തിരുവനന്തപുരം: സമൂഹത്തിന്‍റെ താഴേക്കിടയിൽ നിൽക്കുന്ന, അവശരായ നാല് പേർക്ക് സഹായമെത്തിക്കാനും 'കര കയറാൻ' സംവാദപരിപാടിയിലൂടെ കഴിഞ്ഞു. തുമ്പമൺ സ്വദേശിയായ, ഭിന്നശേഷിക്കാരനായ ലോട്ടറിത്തൊഴിലാളി രതീഷ്, വയനാട് വെള്ളമുണ്ട സ്വദേശിയും ആദിവാസിയുമായ വേലൻ, പള്ളുരുത്തിയിൽ കൈത്തറിത്തൊഴിലാളിയായ ഭാര്യയുടെ ദിവസവരുമാനം കൊണ്ട് മാത്രം ജീവിക്കുന്ന വൃദ്ധനായ അബു, പത്തനംതിട്ട നാലാം വാർഡിലെ മുതിർന്ന പൗരനായ യോഹന്നാൻ എന്നിവരുടെ പ്രശ്നങ്ങൾക്കാണ് സംവാദപരിപാടിയുടെ സമയത്തിനകം തന്നെ മന്ത്രി ഇടപെട്ട് പരിഹാരമുണ്ടാക്കിയത്.  

കര കയറാൻ പരിപാടി തുടങ്ങിയ ഉടൻ ഭിന്നശേഷിക്കാരനായ രതീഷ് ഞങ്ങളെ ഫോണിൽ വിളിച്ചു. ലോട്ടറിത്തൊഴിലാളിയാണ്. ഇപ്പോൾ പണിയില്ല. പട്ടിണിയാണ്. ഭിന്നശേഷിക്കാരനെന്ന പെൻഷനുമില്ല. വീട് പൊളിഞ്ഞ് കിടക്കുകയാണ്. എന്തെങ്കിലും സഹായം ചെയ്യാമോ സാറേ - എന്നായിരുന്നു രതീഷിന്‍റെ ചോദ്യം.

നമ്പർ കൃത്യമായി അദ്ദേഹത്തിന് ഓർമയുണ്ടായിരുന്നില്ല. രതീഷ് വിളിച്ച അതേ നമ്പർ ഷോ അവസാനിക്കുന്നതിന് മുമ്പ് മന്ത്രിയുടെ ഓഫീസിലേക്ക് എത്തിക്കാമെന്ന് അവതാരകൻ വിനു വി ജോൺ ഉറപ്പ് നൽകി. 

പരിപാടി അവസാനിക്കുന്നതിന് മുമ്പ് തന്നെ സ്ഥലം എംഎൽഎ ചിറ്റയം ഗോപകുമാറിന്‍റെ വിളിയെത്തി. രതീഷിന്‍റെ പ്രശ്നമെന്തെന്ന് അന്വേഷിച്ചിട്ടുണ്ടെന്നും ഉടനടി സഹായമെത്തിക്കുമെന്നും എംഎൽഎയുടെ ഉറപ്പ്. 

പിന്നാലെ പത്ത് മിനിറ്റിനകം മന്ത്രിയുടെ മറുപടി ഇങ്ങനെ: ''രതീഷിന്‍റെ കാര്യം ഞാൻ അന്വേഷിച്ചിരുന്നു. തുമ്പമണ്ണിൽ ഭാര്യവീട്ടിലാണ് രതീഷ് താമസിക്കുന്നത്. പക്ഷേ, ഏറാത്ത് സ്വദേശിയാണ് രതീഷ്. ആ പഞ്ചായത്തിലാണ് രതീഷിന്‍റെ പേരുള്ളത്. താമസം അവിടെയല്ലാത്തതിനാലാണ് പെൻഷൻ എത്തിക്കുന്നതിൽ സാങ്കേതിക തടസ്സമുണ്ടായത്. രതീഷിന്‍റെ ഭാര്യവീട്ടിലേക്ക് ഭിന്നശേഷിക്കാർക്കുള്ള പെൻഷനെത്തിക്കാനുള്ള നടപടികൾ ഉടനടി സ്വീകരിക്കും'', മന്ത്രി പറഞ്ഞു.

വയനാട് വെള്ളമുണ്ട സ്വദേശിയായ, ആദിവാസി വിഭാഗക്കാരനായ വേലൻ എന്ന വൃദ്ധന് വേണ്ടി അയൽവാസിയാണ് ഏഷ്യാനെറ്റ് ന്യൂസിന്‍റെ പ്രത്യേക സംവാദപരിപാടിയിലേക്ക് വിളിച്ചത്. ''ഞങ്ങളുടെ വീടിന്‍റെ അടുത്ത് ഒരു വയസ്സായ ആദിവാസിയുണ്ട് സാറേ. വേലനെന്നാ പേര്. വയ്യ. വീട്ടിലൊറ്റയ്ക്കാ. ഭാര്യ മരിച്ച് പോയി. മക്കളൊക്കെ വേറെയാ. ആരും സഹായിക്കാനില്ല'', എന്തെങ്കിലും സഹായമെത്തിക്കുമോ എന്ന് ചോദിച്ച് വിളിച്ചയാൾക്ക് പരിപാടി തീരുന്നതിന് മുമ്പേ മന്ത്രിയുടെ മറുപടിയെത്തി. 

വെള്ളമുണ്ടയിലെ വേലന് സൗജന്യറേഷൻ കിട്ടിയിട്ടുണ്ട്. എന്താണിനി സഹായം വേണ്ടെന്ന് അന്വേഷിക്കാൻ പ‍ഞ്ചായത്ത് സെക്രട്ടറി വേലന്‍റെ വീട്ടിലേക്ക് പോയിട്ടുണ്ടെന്ന് മന്ത്രി.

പള്ളുരുത്തിയിൽ നിന്നുള്ള അബു വിളിച്ചത്, ദിവസവരുമാനക്കാരിയായ കൈത്തറിത്തൊഴിലാളിയായ, ഭാര്യയ്ക്ക് ഇപ്പോൾ തൊഴിലില്ലാതായി എന്ന് പറഞ്ഞുകൊണ്ടാണ്. അബുവിന് വയസ്സായി. ആരോഗ്യപ്രശ്നങ്ങൾ മൂലം ജോലിക്ക് പോകാൻ വയ്യ, എന്തെങ്കിലും സഹായമെത്തിക്കാമോ എന്ന് മന്ത്രിയോട് അബു. അബുവിന്‍റെ വിലാസമെന്താണെന്ന് തിരക്കിയ മന്ത്രി, ഉടൻ നടപടിയെടുക്കാമെന്ന് ഉറപ്പ് നൽകി. 

വീടില്ലാത്തതിന്‍റെ പ്രശ്നം ഉടനടി കൊവിഡ് പ്രതിസന്ധി അവസാനിച്ച് കഴിഞ്ഞാൽ പരിഹരിക്കുമെന്ന് പറഞ്ഞ മന്ത്രി, ഇവർക്ക് വേണ്ട സഹായം വീട്ടിലെത്തിച്ച് നൽകാനുള്ള നടപടികൾ സ്വീകരിക്കുമെന്നും, അറിയിച്ചു.

പത്തനംതിട്ട നാലാം വാർഡിൽ നിന്ന് വിളിച്ച മുതിർന്ന പൗരനായ യോഹന്നാന്, അവിടെ അണുനശീകരണ നടപടികൾ സുഗമമല്ലെന്ന പരാതിയുണ്ടായിരുന്നു. പൊതുസ്ഥലങ്ങളിൽ അണുനശീകരണം നടത്തിയതാണെന്നും, വെള്ളത്തിൽ ക്ലോറിൻ ചേർത്തുള്ള ശുചീകരണം നടത്തുന്നില്ലെന്ന പരാതിയ്ക്ക് പരിഹാരമുണ്ടാക്കാമെന്നും മന്ത്രി അറിയിച്ചു. 

തത്സമയസംപ്രേഷണം: