കാസര്‍കോട്: കൊവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പിന്‍റെ മുന്നറിയിപ്പ് അവഗണിച്ച് കാസര്‍കോട്ടെ ഒരു ക്ഷേത്രത്തില്‍ ഉത്സവം. കാസര്‍കോട് കുമ്പള പെർണ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തലാണ് ഉത്സവം നടക്കുന്നത്. അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ഉത്സവം ഇന്നാണ് തുടക്കിയത്.

വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കൂടുതൽ ആളുകളെ പങ്കെടുപ്പിക്കുന്ന പരിപാടികള്‍ ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പും പൊലീസും നിർദേശം നൽകിയിരുന്നു. ഇത് അവഗണിച്ചാണ് ഉത്സവം നടക്കുന്നത്. ഉത്സവങ്ങൾ ചടങ്ങ് മാത്രമാക്കി കുറയ്ക്കണമെന്നായിരുന്നു നിർദേശം. വിവാഹങ്ങൾ അത്യാവശ്യം വേണ്ടവരെ മാത്രം ഉൾപ്പെടുത്തി ചടങ്ങ് മാത്രം നടത്തണമെന്നും മരണാനന്തര ചടങ്ങുകളിൽ വരെ കൂടുതൽ ആൾക്കാരെ പങ്കെടുപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചിരുന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിച്ച് ഗുരുവായൂർ ക്ഷേത്രം ഉള്‍പ്പെടെയുള്ള പല ക്ഷേത്രങ്ങളും ഉത്സവങ്ങള്‍ ചടങ്ങ് മാത്രമായി ചുരുക്കിയിരുന്നു.

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലെ രഥോത്സവവും ചടങ്ങ് മാത്രമായി ചുരുക്കാൻ തീരുമാനിച്ചു. പത്ത് ദിവസം നീണ്ട് നിൽക്കുന്ന ഉത്സവമാണ് ചടങ്ങ് മാത്രമായി ചുരുക്കുന്നത്. ആരാധനാലയങ്ങളിലെ ഉത്സവമടക്കമുള്ള പരിപാടികൾ ചടങ്ങുകൾ മാത്രമാക്കി നടത്തണമെന്ന കർണാടക സർക്കാരിന്‍റെ നിർദേശത്തെ തുടര്‍ന്നാണ് തീരുമാനം.

Also Read: കൊവിഡ് ജാഗ്രത: കൊല്ലൂരിൽ രഥോത്സവം ചടങ്ങ് മാത്രമായി ചുരുക്കും

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക