കണ്ണൂർ: കൊവിഡ് 19 മുൻകരുതൽ നടപടികളുടെ ഭാഗമായി കണ്ണൂർ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിലെ പയംകുറ്റി ഒഴികെയുള്ള എല്ലാ നിത്യ പൂജകളും  നിർത്തലാക്കി. കുട്ടികളുടെ ചോറൂണടക്കമുള്ള ചടങ്ങും നിർത്തിവച്ചിരിക്കുകയാണ്. ദിവസവും ആയിരങ്ങളെത്തുന്ന മഠപ്പുര ഇപ്പോൾ വിജനമായ സ്ഥിതിയാണ്. 

ഭക്തർക്ക് നേരിട്ടെത്തി അനുഗ്രഹം നൽകുന്ന മുത്തപ്പൻ വെള്ളാട്ടവും കൊവിഡ് 19 ഭീതി മാറും വരെ ഉണ്ടാകില്ല. എല്ലാ ദിവസവും രാവിലെ നടക്കുന്ന തിരുവപ്പനയും പ്രസാദവും അന്നദാനവുമെല്ലാം മുൻകരുതൽ നടപടികളുടെ ഭാഗമായി നിർത്തിവച്ചിരിക്കുകയാണ്. 

ശനി ഞായർ ദിവസങ്ങളിൽ പതിനായിരത്തോളം പേരാണ് സാധാരണ ഗതിയിൽ പറശ്ശിനിക്കടവിൽ എത്താറ്, മറ്റ് ദിവസങ്ങളിൽ മൂവായിരത്തിനടുത്ത് ആൾക്കാർ എത്താറുണ്ടെന്നാണ് കണക്ക്. എന്നാൽ കൊറോണ ഭീതി പരന്നതോടെ ക്ഷേത്ര പരിസരം വിജനമാണ്. 

ഗുരുവായൂർ അമ്പലത്തിലും സാധരണയെ അപേക്ഷിച്ച് തിരക്ക് വളരെ കുറവാണ്. അവിടെയും ക്ഷേത്ര ഉത്സവത്തിന് നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉത്സവത്തിൻ്റെ ഭാഗമായുള്ള കലാപരിപാടികളും പ്രസാദ ഊട്ടും നിർത്തി വയ്ക്കാൻ നേരത്തെ തീരുമാനമായിരുന്നു. ഈ മാസം 31 വരെ ആനക്കോട്ടയിൽ സന്ദർശകർക്ക് വിലക്കുണ്ട്. നേരത്തെ കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തിൽ ശബരിമല ക്ഷേത്രത്തിലും നിയന്ത്രണങ്ങൾ നിര്‍ദ്ദേശിച്ചിരുന്നു. 

കൊച്ചിൻ ദേവസ്വം ബോർഡിനു കീഴിലെ എല്ലാ ക്ഷേത്രങ്ങളിലെയും ഉത്സവങ്ങള്‍ ആഘോഷം ഒഴിവാക്കി ചടങ്ങ് മാത്രമാക്കി നടത്താനാണ് തീരുമാനം. തൃശൂർ പൂരം, ആറാട്ടുപുഴ പൂരം എന്നിവയെക്കുറിച്ച് ഇപ്പോൾ തീരുമാനിച്ചിട്ടില്ലെന്നും ദേവസ്വം ബോർഡ് അറിയിച്ചു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക