തിരുവനന്തപുരം:  ലോക്ക്ഡൗണായതോടെ താഴിട്ടുപൂട്ടിയ കെട്ടിടങ്ങളാണ് എല്ലായിടത്തും. ആഴ്ചകളായി അട‍ഞ്ഞുകിടക്കുന്ന സ്ഥാപനങ്ങളുടെ സുരക്ഷ ഉറപ്പാക്കുക എന്ന വലിയ ഉത്തരവാദിത്തമാണ് ഇവിടങ്ങളിലെ കാവൽക്കാർക്കുളളത്.

റമസാൻമാസത്തിൽ വിശ്വാസികളുടെ തിരക്കിലമരേണ്ട തിരുവനന്തപുരം പാളയം പളളിയുടെ ഏകാന്തതയ്ക്ക് കാവലിരിക്കുകയാണ് 65കാരനായ മുഹമ്മദ് മൂസ. ഒന്നിടവിട്ടുളള ദിവസങ്ങളിൽ ജോലിക്കെത്താൻ ഈ ലോക്ഡൗൺ കാലത്ത് മൂസയ്ക്ക് മുന്നിൽ വഴി ഒന്നേയുണ്ടായിരുന്നുളളൂ. തച്ചോട്ടുകാവിലെ തന്‍റെ വീട്ടില്‍ നിന്ന് പാളയം വരെയുളള 12 കിലോമീറ്ററോളം ദൂരം നടക്കുക.

കാവലിരിക്കാൻ പോലും കെൽപില്ലെങ്കിലും 64കാരനായ രവീന്ദ്രനും ആറ് കിലോമീറ്ററോളം ദൂരം നടന്നാണ് ജോലിക്കെത്തുന്നത്. ആളും ആരവവുമൊഴിഞ്ഞ പാതയോരങ്ങളിൽ നിമിഷങ്ങളെണ്ണിത്തീർക്കുന്പോൾ ഇതുവരെ അനുഭവിക്കാത്ത ഒറ്റപ്പെടൽ കാണാം അവരുടെ കണ്ണുകളിൽ. ഈ നഗരം മുമ്പൊരിക്കലും ഇങ്ങനെയായിരുന്നിട്ടില്ല. 

അടച്ചുപൂട്ടൽ കാലം അവസാനിക്കുമെന്നും തിരക്കുകൾ തിരികെ വരുമെന്നും പ്രതീക്ഷിച്ച് അതുവരെ വിശ്വാസത്തിന്റെ താക്കോൽ ഭദ്രമായി കൈവശം വച്ച് കൺതുറന്നിരിക്കുകയാണ് ഈ കാവൽക്കാർ.