Asianet News MalayalamAsianet News Malayalam

കേന്ദ്രത്തിന്റെ പട്ടികയിൽ വയനാട് ഗ്രീന്‍ സോണില്‍: ജില്ലയിൽ പുതിയ ഇളവുകളില്ലെന്ന് മന്ത്രി, നിയന്ത്രണങ്ങൾ തുടരും

പ്രവാസികളും മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിയവരും ജില്ലയിലെ അതിർത്തികളിലൂടെ തിരിച്ച് വരാനിരിക്കേ ഇളവുകളൊന്നും അനുവദിക്കേണ്ടതില്ലെന്നാണ് തീരുമാനം.

covid 19 new regulations will not be allowed in wayanad
Author
Wayanad, First Published May 1, 2020, 2:59 PM IST

വയനാട്: വയനാട് ജില്ല കേന്ദ്രം ​​ഗ്രീൻ സോണായി പ്രഖ്യാപിച്ചെങ്കിലും പുതിയ ഇളവുകൾ ഇല്ലെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി എ കെ ശശീന്ദ്രന്‍. ജില്ലയിൽ നിലവിലെ നിയന്ത്രണങ്ങൾ കർശനമായി തുടരുമെന്ന് എ കെ ശശീന്ദ്രന്‍ അറിയിച്ചു. പ്രവാസികളും മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിയവരും ജില്ലയിലെ അതിർത്തികളിലൂടെ തിരിച്ച് വരാനിരിക്കേ ഇളവുകളൊന്നും അനുവദിക്കേണ്ടതില്ലെന്നാണ് തീരുമാനം. ജില്ലയിലെ ഏക ഹോട്ട്സ്പോയ മൂപ്പൈനാട് പഞ്ചായത്ത് പട്ടികയിൽ നിന്ന് നീക്കിയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

കേരളത്തിൽ കണ്ണൂരും കോട്ടയവും മാത്രം കൊവിഡ് റെഡ് സോണിൽ ഉൾപ്പെടുത്തി കൊണ്ടാണ് കേന്ദ്രം പുതിയ പട്ടിക ഇറക്കിയിരിക്കുന്നത്. കേന്ദ്രത്തിന്റെ പട്ടികയിൽ വയനാടും എറണാകുളവും ഗ്രീൻ സോണിലും ബാക്കി പത്ത് ജില്ലകൾ ഓറഞ്ച് സോണിലുമാണ് ഉള്ളത്. അതേസമയം, രാജ്യത്ത് റെഡ് സോണുകളുടെ എണ്ണം 130 ആയി കുറച്ചു. പട്ടികയിൽ മാറ്റം വരുത്തരുതെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

ലോക്ക് ഡൗണ്‍ കാലാവധി മെയ് മൂന്നിന് അവസാനിക്കാനിരിക്കെയാണ് രാജ്യത്തെ റെഡ് സോണുകളുടെ പുതിയ പട്ടിക കേന്ദ്രം പുറത്തിറക്കിയത്. 21 ദിവസത്തിൽ പുതിയ കേസുകൾ റിപ്പോര്‍ട്ട് ചെയ്യാത്ത ജില്ലകൾ എന്ന നിലയിലാണ് വയനാടും എറണാകുളവും ഗ്രീൻസോണിലായത്. 14 ദിവസത്തിൽ പുതിയ കേസുകൾ ഇല്ലാത്ത ജില്ലകളാണ് ഓറഞ്ച് സോണിൽ. കണ്ണൂരും കോട്ടയവും പുതിയ കേസുകൾ ഉള്ള തീവ്രമേഖലയെന്ന് കേന്ദ്രം വ്യക്തമാക്കുന്നു. മെയ് മൂന്നിന് ശേഷവും റെഡ് സോണുകൾ പൂര്‍ണമായി അടിച്ചിടണം. സമാന നിയന്ത്രണം ഓറഞ്ച് സോണിലും തുടരും. ഗ്രീൻ സോണിൽ നിയന്ത്രണങ്ങളോടെ ഇളവുകൾ നൽകും. ഇതിനായി പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കും. 

പട്ടിക കഴിഞ്ഞതവണ കേരളം ഉൾപ്പടെ ചില സംസ്ഥാനങ്ങൾ മാറ്റിയിരുന്നു. ഈ സാഹചര്യത്തിൽ ഇതിൽ കൂടുതൽ ജില്ലകളെ ഗ്രീൻസോണിലേക്ക് മാറ്റരുതെന്ന് പ്രത്യേക നിർദ്ദേശവും ആരോഗ്യ സെക്രട്ടറി നൽകിയിട്ടുണ്ട്. റെഡ് സോണിൽ പുതിയ ജില്ലകളെ ഉൾപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് തടസ്സമില്ല എന്നതുകൊണ്ട് കൂടുതൽ നിയന്ത്രണങ്ങൾ കേരളത്തിന് തീരുമാനിക്കാം.

Follow Us:
Download App:
  • android
  • ios