തിരുവനന്തപുരം: കൊവിഡ് 19 സാഹചര്യത്തെ ചൊല്ലി സംസ്ഥാനത്ത് ഭരണ പ്രതിപക്ഷ വാക് പോര്. കൊവിഡ് രോഗബാധയുടെ സാഹചര്യം ആരോഗ്യമന്ത്രി സ്വന്തം മുഖം മിനുക്കാനാണ് ഉപയോഗപ്പെടുത്തുന്നതെന്ന രൂക്ഷ വിമര്‍ശനം ഇന്ന് പ്രതിപക്ഷത്തിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായി. ദിവസം പല തവണ ആരോഗ്യമന്ത്രി മാധ്യമങ്ങളെ കാണുന്നു. ഇതെന്തിനെന്ന ചോദ്യമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിക്കുന്നത്. "ആരോഗമന്ത്രിയുടെ മീഡിയ മാനിയ വല്ലാതെ കൂടുന്നു , അതു ഒഴിവാക്കണം.  ആരോഗ്യമന്ത്രി ഇമേജ്ബിൽ ഡിങ് നടത്തുന്നു" ഒരു ദിവസം ഒരു പാട് വാർത്താസമ്മേളനം നടത്തേണ്ട കാര്യം ഇല്ലെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശനം ഉന്നയിച്ചു.

ചോദ്യങ്ങളോടും സംശയങ്ങളോടും അസഹിഷ്ണുത കാണിക്കുന്നു എന്ന പരാതിയാണ് പ്രധാനമായും പ്രതിപക്ഷം ആരോഗ്യമന്ത്രിക്കെതിരെ ആരോപിക്കുന്നത്. എന്നെ ചോദ്യം ചെയ്യരുത് ഞാൻ ദൈവമാണ് എന്ന മട്ടിലാണ് ആരോഗ്യമന്ത്രിയുടെ പെരുമാറ്റം എന്ന് എംകെ മുനീര്‍ കുറ്റപ്പെടുത്തി. 

കൊവിഡ് ബാധിത രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം എന്നാവശ്യപ്പെട്ട് നിമയസഭ പാസാക്കിയ പ്രമേയത്തിനും പ്രതിക്ഷത്തിന്‍റെ പിന്തുണ ഉണ്ടായില്ല. മാര്‍ക്ക് ദാന വിവാദത്തിൽ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നൽകാത്ത നിലപാടിൽ പ്രതിഷേധിച്ച പ്രതിപക്ഷം മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ച് പാസാക്കുന്ന നേരത്ത് സഭ ബഹിഷ്കരിച്ചു. 

തുടര്‍ന്ന് വായിക്കാം: കൊവിഡ് 19: പ്രവാസി പ്രശ്നങ്ങളിൽ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് പ്രമേയം, പ്രതിപക്ഷം സീറ്റിലില്ല...
 

കൊവിഡ് ബാധയുടെ സാഹചര്യത്തിൽ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കണമെന്ന സര്‍ക്കാര്‍ തീരുമാനത്തേയും പ്രതിപക്ഷം എതിര്‍ക്കുകയാണ്. ജനങ്ങളിൽ അനാവശ്യ ഭീതി ഉണ്ടാക്കാനെ ഇത് ഉപകരിക്കു എന്നാണ് പ്രതിപക്ഷം അഭിപ്രായപ്പെടുന്നത്. അതിനിടെ സര്‍ക്കാരിന്‍റെ കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങൾക്കെതിരെ നിലപാടെടുത്ത കെപിസിസിയെ വിമര്‍ശിച്ച് മുഖ്യമന്ത്രിയും രംഗത്തെത്തി. കൊവിഡ് 19 നിയന്ത്രിക്കുന്നത് സർക്കാരിന് അനുകൂല  സാഹചര്യം വരുന്നുവെന്ന് ചിലരുടെ യോഗത്തിൽ പരാമർശമുണ്ടായെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ  ഇങ്ങനെ ആരെങ്കിലും പറയുമോ ,ഇത് സംസ്ഥാന താല്പര്യത്തിന് വിരുദ്ധമാണെന്നും അഭിപ്രായപ്പെട്ടു. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക