കൊല്ലം: അതിജീവനത്തിന്‍റെ നല്ല മാതൃകയാണ് കൊവിഡ് രോഗ മുക്തി നേടിയ 105 കാരി അസ്മ ബീവി. താനിപ്പോഴും ആരോഗ്യവതിയാണെന്നാണ് സംസ്ഥാനത്തെ ഏറ്റവും പ്രായം കൂടിയ കൊവിഡ് രോഗിയായിരുന്ന അസ്മ ബീവി പറയുന്നത്.

കൊവിഡിന് മുന്നില്‍ തളരുന്നവര്‍ക്ക് മാതൃകയാണ് അഞ്ചല്‍ സ്വദേശി 105 കാരി അസ്മ ബീവി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച് ആശുപത്രിയിലെത്തിക്കുമ്പോൾ ആശുപത്രി അധികൃതര്‍ക്ക് ആശങ്ക ഉണ്ടായിരുന്നു. അതുകൊണ്ട് അസ്മ ബീവിയുടെ പരിചരണത്തിന് പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിച്ചു. എന്നാല്‍ മഹാമാരിക്ക് മുന്നിലും അസ്മ ബീവി കുലുങ്ങിയില്ല. ഒമ്പത് ദിവസത്തെ ചികിത്സ. പത്താംനാള്‍ ഡിസ്ചാര്‍ജ്. ഇപ്പോഴും ഉഷാറെണെന്നാണ് അസ്മാബീവി പറയുന്നത്. ഭക്ഷണമൊക്കെ നല്ല രീതിയിൽ കഴിക്കണം. പേടി ഒന്നും വേണ്ട എന്നാണ് രോഗ ബാധിതരാകുന്നവരോട് അസ്മ ബീവിക്ക് പറയാനുള്ളത്.