Asianet News MalayalamAsianet News Malayalam

സിനിമാ മേഖലയിലും “സാലറി ചലഞ്ച്”; താരങ്ങള്‍ പ്രതിഫലം പകുതിയാക്കണമെന്ന് നിര്‍മ്മാതാക്കളുടെ സംഘടന

ലോക്ക് ഡൗൺ കാലത്ത് റിലീസ് കാത്തിരിക്കുന്നത് ഏഴ് ചിത്രങ്ങളാണ്. 26 സിനിമകളുടെ ചിത്രീകരണവും തടസപ്പെട്ടു. 

covid 19 salary challenge discussion in film industry
Author
Kochi, First Published Apr 23, 2020, 11:34 AM IST

കൊച്ചി: കൊവിഡ് വ്യാപനവും ലോക്ക് ഡൗണും വന്നതോടെ വഴിമുട്ടി സിനിമാ മേഖലയും. കടുത്ത പ്രതിസന്ധിയാണ് സിനിമയും അനുബന്ധ മേഖലകളും നേരിടുന്നത്. ചെലവ് ചുരുക്കാനും നഷ്ടം കുറക്കാനും സാലറി ചലഞ്ച് അടക്കമുള്ള നിര്‍ദ്ദേശങ്ങൾ അത്കൊണ്ട് തന്നെ സിനിമാ മേഖലയിലും ഇപ്പോൾ വലിയ ചര്‍ച്ചയാണ്. 

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള നിര്‍ദ്ദേശവും സാലറി ചലഞ്ചും എല്ലാം ഇപ്പോൾ സിനിമാ മേഖലയിലും സജീവ ചര്‍ച്ചയാണ്.സിനിമാ മേഖലയിലും സാലറി ചലഞ്ച് നടപ്പാക്കണമെന്ന ആവശ്യമാണ് നിര്‍മ്മാതാക്കളുടെ സംഘടന മുന്നോട്ട് വക്കുന്നത്. താരങ്ങൾ പ്രതിഫലം പകുതിയാക്കി കുറക്കണം എന്നാണ് പ്രധാന ആവശ്യം. സാങ്കേതിക പ്രവര്‍ത്തകരും പ്രതിഫലം കുറക്കാൻ തയ്യാറാകണമെന്ന് നിര്‍മ്മാതാക്കളുടെ സംഘടന ആവശ്യപ്പെട്ടുകഴിഞ്ഞു.

റിലീസ് കാത്തിരിക്കുന്നത് 7 സിനിമകൾ. വിഷു റിലീസിന് തയ്യാറായിരുന്ന 7 സിനിമകളാണ് ലോക്ഡൗണില്‍ കുരുങ്ങിയത്. 26 സിനിമകളുടെ ചിത്രീകരണം പാതി വഴിയില്‍ നിലച്ചു.സിനിമ നിര്‍മ്മാണത്തിന് ബാങ്കുകളോ,മറ്റ് ധനകാര്യ സ്ഥാപനങ്ങളോ വായ്പ നില്‍കുന്നില്ല. സ്വകാര്യ പണമിപാടുകാരില്‍ നിന്ന് വലിയ പലിശക്ക് പണം കടം വാങ്ങിയാണ് പലരും സിനിമ നിര്‍മ്മിച്ചത്.അതുകൊണ്ട്തന്നെ ഇതിന് മൊറട്ടോറിയവും ബാധകമല്ല.

കൊവിഡ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ആഗോളതലത്തിലും സിനിമ വ്യവസായം വലിയ വല്ലുവിളി നേരിടുകയാണ്. തീയറ്റര്‍ വരുമാനം,ടെലിവിഷന്‍ ചാനല്‍ റൈറ്റ്സ്, എന്നിവയിലെല്ലാം അനിശ്ചിതത്വമുണ്ട്. ഈ സാഹചര്യത്തില്‍ നിര്‍മ്മാണ ചെലവ് കുറക്കാതെ ഈ മേഖലക്ക് തിരിച്ചുവരാനാകില്ലെന്നാണ് നിര്‍മ്മാതാക്കളുടെ സംഘടന പ്രതിനിധികൾ പറയുന്നത്.

പ്രതിഫലം കുറക്കണമെന്ന നിര്‍ദ്ദേശത്തോട് അഭിനേതാക്കളുടേയും സാങ്കേതിക പ്രവര്‍ത്തകരുടേയും സംഘടന ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ലോക്ഡൗണിന് ശേഷം എല്ലാ സംഘടനകളും ഒരുമിച്ചിരുന്ന് ചര്‍ച്ച നടത്തി തീരുമാനമെടുക്കും. നിര്‍മ്മാതാക്കളുടെ സംഘടന ഇതിന് മുന്കൈ‍യെടുക്കും.

 

Follow Us:
Download App:
  • android
  • ios