കോട്ടയം: കൊവിഡ് പ്രതിരോധത്തിനിടയില്‍ ആരോഗ്യ പ്രവര്‍ത്തകരെ വെട്ടിച്ച് മുങ്ങുന്നവരെ കണ്ടെത്താന്‍ സംവിധാനവുമായി കോട്ടയം ജില്ലാ പൊലീസ്. ജിയോ ഫെന്‍സിംഗ് എന്ന സാങ്കേതിക വിദ്യയില്‍ സൈബര്‍ സെല്ലുമായി സഹകരിച്ചാണ് പദ്ധതി. സംസ്ഥാനത്ത് ആദ്യമായാണ് ഈ രീതി പരീക്ഷിക്കുന്നത്

അതിശക്തമായ ബോധവല്‍ക്കരണവും കേസെടുക്കുമെന്ന മുന്നറിയിപ്പും ഉണ്ടായിട്ടും ഇതൊന്നും കൂസാത്ത ചിലരുണ്ട് നമ്മുടെ നാട്ടില്‍.അവരെ ഉദ്ദേശിച്ചാണ് പൊലീസിന്റെ പുതിയ സംവിധാനം. വീടുകളില്‍ ഐസെലേഷന്‍ കഴിയുന്നവരുടെ വിവരങ്ങള്‍ ആദ്യമേ ശേഖരിക്കും. ഇത്തരക്കാര്‍ താമസിക്കുന്ന സ്ഥലത്തുനിന്ന് പുറത്ത് കടന്നാലോ യാത്ര ചെയ്താലോ ആ നിമിഷം സൈബര്‍ സെല്ലിലെ ജിയോ ഫെന്‍സിംഗ് സോഫ്റ്റ് വെയറില്‍ രേഖപ്പെടുത്തും. വിവരം കൊവിഡ് സെല്ലിലേക്കും ജില്ലാ പൊലീസ് മേധാവിക്കും കൈമാറും. 
ബൈറ്റ്.

സാങ്കേതിക വിദ്യയുടെ പൂര്‍ണ്ണമായ വിവരം പൊലീസ് കൈമാറുന്നില്ല. പുറത്ത് കടക്കുന്നവരുടെ ജിപിഎസ് ലൊക്കേഷന്‍ അടക്കമാണ് സൈബര്‍ സെല്ലിലേക്ക് ലഭിക്കുന്നത്. നിയമപരമായി വ്യക്തികളുടെ സ്വകാര്യത ഹനിക്കാതെയാണ് ജിയോ ഫെന്‍സിംഗ് സംവിധാനം നടപ്പിലാക്കുക. നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കടുത്ത നിയമനടപടിയുമായി മുന്നോട്ട് പോകുകയാണ് കേരളാ പൊലീസ്.