തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 ഭീതി ഒഴിഞ്ഞെന്ന് ആരോഗ്യ മന്ത്രി. എന്നാല്‍ ലോകരാഷ്ട്രങ്ങളിൽ കൊവിഡ് 19  പടരുന്ന സാഹചര്യത്തിൽ കൊവിഡ് 19 മുക്തമായി സംസ്ഥാനത്തെ പ്രഖ്യാപിക്കാനാവില്ലെന്നും മന്ത്രി വിശദീകരിച്ചു.  വിമാനത്താവളങ്ങളിൽ അടക്കം നിരീക്ഷണം തുടരും.

കൊച്ചിയിൽ കൊവിഡ് 19 സംശയിച്ചതിനെ തുടര്‍ന്ന് നിരീക്ഷണത്തില്‍ ഉള്ളയാളുടെ മരണം കൊറോണ മൂലമല്ല എന്നാണ് ആദ്യഫലം. രണ്ടാമത്തെ പരിശോധനാ ഫലം കൂടി വരേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. കോവിഡ് 19 സംശയിച്ചതിനെ തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജിലെ ഐസോലേഷൻ വാർഡിൽ ചികിത്സയിലായിരുന്ന രോഗിയാണ് ഇന്ന് മരിച്ചത്. കണ്ണൂര്‍ സ്വദേശിയാണ് മരിച്ചയാള്‍. മലേഷ്യയിൽ നിന്നെത്തിയ ഇയാളെ ഇന്നലെ പുലർച്ചെയാണ് ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. 

അതേസമയം  ഓണ്‍ലൈനായി മരുന്ന് വില്‍പ്പന നടത്തുന്നത് നിയന്ത്രിക്കണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.  കേന്ദ്രത്തിന്‍റെ ഇടപെടല്‍ ഇതിന് ആവശ്യമാണെന്നും സംസ്ഥാന സര്‍ക്കാരിന് മാത്രമായി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ആവില്ലെന്നും മന്ത്രി പറഞ്ഞു. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഓണ്‍ലൈനിൽ നിയമവിരുദ്ധമായി മരുന്ന് വില്‍പ്പന നടത്തുന്നതിന്‍റെ ഞെട്ടിക്കുന്ന വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസ് പുറത്തുകൊണ്ടുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം.

Read More: കൊവിഡ് 19 ബാധ സംശയത്തെ തുടര്‍ന്ന് ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച കണ്ണൂര്‍ സ്വദേശി മരിച്ചു...