Asianet News MalayalamAsianet News Malayalam

തർക്കം നീണ്ടത് രണ്ട് ദിവസം, കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ഇടവക പള്ളിയിൽ തന്നെ സംസ്കരിച്ചു

രണ്ട് ദിവസമാണ് ചാലക്കുടി സ്വദേശി ഡിനി ചാക്കോയുടെ മൃതദേഹം സംസ്കരിക്കാൻ പള്ളി വിസമ്മതിച്ചതോടെ മോർച്ചറിയിൽ കിടന്നത്. ഒടുവിൽ ജില്ലാ ഭരണകൂടം ഇടപെട്ടതോടെയാണ് ഇക്കാര്യത്തിൽ ഒത്തുതീർപ്പായത്.

covid 19 patient died at chalakkudy will be cremated in church cemetry
Author
Chalakudy, First Published Jun 10, 2020, 10:08 PM IST

തൃശ്ശൂർ: ചാലക്കുടിയിൽ കൊവിഡ് ബാധിച്ച് മരിച്ച ഡിനി ചാക്കോയുടെ മൃതദേഹം സംസ്കരിക്കാനാവാതെ മോർച്ചറിയിൽ കിടന്നത് രണ്ട് ദിവസം. പള്ളിപ്പറമ്പിൽ മൃതദേഹം സംസ്കരിക്കാനാവില്ലെന്ന് ഇടവക പള്ളിയായ തച്ചുടപ്പറമ്പ് സെന്‍റ് സെബാസ്റ്റ്യൻ പള്ളിയും, ഇവിടെത്തന്നെ സംസ്കരിക്കണമെന്ന് വീട്ടുകാരും ഉറച്ച നിലപാടെടുത്തതോടെയാണ് ഡിനിയുടെ മൃതദേഹം രണ്ട് ദിവസം മോർച്ചറിയിൽ സൂക്ഷിക്കേണ്ടി വന്നത്. ഒടുവിൽ ജില്ലാ കളക്ടർ ഇടപെട്ട് നേരിട്ട് ചർച്ചകൾ നടത്തിയതോടെ, പള്ളിപ്പറമ്പിൽ സംസ്കരിക്കാമെന്ന് ഇടവക പള്ളി അധികൃതർ അയഞ്ഞു. വൈകിട്ട് എട്ട് മണിയോടെ മൃതദേഹം പള്ളിപ്പറമ്പിൽത്തന്നെ എല്ലാ പ്രോട്ടോക്കോളും ബാധിച്ച് സംസ്കരിച്ചു. 

അറകൾ ഉള്ള സെമിത്തേരി ആയതിനാൽ കോവിഡ് പ്രോട്ടോകോൾ പ്രകാരം സംസ്കാരം നടത്താൻ ആവില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കിയിരുന്നു. പള്ളിപ്പറമ്പിൽ സംസ്കരിക്കാൻ അനുവദിക്കില്ലെന്ന് പളളി കമ്മിറ്റിയും വ്യക്തമാക്കിയതോടെ പ്രശ്നം കൂടുതൽ സങ്കീർണമായി. മാലി ദ്വീപിൽ നിന്നും മെയ് മാസം നാട്ടിലെത്തിയ ഡിനി തിങ്കളാഴ്ച ഉച്ചയ്ക്കാണ് മരിച്ചത്. 

ഇടവക പള്ളിയായ തച്ചുടപറമ്പ് സെന്‍റ് സെബാസ്റ്റ്യൻ പള്ളിയിൽ കോൺക്രീറ്റ് അറകൾ ഉള്ള സെമിത്തേരിയാണുള്ളത്. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം 12 അടി ആഴത്തിൽ കുഴിയെടുത്തു ഇവിടെ സംസ്കരിക്കാൻ ആവില്ല. പള്ളിപ്പറമ്പിൽ സംസ്കാരം നടത്താൻ ആരോഗ്യവകുപ്പ് അധികൃതരും ജില്ലാ അധികൃതരും ഒരുക്കമായിരുന്നു. എന്നാൽ പള്ളി കമ്മിറ്റിയും പ്രദേശവാസികളും ഇതിനെതിരെ രംഗത്തുവന്നു. ചതുപ്പുള്ള പ്രദേശമായതിനാൽ അഞ്ചടി ആഴത്തിൽ കുഴിക്കുമ്പോൾ തന്നെ വെള്ളം കാണുമെന്നും മാലിന്യം സമീപത്തെ കിണറുകളിലേക്കു പടരുമെന്നുമായിരുന്നു ഇവരുടെ ആശങ്ക.

മരിച്ച രോഗിയുടെ കുടുംബത്തിന് ഇത് വികാരപരമായിക്കൂടി വലിയ പ്രശ്നം സൃഷ്ടിച്ചതോടെയാണ്. പ്രശ്നപരിഹാരത്തിനായി ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാർ പോൾ കണ്ണൂക്കാടന്‍റെയും ജില്ലാ ഭരണകൂടത്തിന്‍റെയും നേതൃത്വത്തിൽ ചർച്ചകൾ തുടങ്ങിയത്. നഗരസഭയുടെ പൊതുശ്മശാനത്തതിൽ സംസ്കരിച്ച ശേഷം അവശേഷിപ്പുകൾ കല്ലറയിൽ വയ്ക്കാം എന്ന നിർദേശം അധികൃതർ മുന്നോട്ട് വച്ചെങ്കിലും,  ഡിനിയുടെ കുടുംബം ഇതിന് തയ്യാറായില്ല. തുടർന്ന് 48 മണിക്കൂറായി ഡിനിയുടെ മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിക്കേണ്ടി വന്നു. ഒടുവിൽ ജില്ലാ ഭരണകൂടം പള്ളിപ്പറമ്പിൽത്തന്നെ സംസ്കരിക്കാൻ സമ്മതിക്കണമെന്ന് കർശനനിലപാട് എടുത്തതോടെ അധികൃതർ വഴങ്ങി. പ്രോട്ടോകോൾ പ്രകാരമുള്ള സംസ്കാരത്തിനായി കുഴിയെടുത്ത് പ്രാർത്ഥനകൾ പൂർത്തിയാക്കുകയും ചെയ്തു. 

Follow Us:
Download App:
  • android
  • ios