തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ആറ് ദിവസത്തെ ശമ്പളം പിടിക്കാനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിൽ തുടർനടപടികൾ നിയമവിദഗ്ധരുമായി ആലോചിച്ച് ചെയ്യുമെന്ന് ധനമന്ത്രി തോമസ് ഐസക്. ശമ്പളം വഴിയല്ലാതെ പണം എവിടെ നിന്ന് കിട്ടുമെന്ന് വിശദമായി ആലോചിക്കേണ്ടി വരും. സർക്കാർ അസാധാരണമായ പ്രതിസന്ധിയിൽ ഉഴലുമ്പോഴും ചിലർ സർക്കാരിന് ഒരു സഹായവും ചെയ്യില്ല എന്ന തീരുമാനവുമായി ഇരിക്കുകയാണെന്നും, തോമസ് ഐസക് വിമർശിച്ചു. കേരളത്തിന്‍റെ ശമ്പളം പിടിക്കാനുള്ള ഉത്തരവ് സ്റ്റേ ചെയ്യുകയാണെങ്കിൽ മറ്റ് സംസ്ഥാനങ്ങളുടെ ഉത്തരവുകളും സ്റ്റേ ആകുമെന്നാണ് തന്‍റെ അറിവെന്നും തോമസ് ഐസക് വ്യക്തമാക്കുന്നു. 

ശമ്പളം എന്ന് തിരികെ നൽകുമെന്ന പരാമർശം ഉത്തരവിൽ ഇല്ലാതിരുന്നത് തിരിച്ചടിയായോ എന്ന ചോദ്യത്തിന്, ഈ അസാധാരണമായ പ്രതിസന്ധികാലത്ത് എന്ന് ശമ്പളം തിരിച്ച് നൽകാനാകുമെന്ന് ഇപ്പോൾ ഞാനെങ്ങനെ പറയും എന്നായിരുന്നു മന്ത്രിയുടെ മറുചോദ്യം. 

''കോടതി വിധി ലഭിച്ചതിന് ശേഷം വിശദമായി പ്രതികരിക്കാം. ഈ സാലറി ഉത്തരവിന് സ്റ്റേ വന്നാൽ മറ്റ് സംസ്ഥാനങ്ങളുടെ ഉത്തരവുകളും സ്റ്റേ ആകും. ഉത്തരവ് നിയമപരമാക്കുന്നതിന് എന്ത് വേണമെന്ന് ആലോചിക്കും. ഈ പ്രതിസന്ധികാലത്തും കേരളത്തിലെ ചിലരുടെ മാനസികാവസ്ഥ ഇങ്ങനെയാണെന്നത് അത്യന്തം ദൗർഭാഗ്യകരമാണ്. വൈകിട്ട് വിശദമായി പ്രതികരിക്കാം'', എന്നും തോമസ് ഐസക്. 

കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുകയാണ് സർക്കാർ. വിവിധ മേഖലകളിലെ വേതന, പ്രവർത്തന നഷ്ടത്തിലൂടെ ഏതാണ്ട് 80,000 കോടി രൂപയുടെ നഷ്ടത്തിലാണ് സർക്കാർ ഖജനാവ് എന്ന് സർക്കാർ തന്നെ വ്യക്തമാക്കിയിരുന്നതാണ്. ജനങ്ങൾ വലയുന്ന സാഹചര്യത്തിൽ അവർക്കായി ക്ഷേമപദ്ധതികൾ നടപ്പാക്കിയേ തീരൂ താനും. ഈ സാഹചര്യത്തിലാണ് സർക്കാർ ജീവനക്കാരോട് സഹകരണം അഭ്യ‍ർത്ഥിച്ച് സർക്കാർ സാലറി താൽക്കാലികമായി പിടിച്ച് വയ്ക്കാനുള്ള ഉത്തരവ് പുറത്തിറക്കുന്നത്. 

ശമ്പളബില്ലുകൾ മാറാനുള്ള സമയം വൈകിയ സാഹചര്യത്തിൽ ഇനിയെന്ത് ചെയ്യും സംസ്ഥാനസർക്കാർ എന്നത് നിർണായകമാണ്. വൈകി വന്ന ഈ ഉത്തരവിനെച്ചൊല്ലി അത്തരത്തിൽ ഒരു ആശയക്കുഴപ്പം ധനവകുപ്പിലുണ്ടെന്നും വ്യക്തമാണ്.  

സംസ്ഥാനസർക്കാർ ശമ്പളം താൽക്കാലികമായി പിടിച്ചുവയ്ക്കുമെന്ന് കാണിച്ച് പുറത്തിറക്കിയ ഉത്തരവ് നിയമപരമല്ല എന്ന് കാണിച്ചാണ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തത്. ഇതിനായി എക്സിക്യൂട്ടീവ് ഓർഡർ പോര, സർവീസ് ചട്ടം തന്നെ ഭേദഗതി ചെയ്യണമെന്ന് നേരത്തേ തന്നെ പല അഭിപ്രായങ്ങളും നേരത്തേ ഉയർന്നുവന്നിരുന്നു. ഇതിനായി അടിയന്തരമായി ഒരു ഓർഡിനൻസ് കൊണ്ടുവന്ന് അത് പാസ്സാക്കേണ്ടതായിരുന്നുവെന്നും അഭിപ്രായമുയർന്നതാണ്. ഇതൊരു നിയമപരമായ പ്രശ്നമാണ്. അതിനാൽത്തന്നെ നിയമപരമായി മാത്രമേ ഇതിനെ കൈകാര്യം ചെയ്യാനാകൂ എന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. 

സർവീസ് ചട്ടപ്രകാരം സർക്കാർ ജീവനക്കാർക്ക് കിട്ടുന്ന ശമ്പളം അവരുടെ സേവനത്തിന് ലഭിക്കുന്ന വേതനമാണ്. ഇത് പിടിച്ചുവയ്ക്കാൻ സർക്കാരിന് സർവീസ് ചട്ടപ്രകാരം കഴിയില്ല. ജീവനക്കാർക്ക് ഇത് സ്വമേധയാ സംഭാവനയായി നൽകാൻ മാത്രമേ കഴിയൂ. അതിനാൽത്തന്നെയാണ് പ്രളയകാലത്തുണ്ടായിരുന്ന സാലറി ചാലഞ്ചും ഇപ്പോൾ തൽക്കാലം ശമ്പളം പിടിച്ചു വയ്ക്കാനുള്ള ഉത്തരവും രണ്ടും രണ്ടായി കണക്കാക്കുന്നത്. 

കേന്ദ്ര മന്ത്രിമാരുടെ അടക്കം ശമ്പളം മുപ്പത് ശതമാനം വെട്ടിക്കുറയ്ക്കാനുള്ള ഉത്തരവ് ഓർഡിനൻസ് ആയിട്ടാണ് കേന്ദ്രസർക്കാർ പുറത്തിറക്കിയത്. സമാനമായ രീതിയിൽ കേരളവും ഒരു ഓർഡിനൻസ് കൊണ്ടുവരണമായിരുന്നുവെന്നും ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. എന്നാൽ എപ്പിഡമിക്സ് ഡിസീസസ് ആക്ടും, ഡിസാസ്റ്റർ മാനേജ്മെന്‍റ് ആക്ടും അനുസരിച്ച് ശമ്പളം പിടിക്കാൻ നിലവിലെ അടിയന്തരസാഹചര്യത്തിൽ സംസ്ഥാനസർക്കാരിന് കഴിയുമെന്നും 80,000 കോടി രൂപയുടെ നഷ്ടത്തിലാണ് സർക്കാരെന്നും കോടതിയിൽ സർക്കാർ വാദിച്ചിരുന്നു. 

ഇതോടൊപ്പം തന്നെ, നിലവിൽ തൽക്കാലം ഒരു മാസത്തെ ശമ്പളം അഞ്ച് മാസം കൊണ്ട് തൽക്കാലം പിടിച്ചുവയ്ക്കുമെന്ന് ഉത്തരവിൽ പറയുമ്പോഴും അത് എന്ന് തിരിച്ചുകൊടുക്കുമെന്ന് ഉത്തരവിലുണ്ടായിരുന്നില്ല. അത് സർക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടായ ഒരു ജാഗ്രതക്കുറവാണെന്നും അഭിപ്രായമുയർന്നിരുന്നു.  ഇതടക്കം ചൂണ്ടിക്കാട്ടിയാണ് സർവീസ് സംഘടനകൾ പ്രതിഷേധമുയർത്തിയതും കോടതിയിൽ പോയതും.