കൊച്ചി: കൊവിഡ് വിവരശേഖരണത്തിനായി അമേരിക്കൻ കമ്പനി സ്പ്രിൻക്ലറുമായി സംസ്ഥാന സർക്കാർ ഉണ്ടാക്കിയ കരാറിൽ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. കരാറിൽ കേന്ദ്ര ഏജൻസി ഫൊറൻസിക് ഓഡിറ്റിംഗ് നടത്തണമെന്നും കരാർ റദ്ദാക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെടുന്നു. 

കൊവിഡ് രോഗികളുടെ വിവര ശേഖരണം അമേരിക്കൻ കമ്പനി വഴി നടത്തുന്നതിൽ ദുരൂഹതയുണ്ടെന്നും വിഷയത്തിൽ കോടതി അടിയന്തര ഇടപെടൽ നടത്തണമെന്നുമാണ് തിരുവനന്തപുരം സ്വദേശി ബാലു ഗോപാലകൃഷ്ണൻ സമർപ്പിച്ച ഹർജിയിലെ ആവശ്യം. കൊവിഡ് രോഗവുമായി ബന്ധപ്പെട്ട് ഐസൊലേഷനിൽ കഴിയുന്നവരുടെ വിശദാംശങ്ങളാണ് കമ്പനിയുടെ സെർവറിൽ രേഖപ്പെടുത്തുന്നത്. 

അഞ്ച് ഫോമുകളിലായി ശേഖരിക്കപ്പെടുന്ന ഈ വിവരങ്ങളാണ് ഈ സോഫ്റ്റ്‍വെയർ ഉപയോഗിച്ച് വിശകലനം ചെയ്യുക:

1) വിദേശങ്ങളിൽ നിന്ന് എത്തിയ ആളുകളുടെ വിവരങ്ങൾ

2) ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളിൽ നിന്ന് എത്തിയവരുടെ വിവരങ്ങൾ

3) രോഗികളുമായി നിരന്തരം ഇടപെടേണ്ടി വരുന്നവരായ ആരോഗ്യമേഖലാ പ്രവർത്തകരുടെ വിവരങ്ങൾ

4) നമ്മുടെ സമൂഹത്തിൽ വളരെ വേഗം രോഗബാധിതരാകാൻ ഇടയുള്ളവരുടെ വിവരങ്ങൾ (ഈ നാല് വിവരങ്ങളും അതാത് വിഭാഗങ്ങളിൽ ഉൾപ്പടുന്നവർക്ക് സ്വമേധയായോ കുടുംബാംഗങ്ങളുടെ സഹായത്തോടെയോ നൽകാനാകുന്ന വിവരഫോർമാറ്റുകളായാണ് ഉൾപ്പെടുത്തിയിരിക്കുന്നത്)

5) ഓരോ ദിവസവും നിരീക്ഷണത്തിലുള്ളവരെ സന്ദർശിക്കുന്ന ആരോഗ്യപ്രവർത്തകർ നിരീക്ഷിക്കപ്പെടുന്നവരുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ചേർക്കേണ്ട വിവരങ്ങൾ.

ഇത് വിശകലനം ചെയ്ത് ലഭിക്കുന്ന വിവരങ്ങളാണ്, കേരളത്തിലെ കൊവിഡ് രോഗവ്യാപനമടക്കം സംബന്ധിച്ചുള്ള വിലയിരുത്തലുകൾക്ക് സംസ്ഥാനസർക്കാർ ഉപയോഗിക്കുന്നത്. 

ഡാറ്റാ മോഷണത്തിന് അമേരിക്കയിൽ കേസുള്ള കമ്പനിയാണ് കൊവിഡ് ഡാറ്റാ ശേഖരണത്തിനായി സർക്കാർ നിയോഗിച്ച സ്പ്രിംക്ളർ എന്ന് ഹർജിയിൽ ആരോപിക്കുന്നു. കേരളത്തിൽ സി - ഡിറ്റ് പോലുള്ള സ്ഥാപനങ്ങൾ ഉള്ളപ്പോഴാണ് അമേരിക്കൻ കമ്പനിയെ ഇതിനായി തെരഞ്ഞെടുത്തത്. കരാറിൽ അടിമുടി അഴിമതിയുണ്ടെന്നും ഈ സാഹചര്യത്തിൽ വിവരങ്ങൾ രേഖപ്പെടുത്തുന്നത് അടിയന്തരമായി നിർത്തിവെക്കാൻ ഉത്തരവിടണമെന്നും ഹർജിക്കാരൻ ആവശ്യപ്പെടുന്നു. കൊവിഡ് രോഗികളുടെ വിവരണ ശേഖരണം സർക്കാർ ഏജൻസിക്ക് കൈമൈാറണം. ഡാറ്റ ഒന്നും അമേരിക്കൻ കമ്പനിയുടെ സർവ്വറിൽ ശേഖരിക്കുന്നില്ലെന്ന മുഖ്യമന്ത്രിയുടെ വിശദീകരണം കളവാണ്. ഈ സാഹചര്യത്തിൽ കേന്ദ്ര ഏജൻസിയെക്കൊണ്ട് ഫൊറൻസിക് ഓഡിറ്റിംഗ് നടത്താൻ ഉത്തരവിടണമെന്നും ഹർജിക്കാരൻ ആവശ്യപ്പെടുന്നു. 

സ്പ്രിംക്ളറുമായി സംസ്ഥാനസർക്കാർ ഉണ്ടാക്കിയ കരാറിൽ അടിമുടി അഴിമതിയാണെന്ന ആരോപണം ആവർത്തിച്ച് ഇന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും രംഗത്ത് വന്നിരുന്നു. ഹ‍ർജി നാളെ ഹൈക്കോടതി പരിഗണിക്കും.