Asianet News MalayalamAsianet News Malayalam

ചെന്നൈയില്‍ നിന്നെത്തിയ കൊവിഡ് രോഗി വാളയാറില്‍ എത്തിയത് പാസില്ലാതെ

ഇയാളോടൊപ്പം എത്തിയ മറ്റ് എട്ട് പേര്‍ക്കും നിരീക്ഷണം ഏര്‍പ്പെടുത്തിയെന്ന് കലക്ടര്‍ അറിയിച്ചു. ഇതോടെ മലപ്പുറം ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 26 ആയി.

covid 19 Patient reach kerala with out entry pass
Author
Palakkad, First Published May 13, 2020, 8:35 AM IST

പാലക്കാട്: ഇതര സംസ്ഥാനത്തെ മലയാളികള്‍ക്ക് സംസ്ഥാനത്തേക്ക് കടക്കാന്‍ നിര്‍ദേശിച്ച പാസ് എടുക്കാതെ വാളയാര്‍ വഴി എത്തിയ മലപ്പുറം സ്വദേശിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ചെന്നൈയില്‍ നിന്ന് എത്തിയ മലപ്പുറം പള്ളിക്കല്‍ ബസാര്‍ സ്വദേശിയായ 44കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് മലപ്പുറം കലക്ടര്‍ ജാഫര്‍ മാലിക് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. 

ചെന്നൈ കൊട്ടിപ്പാക്കത്ത് ജ്യൂസ് കടയിലെ ജീവനക്കാരനായിരുന്ന ഇയാള്‍ മറ്റ് ഒമ്പത് പേര്‍ക്കൊപ്പമാണ് ചെന്നൈയില്‍ നിന്ന് മിനിബസില്‍ പാസ് എടുക്കാതെ വാളയാറിലെത്തിയത്. മെയ് എട്ടിന് ചെന്നൈയില്‍ നിന്ന് പുറപ്പെട്ട ഇവര്‍ ഒമ്പതിന് രാവിലെ വാളയാറെത്തി. അവിടെ വെച്ച് ഉദ്യോഗസ്ഥര്‍ ഇവരുടെ വാഹനം തടഞ്ഞു. ദേഹാസ്വാസ്ഥ്യവും തലവേദനയും ഛര്‍ദ്ദിയും ബാധിച്ച ഇയാളെയും മറ്റൊരു സുഹൃത്തിനെയും പാലക്കാട് ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. പിന്നീട് നടത്തിയ സാമ്പിള്‍ പരിശോധനയിലാണ് ഇയാള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചത്. കോഴിക്കോട് സ്വദേശിയും നിരീക്ഷണത്തിലാണ്. ഇയാളോടൊപ്പം എത്തിയ മറ്റ് എട്ട് പേര്‍ക്കും നിരീക്ഷണം ഏര്‍പ്പെടുത്തിയെന്ന് കലക്ടര്‍ അറിയിച്ചു. ഇതോടെ മലപ്പുറം ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 26 ആയി.

പാസില്ലാതെ സംസ്ഥാന അതിര്‍ത്തിയില്‍ എത്തുന്നവരുടെ പ്രശ്‌നം വിവാദമായിരുന്നു. പാസില്ലാതെ എത്തുന്നവരെ പ്രവേശിപ്പിക്കണ്ടെന്ന സംസ്ഥാന നിലപാടിനെ തുടര്‍ന്ന് നിരവധി പേര്‍ അതിര്‍ത്തികളില്‍ കുടുങ്ങി. തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഒടുവില്‍ ഇപ്പോള്‍ എത്തിയവരെ പ്രവേശിപ്പിക്കണമെന്നും പാസ് നിര്‍ബന്ധമാക്കിയ സംസ്ഥാന സര്‍ക്കാര്‍ നടപടി ശരിയാണെന്നും ഹൈക്കോടതി ഉത്തരവിട്ടതോടെയാണ് പ്രശ്‌നങ്ങള്‍ അവസാനിച്ചത്.
 

Follow Us:
Download App:
  • android
  • ios