തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങൾക്ക് പണം സ്വരൂപിക്കുന്നതിനായി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാൻ ധാരണ, ആറ് ദിവസത്തെ ശമ്പളം അഞ്ച് മാസമായി പിടിക്കാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്. സര്‍ക്കാരിന്‍റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന മുറക്ക് പിടിച്ച തുക തിരിച്ച് നൽകുമെന്ന വ്യവസ്ഥയും കൂടി ഉൾപ്പെടുത്തിയാകും ഉത്തരവിറങ്ങുക.  ആറ് ദിവസത്തെ ശമ്പളം പിടിക്കുന്നതിൽ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്കും പൊലീസിനും ഇളവില്ല. ഇളവ് 20000 രൂപയിൽ താഴെ ശമ്പളം വാങ്ങുന്ന പാര്‍ട്ട് ടൈം ജീവനക്കാര്‍ക്ക് മാത്രമായിരിക്കും. അവര്‍ക്ക് താൽപര്യം ഉണ്ടെങ്കിൽ മാത്രം ശമ്പളം നൽകാം.

ആറ് ദിവസത്തെ ശമ്പളം അഞ്ച് മാസമായി പിടിച്ച് വക്കുന്നത് വഴി ഒരു മാസത്തെ ശമ്പളത്തുക സമാഹരിക്കുകയാണ് ലക്ഷ്യമിടുന്നത്. മന്ത്രിമാരുടെയും ബോര്‍ഡ് കോര്‍പറേഷൻ ചെയര്‍മാൻമാരുടേയും  ശമ്പളം മുപ്പത് ശതമാനം ഒരു വര്‍ഷത്തേക്ക് പിടിക്കാനും എംഎൽഎമാരുടെ ശമ്പളം മുപ്പത് ശതമാനം പിടിക്കാനും തീരുമാനിച്ചിട്ടുണ്ട്. 

ഡിഎ കുടിശിക പിടിച്ചെടുത്ത് 2700 കോടി രൂപ സമാഹരിക്കുക, ഡിഎ കുടിശക മരവിപ്പിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളെല്ലാം പരിഗണനക്ക് വന്നിരുന്നു. സാലറി ചലഞ്ച് തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്ന അവസ്ഥയുണ്ടായാൽ അതിനെ പ്രതിപക്ഷ ജീവനക്കാരുടെ സംഘടന അടക്കം നിയമപരമായി ചോദ്യം ചെയ്യാൻ പോലുമുള്ള സാധ്യതയും സര്‍ക്കാര്‍ മുന്നിൽ കണ്ടിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് പലവിധ ബദൽ മാര്‍ഗ്ഗങ്ങൾ സര്‍ക്കാര്‍ പരിഗണിച്ചത്. 

ആറ് ദിവസത്തെ ശമ്പളം വച്ച് അഞ്ച് മാസം പിടിക്കുകയും അതോടൊപ്പം തിരിച്ച് കൊടുക്കാമെന്ന വ്യവസ്ഥ ഉൾപ്പെടുത്തുകയും ചെയ്യുന്നതോടെ ജീവനക്കാരുടെ എതിര്‍പ്പ് അത്രകണ്ട് ഉണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. എന്നാൽ പുതിയ തീരുമാനത്തിനെതിരെ നിയമപരമായ നടപടികൾ ആലോചിക്കുമെന്ന് പ്രതിപക്ഷ സംഘടനകൾ ഇതിനകം തന്നെ വ്യക്തമാക്കി കഴിഞ്ഞു. 

സംസ്ഥാനത്ത് കൊവിഡ് വ്യാപന സ്ഥിതി ആശാവഹമല്ലെന്ന് വിലയിരുത്തി മന്ത്രിസഭായോഗം. രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലര്‍ത്തണമെന്ന നിര്‍ദ്ദേശവും അതിര്‍ത്തികളിൽ പുലര്‍ത്തേണ്ട ജാഗ്രതയും അടക്കം സമഗ്ര വിഷയങ്ങൾ മന്ത്രിസഭാ യോഗത്തിന്‍റെ പരിഗണനക്ക് വന്നു.