ദില്ലി/ മുംബൈ: മുംബൈയിൽ മലയാളി ആരോഗ്യപ്രവർത്തകർക്കിടയിൽ കൊവിഡ് രോഗം പടരുന്നു. ഇതുവരെ മലയാളി നഴ്സുമാർക്കും ഡോക്ടർമാർക്കുമായി എഴുപതിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചതായി ഞങ്ങളുടെ മുംബൈ ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു. ഇന്നും ഇന്നലെ രാത്രിയുമായി മലയാളി ഡോക്ടർമാർക്കും നഴ്സുമാർക്കുമായി 22 പേർക്ക് എങ്കിലും രോഗം സ്ഥിരീകരിച്ചതായാണ് മുംബൈ ബ്യൂറോയ്ക്ക് ലഭിച്ച കണക്കുകൾ സൂചിപ്പിക്കുന്നത്.

ദില്ലിയിലും ആരോഗ്യപ്രവർത്തകർക്കിടയിൽ രോഗം പടരുകയാണ്. ദില്ലി മാക്സ് ആശുപത്രിയിൽ 10 പേർക്കാണ് കൂട്ടത്തോടെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ ആറ് നഴ്സുമാരും രണ്ട് ഡോക്ടർമാരും രണ്ട് ജനറൽ ഡ്യൂട്ടി ഡോക്ടർമാരുമാണുള്ളത്. രോഗം സ്ഥിരീകരിച്ച ആറ് നഴ്സുമാരിൽ മൂന്ന് പേരും മലയാളികളാണ്. ഇതിനിടെ, കൊൽക്കത്തയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി നഴ്സിന് രോഗം ഭേദമായത് മാത്രമാണ് ഇതിനിടെ ഒരു ആശ്വാസവാർത്ത.

മുംബൈയിലെ ജസ്‍ലോക് ആശുപത്രിയിൽ മൂന്ന് റസിഡന്‍റ് ഡോക്ടർമാർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ ഒരു ഡോക്ടർ മലയാളിയാണ്. കണ്ണൂർ സ്വദേശിയായ ഡോക്ടർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അനസ്തേഷ്യ വിഭാഗത്തിലെ ഡോക്ടർമാർക്കാണ് കൂട്ടത്തോടെ രോഗം വന്നിരിക്കുന്നത്. ഇതേ ജസ്‍ലോക് ആശുപത്രിയിൽത്തന്നെ 26 നഴ്സുമാർക്ക് കൂട്ടത്തോടെ പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും മലയാളികളാണ്. ജസ്‍ലോക് ആശുപത്രിയിൽ നേരത്തേ തന്നെ രോഗം പടർന്ന് പിടിച്ചിരുന്നു. 

മുംബൈയിലെ ഭാട്ടിയ ആശുപത്രിയിൽ അഞ്ച് നഴ്സുമാർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ രണ്ട് പേർ മലയാളികളാണ്. മുംബൈയിലെ തന്നെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പുതുതായി കൊവിഡ് സ്ഥിരീകരിച്ചത് 9 നഴ്സുമാർക്കാണ്. ഇതിൽ മൂന്ന് മലയാളി നഴ്സുമാരുണ്ട്. ഇടുക്കി, മലപ്പുറം സ്വദേശികൾക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 

മുംബൈയിലെ ബോംബെ ആശുപത്രിയിൽ 10 റസിഡന്‍റ് ഡോക്ടർമാർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതിൽ പ്ലാസ്റ്റിക് സർജറി വിഭാഗത്തിലെ ഒരു ഡോക്ടർ മലയാളിയാണ്. മുംബൈയിലെ സയൻ ആശുപത്രിയിൽ മൂന്ന് ഡോക്ടർമാർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം, കൊൽക്കത്തയിലും നാല് മലയാളി നഴ്സുമാർക്ക് രോഗം സ്ഥിരീകരിച്ചതായി ഞങ്ങളുടെ ദില്ലി ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു. രണ്ട് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

മുംബൈയിലെ സ്ഥിതി തന്നെയാണ് താരതമ്യേന അതീവഗുരുതരമായി തുടരുന്നത്. നഗരത്തിലെ പല പ്രധാനപ്പെട്ട സ്വകാര്യ ആശുപത്രികളും നിലവിൽ ആരോഗ്യപ്രവർത്തകരുടെ കൊവിഡ് ഹോട്ട് സ്പോട്ടുകളായി മാറുകയാണ്. പ്രാഥമിക ഘട്ടത്തിൽ കൃത്യമായ മുൻകരുതലുകൾ എടുക്കാതിരിക്കുകയും കൊവിഡ് രോഗവിവരങ്ങൾ വ്യക്തമായി പുറത്തുവിടാതിരിക്കുകയും ചെയ്തതാണ് സ്ഥിതി വഷളാക്കിയതെന്നത് വ്യക്തം. 

പലയിടത്തും കൃത്യമായ പരിശോധന മലയാളി ആരോഗ്യപ്രവർത്തകർക്ക്, പ്രത്യേകിച്ച് നഴ്സുമാർക്ക് കിട്ടുന്നില്ല എന്ന് ആരോപണമുയർന്നിരുന്നതാണ്. നിലവിൽ അവരെ ആരെയും നാട്ടിലേക്ക് തിരികെ കൊണ്ടുവരാൻ കഴിയില്ല. എങ്കിലും മഹാരാഷ്ട്ര ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് ഇവരെ നന്നായി ചികിത്സിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ സമ്മർദ്ദം ചെലുത്തുകയാണ് സംസ്ഥാന ആരോഗ്യവകുപ്പും വിവിധ നഴ്സിംഗ് സംഘടനകളും.