തിരുവനന്തപുരം: സംസ്ഥാനത്ത് ഈ ഞായറാഴ്ച ( ജൂൺ 21 ) സമ്പൂർണ്ണ ലോക്ക് ഡൗൺ ഉണ്ടാകില്ല. പ്രവേശന പരീക്ഷകൾ ഉൾപ്പെടെ നടക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇത് സംബന്ധിച്ച ചീഫ് സെക്രട്ടറിയുടെ ഉത്തരവിറങ്ങി. ഇത് സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിമാർക്കും കളക്ടർമാക്കും ഉത്തരവിൽ നിർദ്ദേശം നൽകുന്നുണ്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് സംസ്ഥാനത്ത് ഞായർ ലോക്ഡൗണിൽ ആദ്യമായി ഇളവ് നൽകിയത്. ആരാധനാലയങ്ങളിൽ പോകുന്നവർക്കും പരീക്ഷ എഴുതുന്നവർക്കും മാത്രമായിരുന്നു കഴിഞ്ഞ ആഴ്ചത്തെ ഇളവ് 

സംസ്ഥാനത്ത് ഇന്ന് 118 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ച ദിവസമാണ് ഇന്ന്. 6 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. സംസ്ഥാനത്ത് ഇത് നാലാം തവണയാണ് നൂറിലേറെ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഈമാസം അഞ്ചിന് 111 ഉം ആറിന് 108ഉം ഏഴിന് 107 പേർക്കുമായിരുന്നു രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 67 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും  45 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 96 പേർ രോഗമുക്തരായി.

ആകെ രോഗം സ്ഥിരികരിച്ചവരുടെ എണ്ണം മൂവായിരത്തോട് അടുക്കുകയാണ്. 1380 പേരാണ് നിലവിൽ ചികിത്സയിലുള്ളത്;  1509 പേർ ഇതുവരെ രോഗമുക്തരായി. മലപ്പുറം, കണ്ണൂർ, കോഴിക്കോട്, തൃശ്ശൂർ, എറണാകുളം, പത്തനംതിട്ട, കൊല്ലം എന്നി 8 ജില്ലകളിൽ ഇപ്പോൾ നൂറിലേറെ കോവിഡ് രോഗികളുണ്ട്. ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുളള മലപ്പുറത്ത് രോഗികളുടെ എണ്ണം 226 ആയി. ഇന്ന് 7 പുതിയ ഹോട്ട്സ്‌പോട്ടുകളാണുള്ളത്.  കണ്ണൂര്‍ ജില്ലയിലെ ചപ്പാരപ്പടവ്, ഇരിക്കൂര്‍, കാങ്കോല്‍-ആലപ്പടന്പ്, കീഴല്ലൂര്‍, മാടായി, രാമന്തളി, പടിയൂര്‍ എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.