ഇടുക്കി: കൊവിഡ് സ്രവ പരിശോധനയ്ക്കുള്ള ആർടിപിസിആർ സൗകര്യം ഇനി ഇടുക്കിയിലും. ഐസിഎംആർ അംഗീകാരം ലഭിച്ചതോടെ ഇടുക്കി മെഡിക്കൽ കോളേജിൽ ആർടിപിസിആർ ലാബ് പ്രവർത്തനം തുടങ്ങി. ആദ്യദിനം പതിനാറ് സ്രവങ്ങളാണ് പരിശോധിച്ചത്.

കൊവിഡ് പരിശോധനക്കായി ദിവസങ്ങളോളം കാത്തിരിക്കേണ്ട ഇടുക്കിയിലുള്ളവരുടെ ഗതികേടിനാണ് അവസാനമാകുന്നത്. മാസങ്ങൾ നീണ്ട പരാതികൾക്കും വിവാദങ്ങൾക്കുമൊടുവിൽ ഇടുക്കിയുടെ സ്വന്തം ആർടിപിസിആർ ലാബ് പ്രവർത്തനം തുടങ്ങി. ആദ്യഘട്ടത്തിൽ ഒരു ദിവസം മുപ്പത് പേരുടെ സ്രവം പരിശോധിക്കാനുള്ള സൗകര്യമാണുള്ളത്. വൈകാതെ ഇതിന്റെ തോത് വർദ്ധിപ്പിക്കും.

കോട്ടയം തലപ്പാടിയിലേയും, ആലപ്പുഴയിലേയും ലാബുകളിലാണ് ഇതുവരെ ഇടുക്കിയിൽ നിന്നുള്ള സ്രവങ്ങൾ പരിശോധിച്ചിരുന്നത്. പരിശോധന ഫലം കിട്ടാൻ വൈകിയതിനാൽ ദിവസങ്ങളോളം മൃതദേഹങ്ങൾ സംസ്കരിക്കാതെ സൂക്ഷിക്കേണ്ടി വന്ന അവസ്ഥയുണ്ടായി. തലപ്പാടിയിലെ ലാബ് ശുചീകരണത്തിനായി അടച്ചാൽ അന്ന് ഇടുക്കിയിലെ ഫലം കിട്ടുകയുമില്ല. സ്വന്തമായി ലാബ് വന്നതോടെ ഇതിനെല്ലാം പരിഹാരമാവും.