Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കൊവിഡ്; തിരുവനന്തപുരത്തും കാസര്‍കോട്ടും രണ്ട് കേസ് വീതം

കൊവിഡ് മരണം നടന്ന തിരുവനന്തപുരത്തെ പോത്തൻകോട് അതീവ ജാഗ്രതയിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍. പോത്തൻകോട് മാത്രമല്ല സമീപ പ‍ഞ്ചായത്തുകളിലെ മൂന്ന് കിലോമീറ്റര്‍ ചുറ്റവിൽ എല്ലാവരേയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. 

Covid 19 pinarayi vijayan explain  kerala situation 31 3 2020
Author
Trivandrum, First Published Mar 31, 2020, 6:04 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം കാസര്കോട് ജില്ലകളിൽ രണ്ട് പേര്‍ വീതവും കൊല്ലം തൃശൂര്‍ കണ്ണൂര്‍ ജില്ലകളിൽ ഓരോ ആളുകളുമാണ് വൈറസ് ബാധിച്ചവരുള്ളത്. 

ഇതോടെ രോഗം ബാധിവരുടെ എണ്ണം 215 ആയി. പത്തനംതിട്ട കണ്ണൂർ ജില്ലകളിൽ രണ്ട് പേരുടെ വീതം പരിശോധനാ ഫലം നെഗറ്റീവായി വന്നു,.നിരീക്ഷണത്തിൽ ഇപ്പോഴുള്ളത് 1.69 ലക്ഷം പേർ. വീടുകളിൽ 162471 പേരുണ്ട്. ആശുപത്രികളിൽ 658 പേർ കഴിയുന്നു. ഇന്ന് മാത്രം 150 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

7485 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. 6381 എണ്ണത്തിൽ രോഗബാധയില്ലെന്ന് ഉറപ്പായി. ലാബുകളിൽ കൂടുതൽ സാമ്പിളുകൾ എടുക്കുന്നു. ടെസ്റ്റിങിൽ നല്ല പുരോഗതിയുണ്ട്. കൂടുതൽ സാമ്പിളുകൾ ടെസ്റ്റ് ചെയ്ത് റിസൾട്ട് വാങ്ങാനാവുമന്നാണ് കണക്ക് കൂട്ടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

പോത്തൻകോട് സ്വദേശി അബ്ദുൾ റഷീദിന്‍റെ മരണത്തോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം രണ്ടായി. സമ്പര്‍ക്കം എവിടെ നിന്നാണെന്ന് വ്യക്തമല്ലെങ്കിലും ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് ആരോഗ്യ വകുപ്പ് വിശദീകരിക്കുന്നത്. ഹൃദ് രോഗം അടക്കമുള്ള രോഗങ്ങൾ ഇദ്ദേഹത്തെ അലട്ടിയിരുന്നു.

കൊവിഡ് മരണം നടന്ന തിരുവനന്തപുരത്തെ പോത്തൻകോട് അതീവ ജാഗ്രതയിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍. പോത്തൻകോട് മാത്രമല്ല സമീപ പ‍ഞ്ചായത്തുകളിലെ മൂന്ന് കിലോമീറ്റര്‍ ചുറ്റവിൽ എല്ലാവരേയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. 

കാസർകോട് ജില്ലയിൽ 163 പേർ ആശുപത്രിയിൽ. കണ്ണൂരിൽ 108 പേരും മലപ്പുറത്ത് 102 പേരും ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്. കാസർകോട് ജില്ലക്ക് വേണ്ടി പ്രത്യേക ആക്ഷൻ പ്ലാൻ നടപ്പാക്കും. പഞ്ചായത്ത് തല ഡാറ്റയെടുത്ത് പെട്ടെന്ന് പരിശോധനക്ക് അയക്കും. 

 രോഗലക്ഷണം ഉള്ലവരുടെയും അവരുമായി ബന്ധപ്പെട്ടവരുടെയും ലിസ്റ്റ് തയ്യാറാക്കും.
 കാസർകോട് മെഡിക്കൽ കോളേജിൽ പ്രവർത്തനം തുടങ്ങും. മാസ്കുകൾക്ക് ദൗർലഭ്യമില്ല. എൻ95 മാസ്ക് രോഗികളുമായി നേരിട്ട് ബന്ധപ്പെടുന്നവർക്ക് മാത്രം ഉപയോഗിക്കാവുന്ന നിലയിലാക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. 

നിസാമുദ്ദീനിലും മലേഷ്യയിലും നടന്ന തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയവർക്ക് രോഗബാധയുണ്ടോയെന്ന് പരിശോധിക്കും. പൊലീസ് വിശദമായ പരിശോധന നടത്തി പങ്കെടുത്തവരുടെ ലിസ്റ്റ് കളക്ടർമാർ മുഖേന നൽകി. ബന്ധപ്പെട്ട ജില്ലകളിൽ മുൻകരുതൽ സ്വീകരിക്കുന്നുണ്ട്. 

സംസ്ഥാനത്ത് സൗജന്യ റേഷൻ വിതരണം നാളെ മുതൽ ആരംഭിക്കും. രാവിലെ മുതൽ ഉച്ചവരെ അന്ത്യോദയ മുൻഗണന വിഭാഗങ്ങൾക്കും ഉച്ചക്ക് ശേഷം മറ്റുള്ളവർക്കും റേഷൻ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു റേഷൻ കടയിൽ ഒരു സമയം അഞ്ച് പേർ വരെ മാത്രമേ ഉണ്ടാകാവൂ. സർക്കാർ കണക്കാക്കിയ ശാരീരിക അകലം പാലിക്കണം. അതിന് ടോക്കൺ വ്യവസ്ഥ പാലിക്കാം. റേഷൻ വീടുകളിൽ എത്തിക്കാൻ സന്നദ്ധരായി മുന്നോട്ട് വരുന്നവരെ പ്രോത്സാഹിപ്പിക്കാൻ ആവില്ല. ജനപ്രതിനിധികളോ രജിസ്റ്റർ ചെയ്ത സന്നദ്ധ പ്രവർത്തകരുടെയോ സഹായം മാത്രമേ റേഷൻ വ്യാപാരികൾ സ്വീകരിക്കാവൂ.

നേരിട്ടെത്തി റേഷൻ വാങ്ങാൻ സാധിക്കാത്തവർക്ക് വീടുകളിലെത്തിക്കണം. അതിന് രജിസ്റ്റർ ചെയ്ത സന്നദ്ധ) പ്രവർത്തകരുടെ സേവനം റേഷൻ കടകളിൽ ഉപയോഗിക്കാം. റേഷൻ വിതരണം ഈ മാസം അധികമാണ്. ലോക്ക് ഡൗൺ നിയന്ത്രണം ഉണ്ട്. ക്രമീകരണങ്ങൾക്ക് തദ്ദേശ സ്ഥാപനങ്ങളുടെ ശ്രദ്ധയുണ്ടാകണം. സന്നദ്ധ പ്രവർത്തകർ മുന്തിയ പരിഗണന നൽകേണ്ടത് അന്ത്യോദയ, മുൻഗണന പട്ടികയിലുള്ളവർക്ക് ധാന്യമെത്തിക്കാനാണെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു. 

ഒറ്റയ്ക്ക് താമസിക്കുന്നവർക്കും അവശത അനുഭവിക്കുന്നവർക്കും മറ്റും വീടുകളിൽ റേഷനെത്തിക്കാൻ സന്നദ്ധ പ്രവർത്തകർ റേഷനെത്തിക്കണം. ഇത് സുതാര്യമായി ചെയ്യാനാവണം. റേഷൻ കടകളിൽ തിരക്കുണ്ടാകാൻ സാധ്യതയുണ്ട്. തിരക്ക് ഒഴിവാക്കാനും അകലം പാലിക്കാനും ചില ക്രമീകരണം വരുത്തണം. പെൻഷൻ വിതരണത്തിന് ബാങ്കുകൾ സ്വീകരിച്ചത് പോലെ കാർഡ് നമ്പർ വെച്ച് ക്രമീകരണം ഉണ്ടാക്കാനാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. 

നാളെ പൂജ്യം, ഒന്ന് എന്നീ അക്കങ്ങളിൽ അവസാനിക്കുന്ന റേഷൻ കാർഡ് നമ്പർ ഉള്ലവർക്ക് വിതരണം ചെയ്യും. ഏപ്രിൽരണ്ടിന് രണ്ട്, മൂന്ന്, മൂന്നിന് നാല് അഞ്ച്, നാലിന് ആറ് ഏഴ്, അഞ്ചിന് എട്ട്, ഒൻപത് അക്കങ്ങളിൽ കാർഡ് നമ്പർ അവസാനിക്കുന്നവർക്കും റേഷൻ വാങ്ങാം. 

അതിഥി തൊഴിലാളികളുടെ വിവരം പൂർണ്ണമായി ശേഖരിക്കാൻ സംവിധാനം ഒരുക്കും. സംസ്ഥാനതലത്തിൽ എഡിജിപിയുടെ നേതൃത്വത്തിലാണിത്. തൊഴിലാളികൾക്ക് ഐഡന്റിറ്റി കാർഡ് നൽകും. 48 മണിക്കൂറിൽ ഇത് തുടങ്ങും. ഐഡി കാർഡുള്ളവർക്ക് രണ്ട് ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ നൽകും.
അതിഥി തൊഴിലാളികൾ രണ്ട് തരത്തിലുണ്ട്. കരാറുകാരുടെ കീഴിലുള്ളവരും ഒറ്റപ്പെട്ടവരും. ഭക്ഷണവും മറ്റു സഹായവും നൽകുമ്പോൾ ഒറ്റപ്പെട്ട് കഴിയുന്നവർ ഒഴിവാകരുത്. ഇവർക്ക് മാന്യമായ ഭക്ഷണം ഉറപ്പാക്കാൻ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും സെക്രട്ടറിയും ഉദ്യോഗസ്ഥരും ശ്രദ്ധിക്കണം. ഇതിൽ വീഴ്ചയുണ്ടാകരുത്. സാധാരണ ലേബർ വകുപ്പാണ് ഇത് നോക്കുന്നത്. അവരെ സഹായിക്കാനുള്ള ചുമതല തദ്ദേശ സ്ഥാപനങ്ങൾ നിർവഹിക്കണം.
തദ്ദേശ സ്ഥാപന സെക്രട്ടറിക്ക് ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക ചുമതലയുണ്ട്. അവശ്യ സാധനങ്ങളുടെ വില വർധന ഗൗരവമായി കാണുന്നു. വിലക്കയറ്റം തടയാൻ വിജിലൻസിനെ കൂടി പരിശോധനയ്ക്ക് ചുമതലപ്പെടുത്തുന്നു. ഇത് ഗുരുതരമായ തെറ്റാണ്. സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കൽ നല്ല രീതിയിൽ പുരോഗമിക്കുന്നു. നേരത്തെയുള്ള അവസ്ഥയല്ല. ട്രക്കുകളുടെ എണ്ണം വർധിച്ചിട്ടുണ്ട്.
ഇന്നും നാളെയും കൊണ്ട് കൂടുതൽ പുരോഗതിയിലേക്ക് നീങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. അതോടൊപ്പം എൽപിജി സിലിണ്ടർ പോലുള്ള സാധനങ്ങൾക്ക് ക്ഷാമം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

മദ്യത്തിന് അടിപ്പെട്ടവർ ഇപ്പോൾ അതിന് ശ്രമിക്കണം. അപൂർവം ചില വീടുകളിൽ ഗാർഹിക അതിക്രമങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. സ്ത്രീകളും കുട്ടികളും ഇതിന് ഇരയായേക്കും. അത് സംഭവിക്കാതിരിക്കാനുള്ള ജാഗ്രത പൊതുവിൽ പാലിക്കണം. കുടുംബശ്രീ അയൽക്കൂട്ടം, അങ്കൺവാടി പ്രവർത്തകർ, ജനപ്രതിനിധികൾ എന്നിവർ നല്ലത് പോലെ ശ്രദ്ധിക്കണം.

പെൻഷൻ വാങ്ങാൻ ആളുകൾ പോകുന്ന സമയമാണിത്. ഇവരിൽ മഹാഭൂരിപക്ഷവും ആരോഗ്യ പ്രശ്നമുള്ളവരാണ്. അവരെ മറ്റുള്ളവർ സഹായിക്കുക പ്രധാനമാണ്. അത് അറിഞ്ഞുകൊണ്ട് സഹായിക്കാൻ മറ്റുള്ളവർ സന്നദ്ധരാവണം. ഇപ്പോൾ എവിടെയാണോ നാം അവിടെ തുടരണം എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. നമ്മുടെ ചില ബന്ധുക്കൾ നമ്മുടെ കൂടെയുണ്ടാവില്ല. അവർ അടുത്തേക്ക് വരണമെന്ന് ഉത്കണ്ഠപ്പെടരുത്. സുരക്ഷ പാലിച്ച് അവർ അവിടെ തന്നെ തുടരണം. ഇവിടെയുള്ളവർ മറ്റെവിടെയെങ്കിലും പോയി കൂടുതൽ സുരക്ഷിതരാവാൻ ശ്രമിക്കരുത്.

ആശുപത്രികളിൽ കഴിയുന്ന രോഗികൾ അവരെ സംരക്ഷിക്കാൻ നമ്മുടെ ഡോക്ടർമാരും നഴ്സുമാരുമെല്ലാം അവരുടെ ജീവൻ അപായപ്പെടുത്തിയുള്ള പ്രവർത്തനത്തിലാണ്. ഇതിൽപരമൊരു ത്യാഗമില്ല. ആ ത്യാഗം ശരിയായി അവർ ചെയ്യുന്നു. ഒരിടത്ത് കുറച്ച് രോഗികൾ, അവരിൽ കുറച്ച് സമ്പന്നർ. കുറച്ച് കാശ് കൂടുതലുണ്ടെന്ന് മാത്രം. അല്ലാതെ വലിയ സമ്പന്നരല്ല. അവര് അതിന്റെ ഒരു പ്രകടനം ഡോക്ടർമാരോടും നഴ്സുമാരോടും കാണിക്കുന്നു. പരിഹസിക്കുക, പുച്ഛിക്കുക, അവര് പറയുന്ന കാര്യങ്ങൾ അനുസരിക്കാതിരിക്കുക ഇതൊക്കെ ചെയ്യുന്നു. അത് അപകടകരമാണ്. ആരാണെന്ന് അവർക്കറിയാം. ആദരിക്കാൻ കഴിയില്ലെങ്കിലും നിന്ദിക്കാതിരിക്കുകയാണ് വേണ്ടതെന്നും പിണറായി വിജയൻ പറഞ്ഞു. വിദ്യാർത്ഥികൾ സമൂഹത്തെ വിജ്ഞാന അധിഷ്ഠിത സമൂഹമാക്കി മാറ്റാൻ ശ്രമിക്കുക. ഹാർവാർഡ്,

സ്റ്റാൻഫോർഡ് പോലുള്ള സ്ഥാപനങ്ങൾ സൗജന്യ ഓൺലൈൻ കോഴ്സുകൾ നടത്തുന്നുണ്ട്. നമ്മുടെ സമൂഹത്തിനും ഭാവിക്കും അത് വലിയ തോതിൽ ഗുണം ചെയ്യും. റബ്ബർ കർഷകർക്കുള്ള സബ്സിഡി ഏപ്രിൽ മുതൽ വിതരണം ചെയ്യും. വീണ്ടും പറയുന്നു, ഓരോരുത്തരും ജാഗരൂകരാകണം. മറ്റെല്ലാം മാറ്റിവയക്കണം. അശ്രദ്ധ ഉണ്ടാകരുതെന്ന് ഓര്‍മ്മിക്കുകയും ചെയ്തു മുഖ്യമന്ത്രി

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

Follow Us:
Download App:
  • android
  • ios