മലപ്പുറം: ആശങ്കയേറ്റി മലപ്പുറത്ത് രോഗികളുടെ എണ്ണം 200 കടന്നതോടെ അതീവജാഗ്രതയിലാണ് ജില്ല. ഇന്ന് മൂന്ന് പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 204 ആയി. 38 പേർക്ക് ഇതിൽ സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നും മറ്റൊരാള്‍ വിദേശ രാജ്യത്ത് നിന്നും എത്തിയവരാണ്.

പുതുതായി രോഗബാധ സ്ഥിരീകരിച്ചവര്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ക്ക് പുറമേ മഞ്ചേരിയില്‍ ചികിത്സയിലുള്ള തൃശ്ശൂര്‍ ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകയ്ക്കും ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 

നിലവിൽ ജില്ലയിൽ ചികിത്സയിലുള്ള മറ്റ് ജില്ലക്കാരുടെ വിവരങ്ങൾ ഇങ്ങനെ: പത്തനംതിട്ട - 1,ഇടുക്കി - 1, തൃശ്ശൂര്‍ - 3, പാലക്കാട് - 5, ആലപ്പുഴ - 2, എയര്‍ ഇന്ത്യ ജീവനക്കാരൻ - 1, കോഴിക്കോട് - 2, തിരുവനന്തപുരം - 1.

പെരിന്തല്‍മണ്ണ ഫയര്‍ഫോഴ്സിനൊപ്പം പ്രവര്‍ത്തിച്ച സിവില്‍ ഡിഫന്‍സ് ഫോഴ്സ് വളണ്ടിയറായ 30 കാരനാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്. ഇദ്ദേഹം കരുവാരക്കുണ്ട് ഇരിങ്ങാട്ടിരി സ്വദേശിയാണ്. ജൂണ്‍ ആറിന് റിയാദില്‍ നിന്നും കരിപ്പൂര്‍ വഴി നാട്ടിലെത്തിയ ഒഴൂര്‍ ഓമച്ചപ്പുഴ സ്വദേശിയായ 40-കാരന്‍, ജൂണ്‍ ഒന്നിന് മുംബൈയില്‍ നിന്നും വിമാനമാര്‍ഗം നാട്ടിലെത്തിയ മംഗലം കൂട്ടായി സ്വദേശി 40-കാരന്‍ എന്നിവര്‍ക്കുമാണ് ജില്ലയില്‍ പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. 

മഞ്ചേരിയില്‍ ചികിത്സയിലുള്ള തൃശ്ശൂര്‍ ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തക മാറഞ്ചേരി സ്വദേശിനി 43 വയസ്സുകാരിക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

മലപ്പുറത്ത് കൊവിഡിന് ആകെ ചികിത്സ നൽകാനുള്ള ആശുപത്രി മഞ്ചേരി മെഡിക്കൽ കോളേജ് മാത്രമാണ്. ജനസംഖ്യയുടെ കണക്ക് പരിശോധിച്ചാൽ കേരളത്തിലെ ഏറ്റവും വലിയ ജില്ലകളിലൊന്നാണ് മലപ്പുറം. പ്രവാസികൾ നിരവധി ഇനിയും വരാൻ സാധ്യതയുള്ള ജില്ല. കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയവരിൽ രോഗലക്ഷണങ്ങളുണ്ടെങ്കിൽ അവരെ ഐസൊലേഷനിലാക്കേണ്ടത് മലപ്പുറത്ത് തന്നെയാണ്. വെള്ളിയാഴ്ചയും ശനിയാഴ്ചയും 14, 15 എന്നിങ്ങനെയാണ് രോഗം ബാധിച്ചവരുടെ എണ്ണം. കരിപ്പൂർ വിമാനത്താവളത്തിൽ ഉദ്യോഗസ്ഥന് തന്നെ രോഗം സ്ഥിരീകരിച്ചത് വലിയ ആശങ്കയാണ് ഉയർത്തുന്നത്. നിരവധി ഉദ്യോഗസ്ഥർ ക്വാറന്‍റീനിലാണ്. 

ആശുപത്രികളിലും വീടുകളിലുമായി  13,322 പേര്‍ ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുണ്ട്. 283 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതില്‍  മൂന്നുപേര്‍ മരിച്ചതൊഴിച്ചാല്‍ ബാക്കി 73 പേര്‍ ചികിത്സയിലൂടെ രോഗമുക്തി നേടിയിട്ടുണ്ട്. 1,152 പേരുടെ പരിശോധനാ ഫലങ്ങള്‍ ഇനി ലഭിക്കാനുമുണ്ട്. സമ്പര്‍ക്കത്തിലൂടെ രോഗം പകരുന്നത് വര്‍ദ്ധിച്ച സാഹചര്യത്തില്‍ കര്‍ശന ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഹോട്ട്സ്പോട്ടുകളില്‍ നിയന്ത്രണം കൂടുതല്‍ കര്‍ശനമാക്കണമെന്നും മഞ്ചേരിയില്‍ ഹോട്ട്സ്പോട്ട് തുടരണമെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍  മഞ്ചേരിയില്‍ ഒമ്പതു വാര്‍ഡുകള്‍ ജില്ലാ കലക്ടര്‍  ഹോട്ട്സ്പോട്ടായി നിലനിര്‍ത്തി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ആരോഗ്യ   സുരക്ഷയും ജാഗ്രതയും വര്‍ദ്ധിപ്പിക്കാനും ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്.