തൃശ്ശൂര്‍:  ജില്ലയിലെ മുഴുവൻ സ്വകാര്യ ആശുപത്രികളിലും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനം. അമല മെഡിക്കൽ കോളജ് ആശുപത്രിയിൽ സമ്പര്‍ക്ക കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണിത്.കഴിഞ്ഞ ദിവസം ഇവിടെ രണ്ട് ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

കോവിഡ് രോഗലക്ഷണങ്ങളോടെ വരുന്നവർക്കായി ഒ.പി, ഐപി വിഭാഗങ്ങളിൽ പ്രത്യേക സജ്ജീകരണങ്ങൾ ഏർപ്പെടുത്തണം. കോവിഡ് വാർഡുകളിൽ ഡോക്ടർമാർ, നഴ്‌സുമാർ, ശുചീകരണ ജീവനക്കാർ എന്നിവരടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിക്കണം. വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ ഉപയോഗിച്ച് മാത്രമേ കോവിഡ് രോഗികളുടെ അടുത്ത് പോകാവൂ. 

ഈ പ്രത്യേക സംഘം ആശുപത്രിയുടെ മറ്റ് പ്രദേശങ്ങളിലേക്ക് പ്രവേശിക്കുവാനോ മറ്റ് രോഗികളുമായി
ഇടപഴകാനോ പാടില്ല തുടങ്ങിയ നിർദേശങ്ങൾ ജില്ലാ ഭരണകൂടം നൽകി.