കുവൈത്ത് സിറ്റി: കുവൈത്തിൽ കൊവിഡ് 19 വർദ്ധിക്കുന്നു. പുതുതായി 215 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 85 പേർ ഇന്ത്യക്കാരാണ്. അസുഖബാധിതനായ ഒരാൾ കൂടി മരിച്ചതോടെ കുവൈത്തിൽ കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 15 ആയി.

കുവൈത്തിൽ ഏറ്റവും കൂടുതൽ കൊവിഡ് 19 സ്ഥിരീകച്ച ദിവസമായിരുന്നു വെള്ളിയാഴ്ച്ച. 215 പേർക്ക് ആണ് വൈറസ് ബാധിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം 2614 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 85 പേർ ഇന്ത്യക്കാരാണ്.  രാജ്യത്ത്  കോവിഡ് ബാധിതരായ ആകെ ഇന്ത്യക്കാരുടെ എണ്ണം 1395 ആയി. 

പുതിയ രോഗികളിൽ ഇന്ത്യക്കാർ ഉൾപ്പെടെ 198 പേർക്കു നേരത്തെ കോവിഡ് സ്ഥിരീകരിച്ചവരുമായുള്ള സമ്പർക്കത്തെ തുടർന്നാണ് വൈറസ് ബാധിച്ചത്. വിവിധ രാജ്യക്കാരായ  10 പേർക്ക് രോഗം ബാധിച്ചത് എങ്ങിനെയെന്ന് വ്യക്തമായിട്ടില്ല. ബ്രിട്ടനിൽ നിന്നും മടങ്ങിയെത്തിയ 7 കുവൈത്തികൾക്കും ഇന്ന് പുതുതായി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച ഒരു മരണം കൂടി  സ്ഥിരീകരിച്ചതോടെ രാജ്യത്തെ കോവിഡ് മരണ സംഖ്യ പതിനഞ്ചായി. തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന 55  വയസ്സുള്ള ബംഗ്ലാദേശ് പൗരനാണ് മരിച്ചത് . ചികിത്സയിലുണ്ടായിരുന്നവരിൽ 115 പേർ കൂടി രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ അസുഖം ഭേദമായവരുടെ എണ്ണം 613 ആയി. നിലവിൽ 1986 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 60 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 27 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. 

യു.എ.ഇയിൽ ഇന്ന് എട്ട് പേർ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്തെ മരണസംഖ്യ 64 ആയി ഉയർന്നു. 525 പേർക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചു. മൊത്തം രോഗബാധിതരുടെ എണ്ണം 9281 ആയിട്ടുണ്ട്. അതേസമയം 123 പേർക്ക് ഇന്ന് രോഗം ഭേദമായി. രോഗവിമുക്തി നേടിയവർ ഇപ്പോൾ 1760 ആയി. 32,000 പേരിൽ നടത്തിയ പരിശോധനകളിൽ നിന്നാണ് പുതിയ കേസുകൾ കണ്ടെത്തിയതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.