തിരുവനന്തപുരം: സംസ്ഥാനത്ത് കേരളാ എഞ്ചിനീയറിംഗ് എൻട്രൻസ് എഴുതിയ ഒരു വിദ്യാർത്ഥിക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം വലിയതുറ സെന്‍റ് ആന്‍റണീസ് സ്കൂളിൽ പരീക്ഷ എഴുതിയ, പൂന്തുറ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ വിദ്യാർത്ഥിയുടെ അമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെത്തുടർന്നാണ് പരിശോധന നടത്തിയത്.

20-ാം തീയതിയാണ് വിദ്യാർത്ഥിക്ക് പരിശോധന നടത്തിയത്. തിരുവനന്തപുരത്ത് നിന്ന് മാത്രം രോഗം ബാധിച്ച മൂന്നാമത്തെ വിദ്യാർത്ഥിയാണ്. സംസ്ഥാനത്ത് അഞ്ച് പേർക്കാണ് ഇത് വരെ കീം പരീക്ഷയുമായി ബന്ധപ്പെട്ട് രോഗം കണ്ടെത്തിയത്. കോഴിക്കോട്ട് ഒന്നും, തിരുവനന്തപുരത്ത് മൂന്നും വിദ്യാർത്ഥികൾക്കും ഒരു രക്ഷിതാവിനുമാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 

കൊവിഡ് വ്യാപനം ഉയരുന്നതിനിടെ കീം പരീക്ഷ നടത്തുന്നതിൽ നേരത്തെ തന്നെ രക്ഷിതാക്കളും വിദ്യാർത്ഥികളും ആശങ്ക ഉയർത്തിയതാണ്. എന്നാൽ കൂടുതൽ ക്രമീകരണങ്ങളൊരുക്കി സർക്കാർ പരീക്ഷാ നടത്തിപ്പുമായി മുന്നോട്ട് പോയി.

Read more at: 'ജാഗ്രതക്കുറവ് ഉണ്ടായിട്ടില്ല'; കീം പരീക്ഷ നടത്തിപ്പില്‍ മുഖ്യമന്ത്രി

ട്രിപ്പിൾ ലോക്ക് ഡൗൺ ഉണ്ടായിരുന്ന തലസ്ഥാനത്തെ പരീക്ഷാകേന്ദ്രത്തിൽ ആളുകൾ കൂട്ടം കൂടിയത് വലിയ ചർച്ചയായിരുന്നു. ഇപ്പോൾ പരീക്ഷ എഴുതിയവർക്ക് ഉണ്ടായ രോഗബാധ ഉണ്ടാക്കുന്നത് വലിയ പ്രതിസന്ധിയാണ്. തെക്കാട് ബിഎഡ് സെന്‍ററിൽ പരീക്ഷ എഴുതിയ പൊഴിയൂർ സ്വദേശിയായ വിദ്യാർത്ഥിക്കും കരമന ഗവൺമെന്‍റ് ഗേൾസ് ഹയർസെക്കന്‍ററി സ്കൂളിൽ പരീക്ഷ എഴുതിയ കരകുളം സ്വദേശിയായ വിദ്യാർത്ഥിക്കുമാണ് തിരുവനന്തപുരത്ത് രോഗബാധ സ്ഥിരീകരിച്ചത്. പിന്നാലെ കൊല്ലത്ത് നിന്ന് തിരുവനന്തപുരത്ത് എത്തി പരീക്ഷ എഴുതിയ വിദ്യാർത്ഥിക്കും കൊവിഡ് കണ്ടെത്തി.

നേരത്തെ രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്ന കരകുളം സ്വദേശി പ്രത്യേക മുറിയിലാണ് പരീക്ഷ എഴുതിയത്. കോട്ടൺഹിൽ സ്കൂളിൽ കുട്ടിക്കൊപ്പമെത്തിയ മണക്കാട് സ്വദേശിയായ രക്ഷിതാവിനാണ് രോഗം സ്ഥിരീകരിച്ചത്. പരീക്ഷ തീരും വരെ രക്ഷിതാവ് സ്കൂളിന് മുന്നിൽ ഉണ്ടായിരുന്നു. ഇവിടെ ഉണ്ടായിരുന്ന മുഴുവൻ രക്ഷിതാക്കളോടും ജാഗ്രത പാലിക്കാനും രോഗലക്ഷണമുണ്ടെങ്കിൽ ചികിത്സ തേടാനും ജില്ലാ കലക്ടർ ആവശ്യപ്പെട്ടു. 

കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ് സ്കൂളിൽ പരീക്ഷയെഴുതിയ ഒളവണ്ണ സ്വദേശിയായ വിദ്യാർത്ഥിക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഈ വിദ്യാർത്ഥിക്കൊപ്പം ഹാളിൽ പരീക്ഷ എഴുതിയ 20 പേരെയും ഇൻവിജിലേറ്റർമാരെയും വളണ്ടിയർമാരെയും നിരീക്ഷണത്തിലേക്ക് മാറ്റി. ക്രിസ്ത്യൻ  കോളേജ് സ്കൂളിൽ രോഗം ബാധിച്ച വിദ്യാർത്ഥിക്കൊപ്പം ഹാളിൽ പരീക്ഷയെഴുതിയവരോടും നിരീക്ഷണത്തിലേക്ക് മാറാൻ ജില്ലാ കളക്ടർ ആവശ്യപ്പെട്ടു.