കൊച്ചി: സംസ്ഥാനത്ത് കൊവിഡിന്‍റെ തീവ്രവ്യാപനം തുടരുമ്പോൾ ഇനി സ്വകാര്യമേഖലയിലെ ചികിത്സാ സൗകര്യങ്ങളും കൂടുതലായി ആശ്രയിക്കേണ്ടി വരും.രോഗികളുടെ എണ്ണം കുത്തനെ ഉയരുമ്പോഴും ഭൂരിഭാഗം സ്വകാര്യ ആശുപത്രികളും സർക്കാരിന്‍റെ ഇൻഷുറൻസ് പദ്ധതിയിൽ പങ്കാളികൾ അല്ലാത്തതാണ് സാധാരണക്കാരന് പ്രതിസന്ധിയാകുന്നത്.കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുമായി കൂടുതൽ മൾട്ടി സ്പെഷാലിറ്റി ആശുപത്രികൾ സഹകരിക്കുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യവകുപ്പ്.

എറണാകുളം വെണ്ണല സ്വദേശി ബിജുവിന്‍റെ അനുഭവം ഇങ്ങനെ. സ്വകാര്യ ആശുപത്രിയിൽ ബിജുവിന്‍റെ അച്ഛനെ പ്രവേശിപ്പിച്ചത് 15 ദിവസം. വെന്‍റിലേറ്റർ ഉൾപ്പടെ വേണ്ടി വന്നപ്പോൾ ചിലവായത് ലക്ഷങ്ങൾ. ചികിത്സക്കിടെ രോഗം മൂർച്ഛിച്ച് അച്ഛൻ മരിക്കുകയും ചെയ്തു.

ശരാശരി കുടുംബത്തിന് കൊവിഡ് ചികിത്സ താങ്ങാനാകില്ല.സമ്പർക്കം വഴി കുടുംബങ്ങ അംഗങ്ങൾക്ക് കൂടി രോഗം പിടിപെടുന്നതോടെ വലിയ തുക ചിലവാകും. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി വഴി സർക്കാർ ചികിത്സ ചിലവ് ഏറ്റെടുക്കുന്നതാണ് ഏക ആശ്വാസം.എന്നാൽ സംസ്ഥാനത്ത് 407 സ്വകാര്യ ആശുപത്രികൾ മാത്രമാണ് ഈ സർക്കാർ ഇൻഷുറൻസ് പദ്ധതിയിൽ പങ്കാളികളായിരിക്കുന്നത്. ഇതിൽ ഭൂരിഭാഗവും സിംഗിൾ സ്പെഷ്യാലിറ്റി ആശുപത്രികളാണ്. ഇവിടെ കൊവിഡ് ചികിത്സ ലഭ്യമാക്കാനാകില്ല. പദ്ധതിയുമായി സഹകരിക്കുന്ന 130 എണ്ണം സ്വകാര്യ മൾട്ടി സ്പെഷാലിറ്റി ആശുപത്രികളാണ്. തീവ്രവ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ കൂടുതൽ സൂപ്പർ സ്പെഷാലിറ്റി ആശുപത്രികളുമായി ചർച്ച തുടരുകയാണെന്ന് കാരുണ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്ന സ്റ്റേറ്റ് ഹെൽത്ത് ഏജൻസി പ്രതികരിച്ചു.

സർക്കാർ മേഖലയിൽ പദ്ധതിയുമായി സഹകരിക്കുന്നത് 191 ആശുപത്രികളാണ്. രണ്ട് ദിവസത്തിനുള്ളിൽ 20 ആശുപത്രികളിൽ കൂടി പദ്ധതി ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. 

സംസ്ഥാനത്ത് ഇത് വരെ കൊവിഡ് ചികിത്സയിൽ 16,989 ക്ലെയിമുകളിലായി 55 കോടി രൂപയാണ് കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി വഴി ലഭ്യമാക്കിയത്.