Asianet News MalayalamAsianet News Malayalam

കൊവിഡ് ബാധിതന്റെ സ്രവ പരിശോധനാ ഫലം നെഗറ്റീവെന്ന് പ്രചരിപ്പിച്ച പള്ളി ഉസ്‌താദ് അറസ്റ്റിൽ

ഇന്ന് ജില്ലയിൽ സങ്കീർണ ദിവസമാണെന്ന് ജില്ലാ കളക്ടർ നേരത്തെ വ്യക്തമാക്കിയിരുന്നു. 75 സാമ്പിളുകളാണ് ഇന്ന് മാത്രം പരിശോധനയ്ക്ക് അയച്ചത്

Covid 19 mosque teacher arrested for fake audio message in kasargod
Author
Kasaragod, First Published Mar 25, 2020, 3:07 PM IST

കാസർകോട്: കൊവിഡ് 19 വൈറസ് ബാധിതനായ രോഗിയുടെ സ്രവ പരിശോധനാ ഫലം നെഗറ്റീവാണെന്ന് പ്രചരിപ്പിച്ച പള്ളി ഉസ്താദ് അറസ്റ്റിൽ.  കാസർകോടാണ് സംഭവം. സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന ശബ്ദ സന്ദേശം നവ മാധ്യമങ്ങളിലൂടെ  പ്രചരിപ്പിച്ചതിന് ഗോളിയടുക്ക പള്ളി ഉസ്താദ് കെഎസ് മുഹമ്മദ് അഷറഫിനെ ബദിയടുക്ക പോലീസാണ് അറസ്റ്റ് ചെയ്തത്.

ഇന്ന് ജില്ലയിൽ സങ്കീർണ ദിവസമാണെന്ന് ജില്ലാ കളക്ടർ നേരത്തെ വ്യക്തമാക്കിയിരുന്നു. 75 സാമ്പിളുകളാണ് ഇന്ന് മാത്രം പരിശോധനയ്ക്ക് അയച്ചത്. കൂടുതൽ ആളുകളിൽ രോഗ ലക്ഷണം കാണുന്നതാണ് ജില്ലയിൽ ആശങ്ക ഉണ്ടാക്കുന്നത്. ജില്ലയിൽ സമൂഹവ്യാപനം ഉണ്ടായിട്ടുണ്ടോ എന്ന് ഇന്നത്തെ പരിശോധനാഫലം വരുമ്പോൾ അറിയാമെന്നും കളക്ടർ പറഞ്ഞിരുന്നു.

എരിയാൽ സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ളവരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും. സന്നദ്ധ പ്രവർത്തനം നടത്തുന്നവരെ അറസ്റ്റ് ചെയ്യുമെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി. ജില്ലയിൽ ഒരാളുടെയും സന്നദ്ധ പ്രവർത്തനം ഇപ്പോൾ ആവശ്യമില്ല. സർക്കാർ അനുമതി ഇല്ലാതെ ജില്ലയിൽ സന്നദ്ധ പ്രവർത്തനം നടത്തരുതെന്നും ഈ കാര്യം പറഞ്ഞ് ആരെങ്കിലും തെരുവിൽ ഇറങ്ങിയാൽ അറസ്റ്റ് ചെയ്യുമെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി. 

ജില്ലയില്‍ കൊവിഡ് സ്രവ പരിശോധനയ്ക്ക് കളക്ടർ സജിത് ബാബു നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.  ഇനി മുതൽ പിഎച്ച്‌സികളിൽ നിന്ന് റഫർ ചെയ്യുന്ന രോഗികളുടെ സ്രവങ്ങൾ മാത്രമേ ജില്ലാ ആശുപത്രിയിലും ജനറൽ ആശുപത്രിയിലും ശേഖരിക്കൂവെന്നും ജില്ലാ കളക്ടർ അറിയിച്ചു.

ചുമ, പനി, ജലദോഷം, തൊണ്ടവേദന എന്നീ രോഗലക്ഷണങ്ങള്‍ ഉള്ളവരെയായിരിക്കും പിഎച്ച്‌സികളിലെ ഡോക്ടര്‍മാര്‍ റഫര്‍ ചെയ്യുക. പി.എച്ച്.സികളുടെ പരിധിയിലുള്ളവര്‍ അതാത് പി.എച്ച്.സികളെ മാത്രം ആശ്രയിക്കണം. നഗരസഭാ പരിധിയിലുള്ളവര്‍ മാത്രം ജില്ലാ ആശുപത്രിയെയും ജനറല്‍ ആശുപത്രികളെയും ആശ്രയിക്കണം. ജില്ലയില്‍ അടിയന്തിരമായി ഏഴ് വെന്റിലേറ്ററുകളും ഒരു പോര്‍ട്ടബിള്‍ എക്സറെയും സ്ഥാപിക്കാനാവശ്യമായ നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്നും കളക്ടർ അറിയിച്ചു. 

Follow Us:
Download App:
  • android
  • ios