ഇടുക്കി: സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചതായി മുഖ്യമന്ത്രി സ്ഥിരീകരിച്ചയാൾ ഇടുക്കി ജില്ലയിലെത്തിയത് കാട്ടുപാത വഴി നടന്നെന്ന് ജില്ലാ ഭരണകൂടം. ഇന്നലെയാണ് ഇടുക്കി അയ്യപ്പൻ കോവിൽ സ്വദേശി നാരായണൻ മരിച്ചത്. 75 വയസ്സായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ വച്ചാണ് ഇദ്ദേഹം മരിച്ചത്. കനത്ത ജാഗ്രതയാണ് സംസ്ഥാന അതിർത്തികളിലെ കാട്ടുപാതകളിൽ ജില്ലാ ഭരണകൂടം സ്വീകരിക്കുന്നത്. എന്നാൽ ഇത് മറികടന്നും ആളുകൾ പല ഊടുവഴികളിലൂടെയും കേരളത്തിലേക്ക് എത്തുകയും വിവരം അധികൃതരെ അറിയിക്കാതിരിക്കുകയും ചെയ്യുന്നുണ്ട്. ഇങ്ങനെ യാത്ര ചെയ്താൽ കർശന നടപടിയുണ്ടാകുമെന്ന് പല തവണ സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. 

ഇടുക്കി മെഡിക്കൽ കോളേജിലായിരുന്നു നാരായണനും മകനും ചികിത്സയിൽ കഴിഞ്ഞിരുന്നത്. ആരോഗ്യനില വഷളായതിനെ തുടർന്ന് ഇടുക്കി മെഡിക്കൽ കോളേജിൽ നിന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോവുകയായിരുന്നു. 

കഴിഞ്ഞ 16-ാം തീയതിയാണ് തമിഴ്നാട്ടിൽ നിന്ന് രഹസ്യപാതയിലൂടെ നാരായണനും മകനും കേരളത്തിലെത്തിയത്. ജാഗ്രത പോർട്ടലിൽ റജിസ്റ്റർ ചെയ്യുകയോ സ്ഥലത്തെ ആരോഗ്യപ്രവർത്തകരെ ഇക്കാര്യം അറിയിക്കുകയോ ചെയ്തില്ല. തുടർന്ന് സ്വന്തം ഏലത്തോട്ടത്തിലെ വീട്ടിൽ ആരുമറിയാതെ താമസിച്ച് വരികയായിരുന്നു രണ്ട് പേരും. 

ഇക്കാര്യമറിഞ്ഞ നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തേക്ക് പൊലീസ് എത്തി. വിവരങ്ങൾ പരിശോധിച്ചു. സ്പെഷ്യൽ ബ്രാഞ്ച് വിവരത്തെത്തുടർന്ന് ആരോഗ്യപ്രവർത്തകർ എത്തി ഇരുവരുടെയും സ്രവമെടുത്ത് പരിശോധിച്ചു. പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചതോടെ രണ്ടുപേരെയും ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.