സ്പീക്കറുടെ ആരോഗ്യനിലയിൽ നല്ല പുരോഗതിയുണ്ടെന്നും ന്യൂമോണിയ നിയന്ത്രണവിധേയമായതായും ആശുപത്രി അധികൃതർ അറിയിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് സ്പീക്കർ ചികിത്സയിൽ കഴിയുന്നത്.

തിരുവനന്തപുരം: കൊവിഡിനോടൊപ്പം, ന്യൂമോണിയ കൂടി ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിയുന്ന നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ സുഖം പ്രാപിച്ചു വരികയാണെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർമാർ അറിയിച്ചു. 

ന്യൂമോണിയ നിയന്ത്രണ വിധേയമായതിനാൽ സ്പീക്കറെ ഐസിയുവിൽ നിന്നും ഇന്ന് മുറിയിലേക്ക് മാറ്റിയിട്ടുണ്ട്. സ്പീക്കർക്ക് എത്രയും പെട്ടെന്ന് പൂർണ്ണ ആരോഗ്യവാനായി ആശുപത്രി വിടാനാവും എന്നും ഡോക്ടർമാർ അറിയിച്ചു.

ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉള്ള ആളായതിനാലാണ് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. ഇന്നലെ രാവിലെയാണ് അദ്ദേഹത്തെ ന്യൂമോണിയ സ്ഥിരീകരിച്ചതോടെ ഐസിയുവിലാക്കിയത്. പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചാണ് സ്പീക്കർക്ക് ചികിത്സ നടത്തുന്നത്.