Asianet News MalayalamAsianet News Malayalam

സ്പ്രിംക്ളറിൽ സിപിഐയുടെ എതിർപ്പ് സമ്മതിച്ച് കോടിയേരി, പ്രതിസന്ധി കഴിഞ്ഞാൽ ചർച്ചയാകാം

എകെജി സെന്‍ററിലെ പതിവ് വാർത്താസമ്മേളനത്തിന് പകരം വീഡിയോ കോൺഫറൻസിംഗ് വഴിയായിരുന്നു ഇന്ന് കോടിയേരിയുടെ വാർത്താസമ്മേളനം. മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരായ ആരോപണം ചോദിച്ചപ്പോൾ ചാരക്കേസ് ഓർമിപ്പിച്ചു കോടിയേരി.

covid 19 sprinkler controversy cpim state secretary kodiyeri admits cpi expressed opposition
Author
Thiruvananthapuram, First Published Apr 23, 2020, 5:42 PM IST

തിരുവനന്തപുരം: സ്പ്രിംക്ളർ വിവാദത്തിൽ സിപിഐ എതിർപ്പ് രേഖപ്പെടുത്തിയെന്ന് സമ്മതിച്ച് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സ്പ്രിംക്ളർ വിവാദത്തെക്കുറിച്ച് വിശദാംശങ്ങൾ തേടി സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രനുമായി ഇന്നലെ ചർച്ച നടത്തിയെന്ന് വ്യക്തമാക്കിയ കോടിയേരി, പ്രതിസന്ധിഘട്ടം കഴിഞ്ഞാൽ മുന്നണിയിൽ വിഷയം വിശദമായി പരിശോധിക്കുമെന്ന് വ്യക്തമാക്കി. അതേസമയം, സ്പ്രിംക്ളർ ഇടപാട് പാർട്ടി ചർച്ച ചെയ്തിരുന്നില്ലെന്നും കോടിയേരി വ്യക്തമാക്കുന്നു. അതിനുള്ള സാവകാശം ആ സമയത്ത് ഉണ്ടായിരുന്നില്ല. എങ്കിലും, ദേശീയ തലത്തിൽ ഡാറ്റാ സുരക്ഷയെക്കുറിച്ചും, വിവരച്ചോർച്ചയെക്കുറിച്ചുമുള്ള ഇടത് നയത്തിന് വിരുദ്ധമായി കരാറിൽ ഒന്നുമില്ലെന്നും കോടിയേരി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരായ ആരോപണം ചോദിച്ചപ്പോൾ കെ കരുണാകരന് എതിരായ ചാരക്കേസ് ഓർമിപ്പിച്ചു കോടിയേരി.

''ഇപ്പോൾ മുഖ്യമന്ത്രിയുടെ കുടുംബത്തിന് എതിരായ ആരോപണങ്ങൾ കാണുമ്പോൾ എനിക്കോർമ വരുന്നത് ഐഎസ്ആർഒ ചാരക്കേസാണ്. കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ആ വിവാദങ്ങൾക്ക് തിരികൊളുത്തിയത്, ഇന്ന് കോൺഗ്രസിന്‍റെ തന്നെ നേതൃത്വത്തിലുള്ള ചിലരാണ്. ഇത് അവരുടെ സ്ഥിരം പരിപാടിയാണ്. കരുണാകരന്‍റെ കുടുംബത്തിനെതിരെ എന്തെല്ലാം ആരോപണങ്ങളാണ് അവരന്ന് ഉയർത്തിയത്'', എന്ന് കോടിയേരി. 

''മുഖ്യമന്ത്രിയുടെ മകൾക്കെതിരെ പ്രതിപക്ഷം ഉന്നയിച്ച വിവാദങ്ങളിൽ വസ്തുതയില്ല. പ്രതിപക്ഷം വെറുതെ വിവാദത്തിന് ഉപകഥയുണ്ടാക്കുകയാണ്. തെളിവുണ്ടെങ്കിൽ അത് നേരത്തേ പ്രതിപക്ഷം കൊണ്ടുവരേണ്ടതായിരുന്നല്ലോ. അതെന്തേ ചെയ്തില്ല?'', കോടിയേരി ചോദിക്കുന്നു. 

സംസ്ഥാനത്തെ കൊവിഡ് പ്രതിരോധപ്രവർത്തനം അട്ടിമറിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ഇന്ന് ലോകം കേരളത്തെക്കുറിച്ചാണ് ചർച്ച ചെയ്യുന്നത്. രാഹുൽ ഗാന്ധിയും ശശി തരൂർ എംപിയും കേരളത്തെയും സർക്കാരിനെയും അഭിനന്ദിച്ചു. എന്നിട്ടും ചിലർ ആദ്യം പ്രചരിപ്പിച്ചത് കേരളത്തിൽ കൊവിഡ് വരില്ലെന്നാണ്. മറ്റ് ചിലർ കൊവിഡ് പ്രതിരോധപ്രവർത്തനത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകരുതെന്നാണ് പറഞ്ഞുനടന്നതെന്നും കോടിയേരി.

സ്പ്രിംക്ളർ വിവാദം ഭാവിയിൽ തീർച്ചയായും മുന്നണിയിൽ ചർച്ച ചെയ്യുമെന്ന് കോടിയേരി പറയുന്നതിങ്ങനെ: ''ഭാവിപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുക ഇപ്പോഴത്തെ അനുഭവങ്ങൾ കൂടി സ്വാംശീകരിച്ചാകും. സിപിഐ സിപിഎമ്മുമായി സഹകരിച്ച് പ്രവർത്തിക്കുന്ന സഹോദരപ്പാർട്ടിയാണ്. എല്ലാ കാര്യങ്ങളും ഞങ്ങൾ പരസ്പരം ചർച്ച ചെയ്യും. അക്കാര്യത്തിൽ ഞങ്ങൾ തമ്മിൽ വൈമനസ്യമൊന്നുമില്ല. കാനവും ഞാനും തമ്മിൽ ഇന്നലെ ഇത് സംബന്ധിച്ച് ആശയവിനിമയം നടത്തി. ഞങ്ങൾ എല്ലാം സംസാരിച്ച് വ്യക്തത വരുത്തും'', എന്ന് കോടിയേരി.

''അസാധാരണഘട്ടത്തിൽ സ്വീകരിച്ച അസാധാരണ നടപടിയാണ് സ്പ്രിംക്ളറുമായി നടത്തിയ ഇടപാട്. പാർട്ടി നയം സംരക്ഷിക്കുന്ന തരത്തിലുള്ള വ്യവസ്ഥകൾ തന്നെയാണ് ഇതിലും ഉൾക്കൊള്ളിച്ചിട്ടുള്ളത്. സ്വകാര്യവിവരങ്ങൾ വാണിജ്യാവശ്യത്തിന് ഉപയോഗിക്കരുതെന്ന് പാർട്ടിയുടെ പ്രഖ്യാപിത നിലപാടാണ്. അത് സംരക്ഷിക്കുന്ന തരത്തിലുള്ള വ്യവസ്ഥകൾ തന്നെയാണ് കരാറിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്'', എന്ന് കോടിയേരി. 

Follow Us:
Download App:
  • android
  • ios