ്പോൾ തന്നെ നടത്താൻ അനുമതി നൽകുകയാണ്. സർക്കസ് കലാകാരന്മാർക്ക് ആവശ്യമായ സഹായം നൽകും. നഗരസഭകളിൽ ശുചീകരണ മാലിന്യ സംസ്കരണ പ്രവർത്തനത്തിൽ ഏർപ്പെട്ടവർക്ക് യാത്രാ പാസ് നൽകണം. അവരെ തടയരുത്.

കമ്യൂണിറ്റി കിച്ചണുകളിലെ ജൈവ അജൈവ മാലിന്യങ്ങൾ ഒഴിവാക്കാൻ താത്കാലിക തൊഴിലാളികളെ വേണമെങ്കിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് നിയമിക്കാം. കൊവിഡ് കേന്ദ്രത്തിലെ മാലിന്യ സംവിധാനവും മുൻകരുതലോടെ വേണം . സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ആരംഭിച്ചു. എഎവൈ വിഭാഗത്തിലെ ആദിവാസി മേഖലയിൽ 47000 കിറ്റ് ഇന്ന് വിതരണം ചെയ്തു. തയ്യൽ തൊഴിലാളി ക്ഷേമനിധി ബൂോർഡ്., ആഭരണ നിർമ്മാണ തൊഴിലാളി ബോർഡ്, ഈറ്റ കാട്ടുവള്ളി ക്ഷേമനിധി ബോർഡ് തുടങ്ങിയ ബോർഡുകളിൽ നിന്ന് ആയിരം രൂപ വീതം തൊഴിലാളിക്ക് നൽകും.

വടക്കൻ കേരളത്തിൽ ബീഡി തൊഴിലാളി ഔട്ട് വർക്ക് ജോലിയുണ്ട്. ലോക്ക് ഡൗൺ മൂലം അത് മുടങ്ങി. പണി തീർത്ത ബീഡി കേന്ദ്രത്തിലെത്തിക്കാൻ ഇത് തുറക്കും. സാധനങ്ങൾ കൊണ്ടുപോകാനും സൗകര്യമൊരുക്കും. കയൽ തൊഴിലാളി ക്ഷേമനിധി ബോർഡിൽ പെൻഷൻ കിട്ടാത്ത ഒരു ലക്ഷം പേർ, അൻപതിനായിരം ലോട്ടറി തൊഴിലാളികൾ എന്നിവർക്ക് ആയിരം വീതവും മത്സ്യത്തൊഴിലാളികൾക്ക് 2000 വീതവും നൽകും. 1251 കമ്യൂണിറ്റി കിച്ചണുകളിലും 251 കുടുംബശ്രീ ഹോട്ടലുകളിലുമായി 2.46 ലക്ഷം പേർക്ക് ഭക്ഷണം വിതരണം ചെയ്തു. 2.01 ലക്ഷം ഭക്ഷണ പൊതികൾ വീടുകളിൽ എത്തിച്ചു.

സംസ്ഥാനത്തെ ശുദ്ധജല വിതരണം കുറ്റമറ്റ രീതിയിലാണ് മുന്നോട്ട് പോകുന്നത്. പരാതികൾ പെട്ടെന്ന് പരിഹരിക്കാൻ വാട്ടർ അതോറിറ്റിയിൽ നിന്ന് ഊർജ്ജിത ഇടപെടലുണ്ടാകണം.ഇന്റർനെറ്റ് ഉപയോഗം കൂടുതലാണ്. സേവന ദാതാക്കളോട് സഹായം അഭ്യർത്ഥിച്ചിരുന്നു. ഇത് സാധ്യമാക്കിയ ടെലികോം ജീവനക്കാരുടെ പ്രവർത്തനവും ശ്ലാഘനീയമാണ്. വ്യവസായ പ്രമുഖരുമായി ഇന്ന് വീഡിയോ കോൺഫറൻസ് നടത്തി. പ്രധാന വിഷയങ്ങൾ ഉൾപ്പെടുത്തി പ്രധാനമന്ത്രിക്ക് കത്തയച്ചു. ജപ്പാനും ഫ്രാൻസുമടക്കം കൊവിഡ് കാലത്ത് നടപ്പാക്കിയ സാമ്പത്തിക പാക്കേജ് അവർ ചൂണ്ടിക്കാട്ടി. ഇക്കാര്യമാണ് കത്തിൽ ആവശ്യപ്പെട്ടത്. ജിഎസ്ടി റീഫണ്ട് അതിവേഗം നടപ്പാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. റിസർവ് ബാങ്ക് മൊറട്ടോറിയം മൂന്ന് മാസം കഴിഞ്ഞും വേണമെന്ന് ആവശ്യപ്പെട്ടു.

കൊവിഡ് ഭീഷണി വ്യവസായ മേഖലയെ ബാധിച്ചുവെന്ന് കോൺഫറൻസിൽ വ്യക്തമായി. ആർക്കും തൊഴിൽ നഷ്ടപ്പെടരുത്. നിലവിലെ സ്ഥാപനങ്ങളെ നിലനിർത്താനും പുതിയ നിക്ഷേപം കൊണ്ടുവരാനും എല്ലാ വിധ സഹായവും അഭ്യർത്ഥിച്ചിട്ടുണ്ട്. ഇതിന് വേണ്ട ഇടപെടൽ സർക്കാർ നടത്തും.സാനിറ്റൈസർ മാസ്ക് എന്നിവയുടെ ഉൽപ്പാദനത്തിൽ മുന്നേറ്റം നേടാനായി. വികേന്ദ്രീകൃതമായി ഇവ ഉൽപ്പാദിപ്പിക്കാൻ ചെറുകിട സ്ഥാപനങ്ങൾക്ക് മുന്നോട്ട് വരാനാവും. മൂന്നോ നാലോ ടാസ്ക് ഫോഴ്സ് രൂപീകരിച്ച് ആവശ്യമായ സഹായം നൽകണമെന്ന് വ്യവസായികളോട് ആവശ്യപ്പെട്ടു. കൊവിഡ് കാരണം സ്ഥാപനങ്ങൾ അടയ്ക്കാതിരിക്കാൻ സർക്കാർ ഇടപെടും. 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊല്ലത്ത് നിന്ന് കെഎംഎസി രണ്ട് കോടി, ബെഫി 1.05 കോടി, ഇഎംഎസ് ആശുപത്രി ഒരു കോടി, നടക്കൽ സഹകരണ ആശുപത്രി 50 ലക്ഷം, ചിതറ ആസുപത്രി 53 ലക്ഷം, മേമുണ്ട സ്കൂളിലെ അധ്യാപകരും ജീവനക്കാരും മാനേജ്മെന്റും ചേർന്ന് 51 ലക്ഷം, ഔഷധി, ഒളവണ്ണ ഗ്രാമപഞ്ചായത്ത് എന്നിവർ 50 ലക്ഷം എന്നിങ്ങനെയാണ് സംഭാവന ലഭിച്ചതെന്നും മുഖ്യമന്ത്രി അറിയിച്ചു.


കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക