കോഴിക്കോട്: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുന്നതിനൊപ്പം ലക്ഷണമുള്ള രോഗികളുടെ എണ്ണവും വര്‍ദ്ധിക്കുന്നത് ആരോഗ്യ വകുപ്പിന് വെല്ലുവിളിയാകുന്നു. ലക്ഷണമുള്ള രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ വീടുകളിൽ തന്നെ പരമാവധി ചികിൽസ നൽകാനാണ് ആരോഗ്യ വകുപ്പിന്‍റെ നീക്കം.

ഇളവുകളുടെ സാഹചര്യത്തിൽ, ഓണം കഴിഞ്ഞാലുടന്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതേ വഴിയിലാണ് കാര്യങ്ങളുടെ പോക്ക്. ഒരു നിശ്ചിത എണ്ണം ആളുകളില്‍ കൊവിഡ് പരിശോധന നടത്തുമ്പോള്‍ എത്ര പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നു എന്നതാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 

കേരളത്തില്‍ ആദ്യ ഘട്ടത്തില്‍ ഒന്നര ശതമാനത്തില്‍ താഴെ ആയിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കെങ്കില്‍ ഇപ്പോള്‍ സാഹചര്യം മാറിയിരിക്കുന്നു. കോഴിക്കോട് പാളയത്ത് 760 പേരെ പരിശോധിച്ചതില്‍ 232 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. അതായത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തോളം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തില്‍ അധികമായാല്‍ അത് സമൂഹ വ്യാപനത്തിന്‍റെ സൂചനയെന്നാണ് ആരോഗ്യ വിധഗ്ധര്‍ പറയുന്നത്. 

ലക്ഷണമുളള രോഗികളുടെ എണ്ണവും അനുദിനം പെരുകുകയാണ്. ഓഗസ്റ്റ് അവസാനം വരെ കേരളത്തില്‍ 20 ശതമാനം കൊവിഡ് രോഗികള്‍ക്കെ ലക്ഷണമുണ്ടായിരുന്നുളളൂ. എന്നാല്‍ ഇപ്പോഴിത് പല ജില്ലകളിലും 33 ശതമാനമായി ഉയര്‍ന്നിരിക്കുന്നു. ഈ സാഹചര്യത്തില്‍ രോഗലക്ഷണങ്ങളില്ലാത്തവരെ വീടുകളിൽ തന്നെ ചികിൽസിക്കാനാണ് നീക്കം. ലക്ഷണങ്ങളുളളവരുടെ എണ്ണം ഉയര്‍ന്നാല്‍ വെന്‍റിലേറ്റര്‍ ഉള്‍പ്പെടെ ആശുപത്രികളിലെ സൗകര്യങ്ങള്‍ മതിയാകാതെ വരും. ഇത് മുന്‍കൂട്ടി കണ്ട് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളില്‍ ലക്ഷണങ്ങളില്ലാത്തവര്‍ക്ക് ചികില്‍സ നല്‍കുന്ന രീതി അവസാനിപ്പിക്കാനും ഇത്തരം കേന്ദ്രങ്ങളില്‍ ലക്ഷണങ്ങള്‍ ഉളളവര്‍ക്ക് ചികില്‍സ നല്‍കാനും ആലോചിക്കുന്നുണ്ട്. 

അങ്ങനെ വന്നാലും ഇത്തരം കേന്ദ്രങ്ങളിലേക്ക് വേണ്ടത്ര ആരോഗ്യ പ്രവര്‍ത്തകരെ കണ്ടെത്താനാകുമോ എന്നതില്‍ ആരോഗ്യ വകുപ്പിന് ഉറപ്പില്ല. ചുരുക്കത്തില്‍ കേരളം കൊവിഡ് വ്യാപനത്തിന്‍റെ ഏറ്റവും തീവ്രമായ ഘട്ടത്തിലേക്കാണ് കടക്കുന്നത്.