Asianet News MalayalamAsianet News Malayalam

പൂന്തുറയിൽ അടുത്ത രണ്ടാഴ്ച നിർണ്ണായകം; പുറത്തേക്ക് പോയവരുടെ സമ്പർക്ക പട്ടിക തയ്യാറാക്കൽ ദുഷ്കരം

രോ​ഗവ്യാപനം രൂക്ഷമായാൽ പൂന്തുറയിലും ന​ഗരത്തിലും ട്രിപ്പിൾ ലോക്ക് ഡൗൺ നീളും. പ്രതിദിനം 500 ആന്റിജൻ ടെസ്റ്റുകൾ പൂന്തുറ മേഖലയിൽ മാത്രം നടത്തുന്നുണ്ട്. സംസ്ഥാനത്ത് കൊവിഡ് ചികിത്സാ പ്രോട്ടോക്കോളിൽ ആദ്യം മാറ്റമുണ്ടാകുന്നതും പൂന്തുറയിലാകും.

covid 19 situation critical in poonthura at least two weeks before restrictions start to show effect
Author
Trivandrum, First Published Jul 10, 2020, 5:27 AM IST

തിരുവനന്തപുരം: സൂപ്പ‌‌ർ സ്പ്രെഡുണ്ടായ പൂന്തുറയിൽ നിന്ന് പുറത്തേക്ക് പോയവരുടെ സമ്പ‌‌ർക്ക പട്ടിക കണ്ടെത്തൽ അതീവ ദുഷ്കരം. കന്യാകുമാരിയിൽ നിന്നെത്തിച്ച മത്സ്യം വിൽപ്പനക്കായി കൊണ്ടുപോയവരിലൂടെ പുറത്തും രോ​ഗവ്യാപനമുണ്ടായോ എന്നതാണ് ആശങ്ക. വരാനിരിക്കുന്ന രണ്ടാഴ്ച നി‌ർണായകമാണെന്നാണ് വിലയിരുത്തൽ. 

രോ​ഗവ്യാപനം രൂക്ഷമായാൽ പൂന്തുറയിലും ന​ഗരത്തിലും ട്രിപ്പിൾ ലോക്ക് ഡൗൺ നീളും. പൂന്തുറ മേഖലയിൽ ഇന്നലെ രോഗമുണ്ടായവരിൽ 12 പേർ മത്സ്യത്തൊഴിലാളികളും വിൽപ്പനക്കാരുമാണ്. തിരക്കേറിയ മാർക്കറ്റിലെത്തി പൂന്തുറയ്ക്ക് പുറത്തുള്ളവരും മീൻ വാങ്ങിയിട്ടുണ്ട്. വിൽപ്പനയ്ക്കായി പലരും മത്സ്യം പുറത്തേക്ക് കൊണ്ടു പോയിട്ടുമുണ്ട്. ഇത് ജില്ലയുടെ മറ്റ് ഭാഗങ്ങളിൽ വ്യാപനത്തിന് വഴിയൊരുക്കുമോയെന്നതാണ് ആശങ്ക. ഈ സമ്പർക്ക പട്ടിക കണ്ടെത്താനാണ് തീവ്രശ്രമം ന‍ടക്കുന്നത്. 

പ്രതിദിനം 500 ആന്റിജൻ ടെസ്റ്റുകൾ പൂന്തുറ മേഖലയിൽ മാത്രം നടത്തുന്നുണ്ട്. സംസ്ഥാനത്ത് കൊവിഡ് ചികിത്സാ പ്രോട്ടോക്കോളിൽ ആദ്യം മാറ്റമുണ്ടാകുന്നതും പൂന്തുറയിലാകും. നിരവധി പേരിലേക്ക് രോഗം പകരുമെന്ന് കണക്കാക്കിയിരിക്കെ എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റുന്നില്ല. ലക്ഷണമില്ലാത്തവരെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്കാണ് മാറ്റുന്നത്. 

ജില്ലയിൽ ഇതിനോടകം രോഗികൾ 300 കടന്നു. രോഗികളുടെ എണ്ണത്തിൽ കുത്തനെയുള്ള വർധനവ് തുടർന്നാൽ ചികിത്സാ രീതിയിൽ മാറ്റം ആലോചിക്കും. നിയന്ത്രണം നിലനിൽക്കുന്ന മേഖലകൾക്ക് പുറത്തും വ്യാപനം നടക്കുന്നതും ആശങ്ക വർധിപ്പിക്കുകയാണ്. വട്ടപ്പാറ, മണക്കാട്, പാച്ചല്ലൂർ, കടകംപള്ളി എന്നീ മേഖലകളിൽ കഴിഞ്ഞ ദിവസം രോഗം റിപ്പോർട്ട് ചെയ്തു. പലതിനും ഉറവിടമില്ല.

പൂന്തുറയിലെ നിലവിലെ നിയന്ത്രണങ്ങൾ ഫലം കണ്ട് തുടങ്ങാൻ രണ്ടാഴ്ച്ചയെങ്കിലും വേണ്ടിവരുമെന്നാണ് വിലയിരുത്തൽ. ഏതായാലും സാമൂഹിക വ്യാപന ആശങ്കയുടെ മുന്നിൽ നിൽക്കെ സംസ്ഥാനത്തിനാകെ മുന്നറിയിപ്പാവുകയാണ് പൂന്തുറയിലെ സാഹചര്യം.

Follow Us:
Download App:
  • android
  • ios