തിരുവനന്തപുരം: വിവാദങ്ങൾക്കിടയിലും വന്ദേ ഭാരത് ദൗത്യത്തിലെ വിമാനങ്ങളിലടക്കം കേരളത്തിലേക്ക് വരുന്ന എല്ലാവർക്കും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്ന ആവശ്യത്തിലുറച്ച് സംസ്ഥാനം. രോഗമുള്ളവരെയും ഇല്ലാത്തവരെയും ഒരേ വിമാനത്തിൽ കൊണ്ട് വരാനാകില്ലെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍ . കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാൻ തന്നെയാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളതെന്ന് മന്ത്രി ഇപി ജയരാജനും വ്യക്തമാക്കി. വിദേശത്തുനിന്നും ചാർട്ടർഡ് വിമാനങ്ങളിൽ വരുന്നവർ‍ക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയുള്ള നോർക്ക പ്രിൻസിപ്പൽ സെക്രട്ടറിയുടെ കത്ത് വൻവിവാദമായതിന് പിന്നാലെയാണ് വിശദീകരണവുമായി മന്ത്രി ഇപി ജയരാജൻ രംഗത്തെത്തിയത്. 

പല ഗൾഫ് രാജ്യങ്ങളിലും പരിശോധനക്കുള്ള സൗകര്യങ്ങളിലെന്ന പരാതി വ്യാപകമാണ്. കൊവിഡ് പരിശോധന  സൗകര്യം  ഇല്ലെങ്കിൽ അത് ഒരുക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനേയും സമീപിച്ചിട്ടുണ്ട്. ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് കത്തയക്കുകയും ചെയ്തു.  ഒരു വശത്ത് പ്രതിപക്ഷവും പ്രവാസി സംഘടനകളും സർട്ടിഫിക്കറ്റ് വിവാദത്തിൽ പ്രതിഷേധിക്കുമ്പോൾ കേന്ദ്ര തീരുമാനം വരട്ടെ എന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ . 

സര്‍ക്കാര്‍ നിലപാടിനെതിരെ കടുത്ത വിമര്‍ശനമാണ് പ്രതിപക്ഷത്തിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളത്. പ്രവാസികൾ വരേണ്ട എന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ശക്തമായ പ്രക്ഷോഭം ഇതിനെതിരെ പ്രതിപക്ഷം മുൻകയ്യെടുത്ത് സംഘടിപ്പിക്കുമെന്നും പ്രതിപക്ഷം മുന്നറിയിപ്പ് നൽകുന്നുണ്ട്. 

കേരളത്തിൻറെ അഭ്യർത്ഥന മാനിച്ച് ഇന്നലെ സൗദിയും ഇന്ന് മസ്ക്കറ്റിലെ ഇന്ത്യൻ എംബസ്സിയും കഴിഞ്ഞ ദിവസം യാത്രക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. പ്രവാസികളുടെ കൂട്ടത്തോടെയുള്ള മടക്കത്തിൽ രോഗവ്യാപന തോത് കൂടുമെന്ന വിലയിരുത്തലിൻറെ അടിസ്ഥാനത്തിലാണ് സംസ്ഥാനം സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നത്. എന്നാൽ പന്ത് കേന്ദ്രത്തിൻറെ കോർട്ടിലേക്കിട്ട സർക്കാർ ദില്ലി തീരുമാനം കാക്കുകയാണ്.