കേരളത്തില്‍ ഇന്നലെ 20,624 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.31 ആണ്

തിരുവനന്തപുരം: കേരളത്തിലെ കൊവിഡ് സാഹചര്യം വിലയിരുത്താനെത്തിയ കേന്ദ്ര സംഘത്തിന്‍റെ പരിശോധന ഇന്നും തുടരും. നാഷനൽ സെന്‍റര്‍ ഫോർ ഡിസീസ് കൺട്രോൾ ഡയറക്ടർ ഡോ.സുജീത് സിംഗിന്‍റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് കേരളത്തിലെ സാഹചര്യം വിലയിരുത്താനെത്തിയിട്ടുള്ളത്. പത്തനംതിട്ട, കോട്ടയം ജില്ലകളിലെ സ്ഥിതിയാണ് സംഘം ഇന്ന് വിലയിരുത്തുക. തിങ്കളാഴ്ച ആരോഗ്യമന്ത്രിയും ഉന്നതോദ്യോഗസ്ഥരുമായി സംഘം കൂടിക്കാഴ്ച നടത്തും.

അതേസമയം ഇന്നലെ ആലപ്പുഴയിലെത്തി കേന്ദ്രസംഘം പരിശോധന നടത്തിയിരുന്നു. കളക്ടേറ്റിലെത്തിയ സംഘം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, കൊവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരുമായി ചർച്ച നടത്തി. രാജ്യത്തെ പുതിയ കൊവിഡ് കേസുകളിൽ പകുതിയിലേറെയും റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തിലായതിനാലാണ് കേന്ദ്രം സാഹചര്യം വിലയിരുത്താനായി സംഘത്തെ അയച്ചത്.

കേരളത്തില്‍ ഇന്നലെ 20,624 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. മലപ്പുറം 3474, തൃശൂര്‍ 2693, പാലക്കാട് 2209, കോഴിക്കോട് 2113, എറണാകുളം 2072, കൊല്ലം 1371, കണ്ണൂര്‍ 1243, ആലപ്പുഴ 1120, കോട്ടയം 1111, തിരുവനന്തപുരം 969, കാസര്‍ഗോഡ് 715, പത്തനംതിട്ട 629, വയനാട് 530, ഇടുക്കി 375 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്.

1,67,579 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.31 ആണ്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 16,865 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 1,64,500 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 32,08,969 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,55,078 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,26,640 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 28,438 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2945 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona