തിരുവനന്തപുരം: കൊവിഡ് വ്യാപനം അതിരൂക്ഷമായി തിരുവനന്തപുരം നഗരസഭ. ഡെപ്യൂട്ടി മേയര്‍ അടക്കം ഏഴ് കൗൺസിലര്‍മാര്‍ക്കും 12 ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അടിയന്തിര ആവശ്യങ്ങൾക്കല്ലാതെ ഈ മാസം 30 വരെ പൊതുജനങ്ങൾ നഗരസഭയിലെത്തുന്നത് ഒഴിവാക്കണമെന്ന് മേയര്‍ കെ ശ്രീകുമാര്‍ അറിയിച്ചു. മുൻ കരുതൽ നടപടി സ്വീകരിച്ചതിനാലാണ് രോഗം ബാധിക്കുന്നത് തടയാൻ സാധിച്ചതെന്നും പ്രതിരോധ നടപടികൾ കര്‍ശനമായി പാലിക്കണമെന്നും മേയര്‍ ആവശ്യപ്പെട്ടു. 

കൊവിഡ് രോഗ വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ മുൻകരുതൽ നടപടികളും പ്രതിരോധ പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതമാക്കാനും നഗരസഭ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. നഗരസഭ ഇതിനായി ആക്ഷൻ പ്ലാൻ തന്നെ രൂപീകരിച്ചിട്ടുണ്ടെന്ന് മേയര്‍ വിശദീകരിച്ചു. കടകളിൽ നിയന്ത്രണം ശക്തമാക്കും. പ്രോട്ടോക്കോൾ ലംഘിക്കുന്നവരുടെ ലൈസെൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടികൾക്ക് മടിക്കില്ല, രോഗം ബാധിച്ചവരെ നിരീക്ഷിക്കുന്നതിന് സന്നദ്ധപ്രവര്‍ത്തകരെ നിയോഗിക്കാനും തീരുമാനം ആയി.