തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 6 കേസുകൾ റിപ്പോർട്ട് ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഇന്നലെ 39 പേർക്കാണ് സ്ഥിരീകരിച്ചത്. 

തിരുവനന്തപുരത്ത് 2, കൊല്ലം, മലപ്പുറം, കാസർകോട്, പാലക്കാട് എന്നിവിടങ്ങളിൽ ഓരോ പേർക്കുമാണ് രോഗം. ഇതോടെ സംസ്ഥാനത്ത് ആകെ ചികിത്സയിൽ 165 പേരാണുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കും കോട്ടയം ജില്ലയില്‍ നിന്നുള്ള രണ്ടുപേര്‍ക്കും എറണാകുളം ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കും രോഗം ഭേദമായി. 1,34,370 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 1,33,750 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. 620 പേര്‍ ആശുപത്രികളിലാണ്. ഇന്നത്തെ ദിവസം മാത്രം 148 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 6067 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 5276 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്. 

സംസ്ഥാനത്തെ മെഡിക്കൽ, എഞ്ചിനീയറിംഗ് എൻട്രൻസുകളെല്ലാം മാറ്റി വച്ചതായും മുഖ്യമന്ത്രി അറിയിച്ചു. പുതുക്കിയ തീയതികളും അപേക്ഷ ക്ഷണിക്കുന്നതുൾപ്പടെയുള്ള കാര്യങ്ങളും പിന്നീട് തീരുമാനിക്കും.

ഒപ്പം സംസ്ഥാനത്ത് സാമൂഹ്യവ്യാപനം തുടങ്ങിയോ എന്നത് ത്വരിതഗതിയിൽ പരിശോധിക്കേണ്ടതാണ്. അതിനാൽ റാപ്പിഡ് ടെസ്റ്റുകൾ തുടങ്ങണം. അതിന് കൂടുതൽ സെന്‍ററുകൾ ഏർപ്പെടുത്തും. കൂടുതൽ ലാബുകൾ തുടങ്ങും - മുഖ്യമന്ത്രി വ്യക്തമാക്കി. വെന്‍റിലേറ്റര്‍, ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവശ്യമായി സുരക്ഷാകവചങ്ങള്‍, N95 മാസ്ക്, ഓക്സിജന്‍ സിലിണ്ടറുകള്‍, ബയോ മെഡിക്കല്‍ ഉപകരണങ്ങള്‍ ഇവയുടെ എല്ലാം നിര്‍മ്മാണത്തിന് വിവിധ തലത്തിലുള്ള നടപടികള്‍ ആരംഭിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. 

കൊച്ചിയിലെ സൂപ്പര്‍ ഫാബ് ലാബ്, വന്‍കിട ചെറുകിട വ്യവസായ സംരങ്ങള്‍ ഇവയെ എല്ലാം കോര്‍ത്തിണക്കുന്ന  പദ്ധതിയാണ് ആവിഷ്കരിച്ചത്. ഈ ഉപകരണങ്ങള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് കഞ്ചിക്കോട്ട് വ്യവസായ സംരഭകരുടെ ക്ലസ്റ്റര്‍ രൂപീകരിക്കും. മോഡലുകള്‍ വികസിപ്പിക്കുന്നതിന് ഫാബിലാബിനൊപ്പം വിഎസ്എസ്‍സിയുടെ സൗകര്യവും പ്രയോജനപ്പെടുത്തും.

കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് നൂതന ആശയങ്ങള്‍ വികസിപ്പിക്കാന്‍ ബ്രേക്ക് കൊറോണ പദ്ധതി ആരംഭിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിനായി ആളുകളിൽ നിന്ന് ആശയങ്ങൾ തേടുന്നു. ഇതിന് കേരളാ സ്റ്റാര്‍ട്ട് അപ്പ് മിഷന്‍റെ സഹായത്തോടെ വെബ്സൈറ്റ് ആരംഭിച്ചു ( breakcorona.in ). ക്വാറന്‍റൈനില്‍ കഴിയുന്നവര്‍ക്കുള്ള പിന്തുണ, സമൂഹ രോഗ ബാധ തടയല്‍, മാസ്ക്കുകളും കയ്യുറകളും ഉല്‍പ്പാദിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍, ലോക്ക് ഡൗണ്‍ സംവിധാനത്തില്‍ തൊഴില്‍ അവസരവും വരുമാനവും സൃഷ്ടിക്കല്‍, ഇത്തരത്തിലുള്ള ആശയങ്ങളാണ് പ്രതീക്ഷിക്കുന്നത്. പരീക്ഷണത്തിന് സമയമില്ലാത്തതിനാല്‍ പ്രയോഗക്ഷമമായ പദ്ധതികള്‍ വെബ്സൈറ്റിലൂടെ സമര്‍പ്പിക്കാം. വിദഗ്ധരുടെ പാനല്‍ ഇവ പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും. 

പത്രങ്ങൾ അവശ്യസ‍ർവീസുകളാണെന്ന കാര്യം മറന്നുപോകരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചില റസിഡൻസ് അസോസിയേഷനുകൾ പത്രവിതരണം തടസ്സപ്പെടുത്തുന്നുണ്ട്. അത് പാടില്ല. 

'കമ്മ്യൂണിറ്റി കിച്ചനുകൾ പടമെടുക്കാനുള്ള ഇടമല്ല'

1050 കമ്മ്യൂണിറ്റി കിച്ചനുകളാണ് സംസ്ഥാനത്തെമ്പാടും തുടങ്ങിയത്. 185 കമ്മ്യൂണിറ്റി കിച്ചനുകൾ നഗരത്തിലാണ്. 934 കമ്മ്യൂണിറ്റി കിച്ചനുകൾ പഞ്ചായത്തുകളിലാണ്. നാളെയോടു കൂടി സംസ്ഥാനത്തെമ്പാടും കമ്മ്യൂണിറ്റി കിച്ചനെത്തും. തദ്ദേശസ്ഥാപനങ്ങൾ, കുടുംബശ്രീ, സഹകരണസ്ഥാപനങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ കമ്മ്യൂണിറ്റി കിച്ചണുകൾ സുഗമമായി മുന്നോട്ടുപോകുന്നു. 52000-ത്തിലേറെ പേർക്ക് ഇന്നലെ ഭക്ഷണം നൽകിയിട്ടുണ്ട്. ഇതില്‍ 41826 പേര്‍ക്ക് ഭക്ഷണം സൗജന്യമായാണ് നല്‍കിയത്. 31263 വീട്ടില്‍ ഭക്ഷണം എത്തിച്ച് നല്‍കിയിട്ടുണ്ട്. ഭക്ഷണം ലഭിക്കാന്‍ അര്‍ഹതയും ആവശ്യവും ഉള്ളവര്‍ക്ക് മാത്രമാണ് അത് നല്‍കേണ്ടത്. ഭക്ഷണം ലഭിക്കേണ്ടവര്‍ ആരെന്നത് അര്‍ഹതയുടെ അടിസ്ഥാനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തീരുമാനിക്കണം.

കമ്മ്യൂണിറ്റി കിച്ചന്‍റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ മാത്രമേ അവിടെ കടക്കാവൂ. അല്ലാത്ത ആരും കമ്മ്യൂണിറ്റി കിച്ചനില്‍ കടക്കാനേ പാടില്ല. സുരക്ഷാപരമായ കാരണങ്ങളാല്‍ തന്നെ മറ്റുള്ളവര്‍ പോകുന്നത് ഒഴിവാക്കണം. 

ഇന്ന് കേരളത്തിലെ ആദ്യമരണം

കേരളത്തിൽ ആദ്യത്തെ കൊവിഡ് മരണം സ്ഥിരീകരിച്ച ദിവസമാണിന്ന്. കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന മ‍ട്ടാഞ്ചേരി സ്വദേശിയാണ് മരിച്ചത്. 69 വയസ്സായിരുന്നു. സംസ്ഥാനത്ത് കൊവിഡ് മരണം സ്ഥിരീകരിച്ച സംഭവം നി‍ർഭാഗ്യകരവും ദുഃഖകരവുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

മാർച്ച് 16-ന് ദുബായിൽ നിന്ന് നാട്ടിൽ തിരിച്ചെത്തിയതായിരുന്നു ഇദ്ദേഹം. മാർച്ച് 22-നാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. ഇദ്ദേഹത്തിന്‍റെ ഭാര്യയും ഇദ്ദേഹത്തെ വീട്ടിലെത്തിച്ച ഓൺലൈൻ ടാക്സി ഡ്രൈവറും കൊവിഡ് രോഗത്തിന് ചികിത്സയിലാണ്. രാവിലെ എട്ട് മണിക്കാണ് മരണം സംഭവിച്ചത്.

 കടുത്ത ന്യൂമോണിയ ലക്ഷണങ്ങളോടെയാണ് ഇദ്ദേഹത്തെ ആശുപത്രിയിലാക്കുന്നത്. ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് നേരത്തെ തന്നെ ചികിത്സയിലായിരുന്നയാളാണ് ഇദ്ദേഹം. ആരോഗ്യപ്രവർത്തകർ പരമാവധി ശ്രമിച്ചെന്നും, എന്നാൽ മറ്റ് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നതിനാൽ ഇദ്ദേഹത്തെ രക്ഷിക്കാനായില്ലെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കിയിരുന്നു. 

ഇദ്ദേഹത്തിന്‍റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയില്ല. ഭാര്യയ്ക്കും മകനും വീഡിയോയിലൂടെ മൃതദേഹം കാണിച്ചുകൊടുത്തു. തുടർന്ന് ലോകാരോഗ്യസംഘടന നി‍ർദേശിച്ചിട്ടുള്ള പ്രോട്ടോക്കോൾ പ്രകാരം അതീവജാഗ്രതയോടെയാണ് മൃതദേഹം സംസ്കരിച്ചത്. 

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം തത്സമയം: