തിരുവനന്തപുരം: കൊവിഡ് മുൻകരുതലിന്‍റെ ഭാഗമായുള്ള ലോക്ക് ഡൗൺ ലംഘിച്ച് പുറത്തിറങ്ങുന്നവര്‍ക്ക് എതിരെ കര്‍ശന നിലപാടുമായി മുഖ്യമന്ത്രി. ഒരു സാധാരണ സാഹചര്യത്തിലൂടെ അല്ല നാം ഓരോരുത്തരും കടന്ന് പോകുന്നതെന്ന് പറ‍ഞ്ഞ പിണറായി വിജയൻ സൂക്ഷിച്ചാൽ ദുഖിക്കേണ്ടെന്ന മുന്നറിയിപ്പും നൽകി. 

റോഡിൽ തിരക്ക് നിയന്ത്രിക്കാൻ സ്വയം നിയന്ത്രണം വേണം. നാമൊരു സാധാരണ സാഹചര്യത്തിലല്ല. മുന്നിൽ നിൽക്കുന്ന ചിലപ്പോൾ വന്നേക്കാവുന്ന അപകടത്തിന്റെ രൂക്ഷത തിരിച്ചറിയണം. ഓരോരുത്തരും പുറത്തിറങ്ങുന്നത് നിയന്ത്രിക്കുക. അതീവ അടിയന്തിരമായ കാര്യത്തിന് മാത്രമേ പുറത്തിറങ്ങാവൂ എന്ന് മുഖ്യമന്ത്രി പറഞ്ഞു. 

ജാഗ്രത കുറവ്, വിവരങ്ങൾ മറച്ചുവെക്കൽ ഇവയെല്ലാം നമുക്ക് മുന്നിലെ വലിയ അപകടങ്ങൾക്കുള്ള സാധ്യതയാണ്. തൃപ്തികരമായാണ് മുന്നോട്ട് പോകുന്നത്. ചെറിയ പാളിച്ച വലിയ വീഴ്ചയായി മാറിയേക്കാം. ആരോഗ്യവകുപ്പും പൊലീസും സർക്കാരും വിചാരിച്ചാൽ മാത്രം അത് ഒഴിവാക്കാനാവില്ല. എല്ലാവരും ജാഗ്രത പാലിക്കണം എന്നതാണ് ഏറ്റവും പ്രധാനമെന്നും പിണറായി വിജയൻ പറഞ്ഞു