പഴശ്ശി: കൊവിഡ് കാലത്തെ ഈ മാതൃദിനത്തിൽ കേരളം ഏറ്റവും കൂടുതൽ ഓർക്കുന്ന പേര് ആരുടേതാകും? സംശയമില്ല, ടീച്ചറമ്മയെന്നൊക്കെ ടിക് ടോക്കൻമാർ അടക്കം വിളിക്കുന്ന കേരളത്തിന്‍റെ ആരോഗ്യമന്ത്രി കെ കെ ശൈലജയുടേത് തന്നെ. നിന്ന് തിരിയാൻ നേരമില്ലാത്ത വിധം തിരക്കിന്‍റെ കാലമാണ്. പക്ഷേ, കൊവിഡ് പ്രതിരോധത്തി‍ന്‍റെ തിരക്കിൽ മാസങ്ങളായി തിരുവനന്തപുരത്ത് കഴിയുന്ന ടീച്ചറെ കാണാത്തതിൽ വലിയ പരിഭവമുള്ള ഒരാളുണ്ട് കണ്ണൂരിലെ വീട്ടിൽ. മറ്റാരുമല്ല, ഇപ്പുമോളെന്ന രണ്ടരവയസ്സുകാരി ഇഫയ ജഹനാര. 

എല്ലാ ദിവസവും കെ കെ ശൈലജ കുറച്ച് നേരം കണ്ടെത്തുന്നത് ഈ കുഞ്ഞുമക്കളെ കാണാനാണ്. മൂത്ത മകൻ ശോഭിതിന്‍റെ കുഞ്ഞ് അങ്ങ് ഗൾഫിലാണ്. രണ്ടാമത്തെ മകൻ ലസിതിന്‍റെ കുഞ്ഞ് കണ്ണൂരിലും. സാധാരണ എന്ത് തിരക്കുണ്ടായാലും രണ്ടാഴ്ച കൂടുമ്പോഴെങ്കിലും ശൈലജ ടീച്ചർ പഴശ്ശിയിലെ വീട്ടിലേക്ക് വരാറുള്ളതാണ്. കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ തിരക്ക് കാരണം മാസം മൂന്ന് കഴിഞ്ഞു ടീച്ചർ വീട്ടിലെത്തിയിട്ട്.

വേഗം വരാമെന്ന് റാറ്റ പറഞ്ഞ് അച്ഛമ്മ പോയിട്ട് മാസം മൂന്ന് കഴിഞ്ഞുവല്ലോ. പിണക്കത്തിലാണ് ഇപ്പുമോൾ. അച്ചാച്ചൻ അച്ചമ്മയ്ക്ക് വീഡിയോ കോൾ വിളിച്ചിട്ടും കണ്ട ഭാവം കാണിക്കുന്നില്ല ഇപ്പു. 

''കുഞ്ഞുമോൾക്ക് ഒരു പാട്ട് പാടിത്തരട്ടെ, ജോണി.. ജോണി...'', അച്ചമ്മ ചോദിക്കുന്നു. 'മേണ്ട' എന്ന മട്ടിൽ കുഞ്ഞു മഞ്ഞസൈക്കിളുന്തി ഇഫയക്കുഞ്ഞ് മുന്നോട്ട്. 

''വീഡിയോ കോള് അവള് സ്ഥിരം വിളിക്കുമ്പോ ചെലപ്പോ കുഞ്ഞ് ഓടി വരും. അച്ചമ്മാന്ന് വിളിച്ച്. കൊറോണയെല്ലം എന്തായീന്നൊക്കെ ചോദിക്കും'', എന്ന് ചിരിയോടെ ടീച്ചറുടെ ഭർത്താവ് ഭാസ്കരൻ മാഷ് പറയുന്നു.

ഭാസ്കരൻ മാഷ് മട്ടന്നൂർ നഗരസഭാ ചെയർമാനായിരുന്നു. ഇപ്പോൾ മാഷും മകൻ ലസിതുമെല്ലാം നാട്ടിലെ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ സജീവമാണ് താനും.

വീഡിയോ കാണാം: