ഇടുക്കി: ഇടുക്കി മൂന്നാറിലെ കൊവിഡ് ബാധിതന്റെ രോഗ ഉറവിടം കണ്ടെത്താനാവാത്തത് ആരോഗ്യവകുപ്പിന് തലവേദനയാകുന്നു. ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഡ്രൈവർമാരെ നിരീക്ഷണത്തിലാക്കിയ കേന്ദ്രത്തിലെ ശുചീകരണത്തൊഴിലാളിയാണ് ഇയാളെന്നതാണ് ആശങ്ക വർദ്ധിപ്പിക്കുന്നത്. അതേസമയം റെഡ് സോണിലായതോടെ ജില്ലയിൽ ഇന്ന് മുതൽ കർശന നിയന്ത്രണങ്ങൾ ഉണ്ടാവും.

ഇന്നലെ ഇടുക്കിയിൽ കൊവിഡ് സ്ഥിരീകരിച്ച നാല് പേരിൽ മൂന്നാറിലെ അറുപതുകാരൻ ഒഴികെയുള്ളവർ സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നവരാണ്. ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തിയ ഡ്രൈവർമാരെ നിർബന്ധിത നിരീക്ഷണത്തിലാക്കിയ കേന്ദ്രത്തിലെ ശുചീകരണത്തൊഴിലാളിയാണ് ഇയാൾ. ഇവിടെയുള്ള മുഴുവൻ പേരുടെയും കൊവിഡ് പരിശോധന ഇതുവരെ പൂർത്തിയായിട്ടില്ല. ഇവരിൽ ആരിൽ നിന്നെങ്കിലുമാണ് രോഗം പകർന്നതെങ്കിൽ വിഷയം ഗുരുതരമാണ്. 

ആരോഗ്യപ്രവർത്തകർക്കും ഈ ആശങ്കയുണ്ട്. മുപ്പതിലധികം വരുന്ന ഡ്രൈവർമാരെ ഉടനെ പരിശോധനക്ക് വിധേയരാക്കാനാണ് തീരുമാനം. അതേസമയം റെഡ് സോണിൽ കയറിയതോടെ ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ്. അടിയന്തര കാര്യങ്ങൾക്ക് മാത്രമാണ് ഇനി ജനങ്ങൾക്ക് പുറത്തിറങ്ങാനാവുക. അവശ്യ സാധനൾ വിൽക്കുന്ന കടകൾക്ക് 11 മുതൽ 5 വരെ തുറക്കാം. ചികിത്സക്ക് ഒഴികെയുള്ള ജില്ലക്ക് പുറത്തേക്കുള്ള യാത്രകൾക്ക് വിലക്കുണ്ട്. പുതിയ പതിനാല് കേസുകളിൽ ഭൂരിഭാഗവും ഇതരസംസ്ഥാനത്ത് നിന്ന് വന്നവരായതിനാൽ അതിർത്തികളിലെ പരിശോധനയും വർദ്ധിപ്പിച്ചിട്ടുണ്ട്.