തിരുവനന്തപുരം: പത്തൊമ്പത് ദിവസം കൂടി രാജ്യത്ത് ലോക്ക് ഡൗൺ നീട്ടിയ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പുറകെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് ധനമന്ത്രി തോമസ് ഐസക്. കൊവിഡ് പ്രതിരോത്തിന് കേന്ദ്രം പ്രഖ്യാപിക്കുന്ന നടപടികളെ അനുസരിക്കാനും പാലിക്കാനും തയ്യാറാണ്. അതിനെ എല്ലാം സ്വാഗതം ചെയ്യുന്നു. അതേ സമയം വീട്ടിൽ അടച്ച് പൂട്ടിയിരിക്കേണ്ട സാധാരണക്കാരന്‍റെ ഉപജീവനം കൂടി ഉറപ്പ് വരുത്തേണ്ടതുണ്ടെന്നും തോമസ് ഐസക് പ്രതികരിച്ചു. 

സാധാരണക്കാരുടെ ഉപജീവനം ഉറപ്പാക്കാനുള്ള നടപടികളും കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതുണ്ട്. പാവപ്പെട്ടവന് വേണ്ടത് പണമാണ്. അത് എത്തിക്കാനുള്ള നടപടികൾ ഉണ്ടാകണമെന്നും തോമസ് ഐസക് തിരുവനന്തപുരത്ത് പറ‍ഞ്ഞു. ഭക്ഷണവും പണവും നൽകണം. സംസ്ഥാനങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾ പരിഹരിക്കാനുള്ള പരിശ്രമങ്ങൾ കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകണം. റിസര്‍വ്വ് ബാങ്ക് വഴി വായ്പ ലഭ്യമാക്കാൻ കേന്ദ്ര ഇടപെടലുണ്ടാകണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു.