തിരുവനന്തപുരം: കാസർകോട് മെഡിക്കൽ കോളേജിനായി പുതുതായി 273 പുതിയ തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭായോഗം അനുമതി നൽകി. ഇതിന്‍റെ ആദ്യഘട്ടത്തിൽ 300 കിടക്കകളോടെ 24 മണിക്കൂർ പ്രവർത്തിക്കുന്ന അത്യാഹിതവിഭാഗം, ഒപി, ഐപി സേവനങ്ങളോടു കൂടിയ ആശുപത്രി ഉടൻ പ്രവർത്തനക്ഷമമാക്കും. പുതുതായി സൃഷ്ടിച്ച തസ്തികകളിൽ പകുതി എണ്ണത്തിലും ഉടനടി നിയമനം നടത്തുമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു.

ഈ തസ്തികകൾ സൃഷ്ടിക്കുന്നതിന് പ്രതിവർഷം 14.61 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി ഉടനടി ആശുപത്രി പ്രവർത്തനക്ഷമമാക്കാനുള്ള നടപടികളുമായാണ് സംസ്ഥാനസർക്കാർ മുന്നോട്ടുപോകുന്നത്. 50 ശതമാനത്തിന് പിന്നാലെ ആശുപത്രി ബ്ലോക്ക് സജ്ജമാക്കുന്ന മുറയ്ക്ക് ബാക്കി തസ്തികകളിലേക്ക് നിയമനം നടത്താനുള്ള അനുമതിയും നൽകിയിട്ടുണ്ട്. 

ലോക്ക് ഡൗൺ തുടങ്ങിയതോടെ കർണാടകം അതിർത്തി അടച്ചു. അതിർത്തിയിൽ ചികിത്സ കിട്ടാതെ പൊലീഞ്ഞത് 10 ജീവനുകളാണ്. വൈദ്യസഹായത്തിനും വിദഗ്ധ ചികിത്സയ്ക്കും കാസർകോട്ടുകാർ പ്രധാനമായും ആശ്രയിക്കുന്നത് മംഗളുരുവിനെയാണ്. കാസർകോട്ട് ഒരു സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി പോലും ഇക്കാലമായിട്ടുമില്ലാത്തതാണ് ഇതിന് കാരണമെന്ന ആരോപണത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.

ഒപ്പം സംസ്ഥാനത്ത് ഏറ്റവുമധികം കൊവിഡ് രോഗികളുള്ളത് കാസർകോട്ടാണ്. ഇപ്പോൾ ചികിത്സയിലുള്ള 263 രോഗികളിൽ 131 പേരും കാസർകോട്ടുകാർ തന്നെ. അതുകൊണ്ടുതന്നെ ഉടനടി സർക്കാർ മേഖലയിൽ ഒരു മെഡിക്കൽ കോളേജ് ഒപി തുറക്കേണ്ടതിന്‍റെ ആവശ്യകത സർക്കാർ തിരിച്ചറിയുന്നുമുണ്ട്ട.

നാല് ദിവസം കൊണ്ടാണ് കാസർകോട് മെഡിക്കൽ കോളേജിലെ അക്കാദമിക് ബ്ലോക്കിൽ ഏഴ് കോടി രൂപ ചിലവിട്ട് അതിവേഗത്തിൽ ഒരു കൊവിഡ് ആശുപത്രി സ്ഥാപിച്ചത്. നാല് വർഷമായി പണി നടന്ന് വന്നിരുന്ന കെട്ടിടമാണിത്. 

തസ്തികകളുടെ വിവരങ്ങൾ ഇങ്ങനെ: 91 ഡോക്ടര്‍മാര്‍, 182 അനധ്യാപക ജീവനക്കാര്‍ എന്നിവരുടെ തസ്തികകളാണ് സൃഷ്ടിക്കുന്നത്. 4 അസോസിയേറ്റ് പ്രൊഫസര്‍, 35 അസി. പ്രൊഫസര്‍, 28 സീനിയര്‍ റസിഡന്റ്, 24 ജൂനിയര്‍ റസിഡന്റ് എന്നിങ്ങനെയാണ് അധ്യാപക തസ്തിക. 1 ലേ സെക്രട്ടറി & ട്രെഷറര്‍ (സീനിയര്‍ സൂപ്രണ്ട്), 1 ജൂനിയര്‍ സൂപ്രണ്ട്, 3 സീനിയര്‍ ക്ലാര്‍ക്ക്, 3 ക്ലാര്‍ക്ക്, 1 ടൈപ്പിസ്റ്റ്, 1 കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് രണ്ട്, 1 ഓഫീസ് അറ്റന്‍ഡന്റ്, 1 സര്‍ജന്റ് ഗ്രേഡ് രണ്ട്, 3 ഫുള്‍ ടൈം സ്വീപ്പര്‍, 5 പാര്‍ട്ട് ടൈം സ്വീപ്പര്‍, 1 നഴ്‌സിംഗ് സൂപ്രണ്ട് ഗ്രേഡ് ഒന്ന്, 2 നഴ്‌സിംഗ് സൂപ്രണ്ട് ഗ്രേഡ് രണ്ട്, 5 ഹെഡ് നഴ്‌സ്, 75 സ്റ്റാഫ് നഴ്‌സ് ഗ്രേഡ് രണ്ട്, 10 നഴ്‌സിംഗ് അസിസ്റ്റന്റ്, 10 ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് ഗ്രേഡ് ഒന്ന്, 20 ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് ഗ്രേഡ് രണ്ട്, 1 ഫാര്‍മസിസ്റ്റ് സ്റ്റോര്‍ കീപ്പര്‍, 3 ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട്, 6 ലാബ് ടെക്‌നീഷ്യന്‍ ഗ്രേഡ് രണ്ട്, 3 ജൂനിയര്‍ ലാബ് അസിസ്റ്റന്റ്, 2 റിഫ്രക്ഷനിസ്റ്റ് ഗ്രേഡ് രണ്ട്, 5 റേഡിയോഗ്രാഫര്‍ ഗ്രേഡ് രണ്ട്, 2 തീയറ്റര്‍ ടെക്‌നീഷ്യന്‍ ഗ്രേഡ് രണ്ട്, 2 ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്, 1 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് രണ്ട്, 2 മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രേറിയന്‍ ഗ്രേഡ് രണ്ട്, 2 പവര്‍ ലോണ്ട്രി അറ്റന്റര്‍, 1 ഇലക്ട്രീഷ്യന്‍, 1 റെഫ്രിജറേഷന്‍ മെക്കാനിക്, 2 സി.എസ്.ആര്‍. ടെക്‌നീഷ്യന്‍, 2 ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍, 4 ഇ.സി.ജി. ടെക്‌നീഷ്യന്‍ എന്നിങ്ങനെയാണ് അനധ്യാപക തസ്തികകള്‍ സൃഷ്ടിക്കുന്നത്.